ചിപ്പ് ക്ഷാമം; മാരുതിയുടെ വാഹനങ്ങള്ക്കായി കാത്തിരിക്കുന്നത് രണ്ടുലക്ഷത്തോളം പേര്
|ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന പാസഞ്ചർ കാർ മാരുതി സുസുക്കി അവരുടെ പ്രീമിയം ഔട്ട്ലെറ്റായ നെക്സ വഴി വിൽക്കുന്ന ബലേനോയാണ്.
ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളിലൊന്നാണ് ഇന്ത്യ. അതിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്ന സമയമാണ് ഉത്സവകാലം. ഇത്തവണ പക്ഷേ കാറുകൾക്ക് ബുക്കിങ് വർധിച്ചെങ്കിലും ആ വാഹനങ്ങളുടെ ഡെലിവറി പൂർത്തിയാക്കാൻ കാർ നിർമാതാക്കൾക്ക് സാധിച്ചിട്ടില്ല. 4,81,200 ആൾക്കാരാണ് ഇപ്പോൾ കാർ ബുക്ക് ചെയ്ത് ഡെലിവറിക്കായി കാത്തു നിൽക്കുന്നത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ വിൽക്കുന്ന മാരുതി സുസുക്കിയുടെ കാറുകൾക്കാണ് ഏറ്റവും കൂടുതൽ ബുക്കിങ് പൂർത്തിയാക്കാനുള്ളത്. 2,10,000 ആൾക്കാരാണ് മാരുതിയുടെ വാഹനത്തിനായി കാത്തുനിൽക്കുന്നത്. വർഷങ്ങളായി തുടരുന്ന ഇന്ത്യൻ വാഹനവിപണിയിലെ മാരുതിയുടെ ആധിപത്യം കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന പാസഞ്ചർ കാർ മാരുതി സുസുക്കി അവരുടെ പ്രീമിയം ഔട്ട്ലെറ്റായ നെക്സ വഴി വിൽക്കുന്ന ബലേനോയാണ്.
ഹ്യുണ്ടായി-1,00,000, മഹീന്ദ്ര-80,000, കിയ-60,000, ടാറ്റ-20,000, എംജി-10,000, മെഴ്സിഡസ്-1,200 എന്നിങ്ങനെയാണ് മറ്റുവാഹന കമ്പനികൾ ഡെലിവറി ചെയ്യാൻ കാത്തിരിക്കുന്ന വാഹനങ്ങളുടെ എണ്ണം.
സെമി കണ്ടക്ടർ (ചിപ്പ്) ക്ഷാമമാണ് വാഹനമേഖലയിലെ ബുക്കിങ് എണ്ണത്തിലും ബുക്കിങ് കാലയളവിലും ഇത്രയധികം വർധനയുണ്ടാകാൻ കാരണം. കോവിഡ് ലോക്ഡൗണിന് ശേഷം ആഗോള വ്യാപകമായി തന്ന വാഹനവിപണിയിൽ ചിപ്പ് ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഒരു സാധാരണ കാർ നിർമിക്കാൻ 1,400 ഓളം ചിപ്പുകൾ ആവശ്യമാണ്. അതുകൊണ്ട് ചിപ്പുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രമാണ് വാഹന നിർമാണ് കമ്പനികൾക്ക് വാഹനം നിർമിക്കാൻ സാധിക്കുകയുള്ളൂ. മിക്ക വാഹന നിർമാണ കമ്പനികളും അവരുടെ നിർമാണശേഷിയിൽ കുറവ് വരുത്തിയിട്ടുണ്ട്.