Auto
bajaj freedom 125 cng bike
Auto

‘ഫ്രീഡം 125’; ലോകത്തിലെ ആദ്യ സി.എൻ.ജി ബൈക്ക് പുറത്തിറക്കി ബജാജ്

Web Desk
|
5 July 2024 10:33 AM GMT

ഒരു കിലോ ഗ്രാം സി.എൻ.ജി ഉപയോഗിച്ച് 102 കിലോമീറ്റർ വരെ സഞ്ചരിക്കാം

കംപ്രസ്ഡ് നാച്വുറൽ ഗ്യാസിൽ (സി.എൻ.ജി) പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ മോട്ടോർ ബൈക്കായ ‘ഫ്രീഡം 125’ പുറത്തിറക്കി ബജാജ് ഓട്ടോ. 95,000 രൂപ (എക്സ് ഷോറൂം) മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഡ്രം, ഡ്രം എൽ.ഇ.ഡി, ഡിസ്ക് എൽ.ഇ.ഡി എന്നീ മൂന്ന് വേരിയന്റുകളിൽ ബൈക്ക് ലഭ്യമാണ്.

രണ്ട് കിലോ ഗ്രാമിന്റെ സി.എൻ.ജി സിലിണ്ടറാണ് വാഹനത്തിലുള്ളത്. സീറ്റിനടിയിലാണ് ഇതിന്റെ സ്ഥാനം. കൂടാതെ രണ്ട് ലിറ്ററിന്റെ പെട്രോൾ ടാങ്കുമുണ്ട്. പെട്രോളിലും സി.എൻ.ജിയിലുമായി 330 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാമെന്ന് ബജാജ് അവകാപ്പെടുന്നു.

ഒരു കിലോ ഗ്രാം സി.എൻ.ജി ഉപയോഗിച്ച് 102 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഇത് ദൈനംദിന ചെലവിൽ 50 ശതമാനത്തിന്റെ കുറവിന് സഹായകമാകും. കൂടാതെ കാർബൺ ഡൈ ഓക്സൈഡിന്റെ ബഹിർഗമനത്തിൽ 26 ശതമാനം കുറവുമുണ്ടാകും. 125 സി.സിയുടെ സാധാരണ ബൈക്കുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ച് വർഷം കൊണ്ട് 75,000 രൂപ ഇന്ധനച്ചെലവിൽ ലാഭിക്കാമെന്നും കമ്പനി പറയുന്നു.

125 സി.സി വരുന്ന സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിലുള്ളത്. ഈ എൻജിൻ 9.4 ബി.എച്ച്.പിയും 9.7 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. വട്ടത്തിലുള്ള എൽ.ഇ.ഡി ഹെഡ്‍ലാംപ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള എൽ.സി.ഡി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയെല്ലാം വാഹനത്തിലുണ്ട്. 785 എം.എം നീളമാണ് സീറ്റിന്. ഇത് ബൈക്കുകളിൽ ലോകത്തിലെ ഏറ്റവും നീളമുള്ള സീറ്റാണെന്നാണ് ബജാജ് അവകാശപ്പെടുന്നത്.

നിരവധി സുരക്ഷ പരിശോധനകൾക്ക് ശേഷമാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്. സി.എൻ.ജി ടാങ്കിന്റെ സമഗ്രത പരിശോധിക്കാനായി ആഘാത പരിശോധന, ട്രക്ക് റൺഓവർ പരിശോധന എന്നിവയടക്കം 11 ടെസ്റ്റുകൾക്ക് വാഹനം വിധേയമായിട്ടുണ്ട്. ഫ്രീഡം 125 ഏഴ് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.

Similar Posts