ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് 'ഹീറോ' ഗ്ലോബല്‍ റൈഡ് നടത്തും
|റൈഡ് ഫോർ റിയൽ ഹീറോസ് എന്ന് പേരിട്ടിരിക്കുന്ന യാത്ര 12 രാജ്യങ്ങളിലെ പ്രധാനപ്പെട്ട 100 നഗരങ്ങളിലൂടെ യാത്ര നടത്തും.
കോവിഡ് പ്രതിരോധത്തിലടക്കം മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്ക് ആദരമർപ്പിച്ച് ബൈക്കിൽ ഗ്ലോബൽ റൈഡ് നടത്തുമെന്ന് അറിയിച്ച് ഹീറോ മോട്ടോകോർപ്പ്.
റൈഡ് ഫോർ റിയൽ ഹീറോസ് എന്ന് പേരിട്ടിരിക്കുന്ന യാത്ര 12 രാജ്യങ്ങളിലെ പ്രധാനപ്പെട്ട 100 നഗരങ്ങളിലൂടെ യാത്ര നടത്തും. ഈ നഗരങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് യാത്രയ്ക്കിടയിൽ കോവിഡ് പ്രതിരോധത്തിനുള്ള പ്രതിരോധ കിറ്റ് വിതരണം ചെയ്യും. കിറ്റിൽ എൻ95 മാസ്‌ക്, പിപിഇ കിറ്റ്, സാനിറ്റൈസർ, കൈയുറകൾ, ഇൻഫ്രാ റെഡ് തെർമോമീറ്റർ എന്നിവ ഉൾപ്പെടും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനാണ് യാത്ര ആരംഭിക്കുക. ഇന്ത്യയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ബംഗ്ലാദേശ്, നേപ്പാൾ, ഗ്വാട്ടിമാല, കൊളംബിയ, ബൊളീവിയ, നൈജീരിയ, ഉഗാണ്ട, കെനിയ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎഇ എന്നീ രാജ്യങ്ങളിലൂടെ 100 കിലോമീറ്റർ യാത്ര നടത്തുമെന്ന് ഹീറോ മോട്ടോ കോർപ്പ് അറിയിച്ചു.