Auto
ടയറിനും മൈലേജ് വരുന്നു; റേറ്റിങ് കൂടിയാൽ 10 ശതമാനം വരെ ഇന്ധനക്ഷമത കൂടും
Auto

ടയറിനും മൈലേജ് വരുന്നു; റേറ്റിങ് കൂടിയാൽ 10 ശതമാനം വരെ ഇന്ധനക്ഷമത കൂടും

Web Desk
|
27 Jun 2022 5:35 AM GMT

ഗൃഹോപകരണങ്ങൾക്ക് നൽകും പോലെ സ്റ്റാർ റേറ്റിങുള്ള സ്റ്റിക്കർ ടയറുകളിലും പതിക്കും.

ഒരു വാഹനം വാങ്ങുമ്പോൾ നമ്മൾ ആദ്യം ചോദിക്കുന്ന ചോദ്യങ്ങളിലൊന്നാണ് മൈലേജ് എത്ര കിട്ടുമെന്നുള്ളത്. ഒരു വാഹനത്തിന്റെ ഭാവി തന്നെ നിർണയിക്കുന്ന പ്രധാനപ്പെട്ട ചോദ്യവുമാണത്. പ്രത്യേകിച്ചു ഇന്ധനവില ഇത്രയും ഉയർന്നു നിൽക്കുന്ന സമയത്ത്.

എന്നാൽ ഇനിമുതൽ വാഹനം വാങ്ങുമ്പോൾ മാത്രമല്ല വാഹനത്തിന്റെ ടയറുകൾ വാങ്ങുമ്പോഴും ഇതിനെത്രെ മൈലേജ് എന്ന് ചോദിക്കേണ്ടി വരും. വൈദ്യുത ഉപകരണങ്ങളുടേത് പോലെ ഇനി ടയറുകൾക്കും സ്റ്റാർ റേറ്റിങ് നൽകാൻ ആരംഭിച്ചിരിക്കുകയാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) . പ്രസ്തുത ടയർ ഉപയോഗിച്ചാൽ ഇന്ധന ഉപയോഗത്തിലുണ്ടാകുന്ന മാറ്റം കണക്കാക്കിയാണ് ഒന്നുമുതൽ അഞ്ച് വരെയുള്ള സ്റ്റാർ റേറ്റിങ് നൽകുക.

ടയറിന്റെ റോളിങ് റെസിസ്റ്റൻസ് കോ എഫിഷ്യന്റാണ് ഇതിനുവേണ്ടി പരിശോധിക്കുക. എന്നുവച്ചാൽ ടയറിന്റെ റോളിങ് ( അനാവശ്യമായ കറക്കം) കുറഞ്ഞു നിന്നാൽ ഉയർന്ന സ്റ്റാർ റേറ്റിങ് ലഭിക്കും. അഞ്ച് സ്റ്റാറാണ് ഏറ്റവും ഉയർന്ന നിലവാരം ഒരു സ്റ്റാറാണ് ഏറ്റവും താഴ്ന്ന നിലവാരം. 5 സ്റ്റാർ റേറ്റിങ് ലഭിച്ച ടയറുകൾക്ക് കുറഞ്ഞ നിലവാരമുള്ള ടയറുകളേക്കാൾ 9.5 ശതമാനം ഇന്ധനക്ഷമത കൂടുമെന്നാണ് കണക്ക്. മാത്രമല്ല 5 സ്റ്റാർ റേറ്റിങ് ലഭിച്ച ടയറുകൾ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനവും കുറക്കും. മറ്റുള്ള ടയറുകളേക്കാൾ 750 കിലോ ഗ്രാം കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം കുറക്കുമെന്നാണ് കണക്കാക്കുന്നത്.

ഗൃഹോപകരണങ്ങൾക്ക് നൽകും പോലെ സ്റ്റാർ റേറ്റിങുള്ള സ്റ്റിക്കർ ടയറുകളിലും പതിക്കും. ടയർ ത്രെഡ് പാറ്റേൺ, ബ്രാൻഡ്, മോഡൽ, വർഷം, സൈസ്, ക്ലാസ് എന്നിവയോടൊപ്പമാണ് സ്റ്റാർ റേറ്റിങും നൽകുക. റേറ്റിങ് ആരംഭിച്ചതിന് ശേഷം ആദ്യമായി 5 സ്റ്റാർ റേറ്റിങ് ലഭിച്ചിരിക്കുന്നത് മിച്ചലിന്റെ ലാറ്റിറ്റിയുഡ് സ്‌പോർട് 3 എന്ന എസ്.യു.വി ടയറുകൾക്കാണ്.

നിലവിൽ ഈ റേറ്റിങ് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ വരും മാസങ്ങളിൽ ടയറുകൾക്ക് സ്റ്റാർ റേറ്റിങ് നിർബന്ധമാക്കുമെന്നാണ് സൂചന.

Similar Posts