ചൈനയിൽ നിർമിച്ച ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുത്; ആവശ്യവുമായി കേന്ദ്രസർക്കാർ
|ഇന്ത്യയിൽ ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയിൽ നിർമിച്ച ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് കേന്ദ്ര സർക്കാർ. സർക്കാരിന്റെ ആവശ്യം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇലക്ട്രിക് കാറുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുമ്പോൾ വലിയ തോതിൽ സർക്കാർ നികുതി ഏർപ്പെടുത്തുന്നുണ്ട്. ഇതിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ടെസ്‌ല, ടാറ്റ തുടങ്ങിയ കമ്പനികൾ കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ യാതൊരു ഇളവുകൾ നൽകാൻ കഴിയില്ലെന്നായിരുന്നു സർക്കാർ വാഹന നിർമാതാക്കളെ അറിയിച്ചത്. വാഹനങ്ങളുടെ നിർമാണം ഇന്ത്യയിലേക്ക് കൊണ്ടുവന്നാൽ നികുതി കാര്യത്തിൽ ചർച്ചായാകാമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ടെസ്‌ല ഇന്ത്യയിൽ പുതിയ പ്ലാന്റുകൾ നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിനിടയിലാണ് ചൈനയിൽ നിർമിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കരുതെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ കമ്പനിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ ടെസ്‌ലയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയിൽ ഇലക്ട്രിക് വാഹനം നിർമിക്കാനുള്ള എല്ലാ സഹായങ്ങളും സർക്കാർ ചെയ്ത് നൽകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുകയാണ്. വർധിച്ചു വരുന്ന ഇന്ധനവില ഇതിന് ആക്കം കൂട്ടുന്നുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളുിലും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി സബ്സിഡി നൽകുന്നുണ്ട്. കൂടാതെ റോഡ് നികുതികളിൽ ഇളവുകളും അനുവദിക്കുന്നുണ്ട്.