Auto
കുതിച്ചു കയറി ബുക്കിങ് കാലയളവ്; രണ്ടു വർഷം വരെ കാത്തിരിക്കണം എക്‌സ്‌യുവി 700 കൈയിൽ കിട്ടാൻ
Auto

കുതിച്ചു കയറി ബുക്കിങ് കാലയളവ്; രണ്ടു വർഷം വരെ കാത്തിരിക്കണം എക്‌സ്‌യുവി 700 കൈയിൽ കിട്ടാൻ

Web Desk
|
28 Jan 2022 12:07 PM GMT

എക്‌സ്‌യുവി 700 ന്റെ എല്ലാ മോഡലുകളിലുമായി ഒരു ലക്ഷം ബുക്കിങുകളാണ് ഇതുവരെ മഹീന്ദ്രക്ക് ലഭിച്ചത്.

കഴിഞ്ഞ വർഷം മഹീന്ദ്രയുടെ മാസ്റ്റർ സ്‌ട്രോക്കായിരുന്നു എക്‌സ്‌യുവി 700. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് അവതരിപ്പിച്ച മുതൽ വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. എന്നാൽ ബുക്കിങുകൾ കൂമ്പാരമായെങ്കിലും വാഹനത്തിന്റെ ഉത്പാദനവും ഡെലിവറിയും അത്ര വേഗത്തിലായില്ല.ഓഗസ്റ്റിൽ ലോഞ്ച് ചെയ്‌തെങ്കിലും കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് മാത്രമാണ് ബുക്കിങ് ആരംഭിച്ചത്. ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ 50,000 ബുക്കിങുകൾ വാഹനത്തിന് ലഭിച്ചു.

എക്‌സ്‌യുവി 700 ന്റെ എല്ലാ മോഡലുകളിലുമായി ഒരു ലക്ഷം ബുക്കിങുകളാണ് ഇതുവരെ മഹീന്ദ്രക്ക് ലഭിച്ചത്. അതിൽ ഇതുവരെ 14,000 കാറുകൾ മാത്രമാണ് കമ്പനിക്ക് കൈമാറാൻ സാധിച്ചത്. 86,000ത്തിലധികം ഉപഭോക്താക്കൾ ഇപ്പോൾ എക്‌സ്‌യുവി 700 നെ കാത്തു നിൽക്കുന്നുണ്ട്.

കോവിഡ്, സെമി കണ്ടക്ടർ ക്ഷാമം ഇതൊക്കെയാണ് ഇത്തരത്തിലൊരു അവസ്ഥയിലേക്ക് എത്താൻ കാരണം. ബുക്കിങുകൾ പെൻഡിങ് ആയതോടെ പുതിയ ബുക്കിങുളുടെ കാത്തിരിപ്പ് സമയവും നീണ്ടു. ഏറ്റവും ടോപ് എൻഡ് മോഡലായ എഎക്‌സ്7 ലക്ഷ്വറി വേരിയന്റിന്റെ ബുക്ക് ചെയ്താൽ വാഹനം കൈയിൽ കിട്ടാൻ ഒരു വർഷവും എട്ടു മാസവും കൃത്യമായി പറഞ്ഞാൽ 84 ആഴ്ചകൾ കാത്തു നിൽക്കണം. ബാക്കി വേരിയന്റുകളായ എഎക്‌സ് 3, എഎക്‌സ് 5, എഎക്‌സ് 7 എന്നിവയ്ക്ക് കാത്തിരിപ്പ് സമയം ചുരുങ്ങിയത് എട്ടു മാസമാണ്. ബേസ് മോഡലായ എംഎക്‌സ് പോലും ഇപ്പോൾ ബുക്ക് ചെയ്താൽ ഏഴു മാസം കഴിഞ്ഞു മാത്രമേ കൈയിൽ കിട്ടുകയുള്ളൂ.

2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിനുകളിൽ ലഭിക്കുന്ന ഈ 7 സീറ്ററിന് 12.96 ലക്ഷം മുതൽ 23.80 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

Similar Posts