ജിഎമ്മിന്റെ ഡ്രൈവർലെസ് കാർ അപകടത്തിൽപ്പെട്ടു; മുഴുവൻ കാറുകളും തിരിച്ചുവിളിച്ച് കമ്പനി
|എതിരെ വരുന്ന വാഹനത്തിന്റെ വേഗതയും ദിശയും മനസിലാക്കുന്നതിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് വാഹനം അപകടത്തിൽ പെടുമെന്ന് കരുതി സ്വയം പെട്ടെന്ന് സഡൻ ബ്രേക്കിട്ട് ഇടത്തോട്ട് തിരിക്കുകയായിരുന്നു.
ലോക വാഹന വിപണിയിൽ ഇന്നും പൂർണമായും വിജിക്കാത്ത മേഖലയാണ് ഡ്രൈവറില്ലാ കാറുകൾ ( Driverlss/Self Drive Car ). വിവിധ കാർ നിർമാണ കമ്പനികളെ കൂടാതെ വിവിധ ടെക് കമ്പനികളും ഡ്രൈവറില്ലാ കാറുകൾ നിർമിക്കുകയോ പരീക്ഷണഘട്ടത്തിലോ ആണ്. ടെസ്ലയും ഗൂഗിളും ഷവോമിയും എല്ലാം ഈ ഗണത്തിൽ ഉൾപ്പെടും. അമേരിക്കൻ നഗരങ്ങളാണ് ഇവയിൽ മിക്കതിന്റെയും പരീക്ഷണസ്ഥലം. അതുകൊണ്ടു തന്നെ വിവിധ അമേരിക്കൻ നഗരങ്ങളിൽ സെൽഫ് ഡ്രൈവിങ് കാറുകൾ സാധാരണമായി മാറിയിട്ടുണ്ട്.
ഡ്രൈവർലെസ് കാറുകൾ നിർമിക്കുന്ന കമ്പനികളിലൊന്നാണ് അമേരിക്കയുടെ സ്വന്തം ജിഎം അഥവാ ജനറൽ മോട്ടോർസ്- നമ്മൾ ഇന്ത്യക്കാർക്ക് ഷെവർലെ എന്ന പേരിൽ ജനറൽ മോട്ടോർസിനെ പരിചയമുണ്ട്. ക്രൂയിസ് എന്ന പേരിലാണ് അവര് ഓട്ടോണമസ് കാറുകള് പുറത്തിറക്കുന്നത്. ജനറൽ മോട്ടോർസ് സാൻഫ്രാൻസിക്കോയിൽ പുറത്തിറക്കിയ ഡ്രൈവർലെസ് ഓട്ടോണമസ് കാറുകൾ തിരിച്ചുവിളിച്ചിരിക്കുകയാണ് ഇപ്പോൾ. ഒരു വാഹനം സാങ്കേതിക തകരാർ മൂലം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് 80 കാറുകൾ കമ്പനി തിരികെവിളിച്ചത്.
എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാരപാത (Trajectory) മനസിലാക്കുന്നതിൽ തെറ്റ് പറ്റിയതിനെ തുടർന്നാണ് വാഹനം അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ജൂണിൽ ടാക്സി സേവനങ്ങൾക്കായി അവർ പുറത്തിറക്കിയ ഡ്രൈവറില്ലാ കാറുകളിലൊന്നാണ് ഇപ്പോൾ അപകടമുണ്ടാക്കിയത്. ജൂൺ മൂന്നിന് തന്നെ വാഹനം അപകടമുണ്ടാക്കിയെങ്കിലും ഇന്നലെയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്.
ജിഎമ്മിന്റെ ഡ്രൈവറില്ലാ കാറിന്റെ പിറകിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. എതിരെ വരുന്ന വാഹനത്തിന്റെ വേഗതയും ദിശയും മനസിലാക്കുന്നതിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് വാഹനം അപകടത്തിൽ പെടുമെന്ന് കരുതി സ്വയം പെട്ടെന്ന് സഡൻ ബ്രേക്കിട്ട് ഇടത്തോട്ട് തിരിക്കുകയായിരുന്നു. ഇങ്ങനെയാണ് പിറകിൽ വാഹനം വന്നിടിച്ചത്.
പിറകിൽ വന്ന വാഹനം കൃത്യമായ ലെയ്ൻ പാലിക്കാത്തതും അമിതവേഗതയിലായിരുന്നതും അപകടത്തിന് ഒരു കാരണമായിരുന്നു. എന്നാൽ ജിഎമ്മിന്റെ വാഹനം പെട്ടെന്ന് ബ്രേക്കിടാനുണ്ടായ സാഹചര്യം സാങ്കേതിക തകരാറായിരുന്നു എന്നത് െൈഡ്രവർലെസ് കാറുകളുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്.