പിടിവിട്ട് ഇന്ധനവില; ഇവി വിൽപ്പനയിൽ 200 ശതമാനം വർധനവ്
|4,29,217 ഇലക്ട്രിക് വാഹനങ്ങളാണ് 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ വിറ്റത്.
പെട്രോൾ, ഡീസൽ വില പുതിയ ഉയരങ്ങളിലേക്ക് പോകുന്നതിനിടെ ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിൽപ്പനയിൽ വൻ കുതിപ്പ്. 4,29,217 ഇലക്ട്രിക് വാഹനങ്ങളാണ് 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ വിറ്റത്.
2021-21 സാമ്പത്തിക വർഷത്തേക്കാൾ 200 ശതമാനം അധികമാണ് ഈ വിൽപ്പന. 2019-2020 സാമ്പത്തിക വർഷത്തേക്കാളും 155 ശതമാനമാണ് ഈ വർധന.
2020-21 കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 1,34,821 വാഹനങ്ങളായിരുന്നു. 2019-2020 സാമ്പത്തിക വർഷത്തിൽ 1,68,300 ഇലക്ടിക് വാഹനങ്ങളും ഇന്ത്യക്കാർ വാങ്ങി.
ഇന്ധനവില വർധനവിനെക്കൂടാതെ വിവിധ സംസ്ഥാനങ്ങൾ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ സബ്സിഡി പ്രഖ്യാപിച്ചതും വിൽപ്പന വർധിപ്പിച്ചു.
ഇരുചക്ര ഇലക്ട്രിക് വാഹനങ്ങളാണ് വിൽപ്പനയിൽ മുന്നിൽ 2,31,338 ഇരുചക്ര വാഹനങ്ങൾ ഇക്കാലയളവിൽ വിറ്റഴിഞ്ഞു. രണ്ടാമതുള്ളത് മുചക്ര വാഹനങ്ങളാണ.് 1,77,874 മുചക്ര ഇലക്ട്രിക് വാഹനങ്ങൾ പ്രസ്തുത കാലയളവിൽ നിരത്തിലിറങ്ങി. 17,802 ഇവി കാറുകളും പുറത്തിറങ്ങി. 2203 വാണിജ്യ ഇവി വാഹനങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷം നിരത്തിലിറങ്ങി.
ഇരുചക്ര വാഹന വിപണിയിൽ 65,303 വാഹനങ്ങൾ വിറ്റ് ഹീറോ ഇലക്ട്രിക് ഒന്നാമതും, ഒക്കിനവ ഓട്ടോടെക്ക് (46,447), ആംപിയർ വെഹിക്കൾസ് (24,648) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഇവി കാറുകളിൽ വലിയ ലീഡുമായി ടാറ്റ തന്നെയാണ് മുന്നിൽ. 15,198 ഇവി കാറുകൾ ടാറ്റ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റപ്പോൾ രണ്ടാമതുള്ള എംജിക്ക് 2,045 കാറുകൾ മാത്രമേ വിൽക്കാൻ സാധിച്ചുള്ളൂ.
ഇവി ചാർജിങ് സ്റ്റേഷനുകളുടെയും മറ്റും അടിസ്ഥാനസൗകര്യങ്ങളുടേയും വികസനവും പുതിയ സാങ്കേതികവിദ്യകളും പുതിയ ബ്രാൻഡുകളും ഇവി മേഖലയിലേക്ക് വരുന്നതോട് കൂടി വരും വർഷങ്ങളിൽ ഇവി വാഹനവിപണി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കും.
Summary: Retail EV sales cross 4 lakh units since April 2021