Auto
കാറുകളിൽ ആറ് എയർ ബാഗുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
Auto

കാറുകളിൽ ആറ് എയർ ബാഗുകൾ നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

Web Desk
|
15 Jan 2022 2:48 PM GMT

ഡ്രൈവർക്കും കോ-ഡ്രൈവർക്കും എയർബാഗ് നിർബന്ധമാക്കിയുള്ള നിയമം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നതോടെയാണ് സർക്കാർ ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്.

ഇന്ത്യൻ കാർ വിപണിയിൽ സുരക്ഷ എന്ന ഘടകത്തിന്റെ പ്രാധാന്യവും അതിന്റെ ചർച്ചയും ചൂടേറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. സുരക്ഷയെ നിർണയിക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് എയർ ബാഗുകൾ. ഇപ്പോൾ കാറുകളുടെ എയർ ബാഗുകളിൽ സുപ്രധാനമായ തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ.

എട്ടു പേർക്ക് വരെ സഞ്ചരിക്കാൻ പറ്റുന്ന എല്ലാ കാറുകളിലും ആറ് എയർ ബാഗുകൾ വേണമെന്ന കരട് നിയമത്തിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഖഡ്കരി അംഗീകാരം നൽകിയിരിക്കുകയാണ്. ഫലത്തിൽ നിയമം പ്രാബല്യത്തിൽ വന്നാൽ നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഹാച്ച്ബാക്ക് മുതൽ എസ്‌യുവിക്ക് വരെ ആറ് എയർബാഗുകൾ നിർബന്ധമാക്കും.

ഡ്രൈവർക്കും കോ-ഡ്രൈവർക്കും എയർബാഗ് നിർബന്ധമാക്കിയുള്ള നിയമം ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നതോടെയാണ് സർക്കാർ ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്. 2019 ജൂലൈ ഒന്ന് മുതൽ ഒരു എയർബാഗെങ്കിലും നിർബന്ധമാക്കിയിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് സർക്കാർ എയർബാഗുകളുടെ കാര്യത്തിൽ കർശന നിബന്ധനകളിലേക്ക് കടക്കുന്നത്.

അതേസമയം ഇത്തരത്തിൽ എയർ ബാഗുകൾ ഉൾപ്പെടുത്തിയാൽ വാഹനങ്ങളുടെ വിലയിൽ 50,000 രൂപ വരെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. എൻട്രി ലെവൽ കാറുകൾ വാങ്ങാൻ ആഗ്രഹിക്കുന്നലവരുടെ ബഡ്ജറ്റ് താളം തെറ്റിക്കുന്നതാകും. അതു കൂടാതെ കൂടുതൽ എയർബാഗുകൾ സ്ഥാപിക്കാൻ കമ്പനികൾക്ക് കൂടുതൽ എഞ്ചിനീയറിങ് ജോലികൾ ചെയ്യേണ്ടിവരും അതിന് വേണ്ടി വരുന്ന ചെലവും വാഹനത്തിന്റെ വിലയിൽ പ്രതിഫലിക്കും. ബിഎസ് 6 ന്റെ അടുത്ത ഘട്ടത്തിലേക്ക് എമിഷൻ സ്റ്റാൻഡേർഡുകൾ കടക്കുമ്പോൾ അതിന്റെ ചെലവും ഉപഭോക്താക്കളിലേക്ക് വരും.

Similar Posts