Auto
മിനി എസ്.യു.വി വിഭാഗത്തിൽ ഫ്രഞ്ച് വിപ്ലവം; സിട്രൺ സി3 വിപണിയിൽ
Auto

മിനി എസ്.യു.വി വിഭാഗത്തിൽ 'ഫ്രഞ്ച് വിപ്ലവം'; സിട്രൺ സി3 വിപണിയിൽ

Web Desk
|
20 July 2022 3:42 PM GMT

ഇന്ത്യയിൽ സിട്രണിന്റെ ഭാവി നിശ്ചയിക്കാൻ വരെ ശേഷിയുള്ള ലോഞ്ചാണ് അവർ ഇന്ന് സി3 ലോഞ്ച് ചെയ്തതിലൂടെ നടത്തിയത്.

സിട്രൺ എന്ന ബ്രാൻഡ് ഇന്ത്യക്കാർ ഇന്നലെ വരെ C5 എയർക്രോസ് എന്ന 40 ലക്ഷത്തിന് മുകളിൽ വിലയുള്ള ഒരു വാഹനത്തിന്റെ പേരിലാണ് അടയാളപ്പെടുത്തിയിരുന്നത്. ഇപ്പോൾ സിട്രൺ എന്ന ഫ്രഞ്ച് കാർ നിർമാതാക്കൾ അവരുടെ ഇന്ത്യയിലെ ആദ്യത്തെ മാസ് പ്രൊഡക്ഷൻ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മോഡലുകൾ പുറത്തിറങ്ങുന്ന മോഡലായ കോംപാക്ട്/ മിനി എസ് യു വി വിഭാഗത്തിലേക്കാണ് സിട്രൺ ഇത്തവണ കടന്നിരിക്കുന്നത്. സി3 (C3) യാണ് ഫീൽഡിലെ അവരുടെ തുറപ്പുചീട്ട്. ഒരുപക്ഷേ ഇന്ത്യയിൽ സിട്രണിന്റെ ഭാവി നിശ്ചയിക്കാൻ വരെ ശേഷിയുള്ള ലോഞ്ചാണ് അവർ ഇന്ന് സി3 ലോഞ്ച് ചെയ്തതിലൂടെ നടത്തിയത്.

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് 3 സിലിണ്ടർ എഞ്ചിന് 82 എച്ച്പി പവറും 115 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും സി3യുടെ ഭാഗമാണ്. 110 എച്ച്പി പവറും 190 എൻഎം ടോർക്കുമുള്ള ഈ മോഡലാണ് നിലവിൽ ഈ സെഗ്മെന്റിലെ ഏറ്റവും കരുത്തുള്ള എഞ്ചിൻ. നോർമൽ എഞ്ചിനൊപ്പം 5 സ്പീഡ് മാനുവൽ ഗിയർബോക്‌സും ടർബോ എഞ്ചിനൊപ്പം 6 സ്പീഡ് ഗിയർബോക്‌സും ലഭ്യമാകും. എന്നാൽ നിലവിൽ ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സ് ലഭ്യമാകില്ല.

ബംബറുകളിൽ കടുത്ത നിറങ്ങൾ നൽകിയത് വാഹനത്തിന് വ്യത്യസ്താമായൊരു ലുക്ക് നൽകുന്നുണ്ട്. സ്പിറ്റ് ഹെഡ് ലാമ്പ്, ഹെക്‌സാഗണൽ എയർ ഡാം, എസ്.യു.വി ലുക്കിന് വേണ്ടി ചുറ്റുമുള്ള ബ്ലാക്ക് ക്ലാഡിങ്. 15 ഇഞ്ചാണ് വീൽ സൈസ്. ഇന്റീരിയറിലേക്ക് വന്നാലും ഓറഞ്ച്, േ്രഗ തുടങ്ങിയ കളറുകളുടെ കോംബനീഷനുകൾ നൽകിയിട്ടുണ്ട്. 10 ഇഞ്ച് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, 4 സ്പീക്കർ സൗണ്ട് സിസ്റ്റം, ഇരട്ട എയർ ബാഗുകൾ, എബിഎസ്, പാർക്കിങ് സെൻസറുകൾ അങ്ങനെ ആവശ്യമുള്ള എല്ലാ ഫീച്ചറുകളും വാഹനത്തിൽ ഉൾക്കൊള്ളിക്കാൻ സിട്രൺ ശ്രദ്ധിച്ചിട്ടുണ്ട്. പ്രധാനമായും ടാറ്റ പഞ്ചുമായും മാരുതി സുസുക്കി ഇഗ്നിസ് റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് എന്നിവയുമായാണ് സിട്രൺ സി3 മത്സരിക്കുന്നത്.

5.71 ലക്ഷത്തിലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 8.06 ലക്ഷമാണ് ഉയർന്ന വേരിയന്റിലെ വില.

Similar Posts