ഇന്ത്യൻ നിർമിത ഹോണ്ട നവി അമേരിക്കയിലേക്ക്
|2016 ലാണ് അന്നുവരെയുണ്ടായിരുന്ന ഇന്ത്യൻ സ്‌കൂട്ടർ രൂപഭാവങ്ങളെ ചോദ്യം ചെയ്ത് ഹോണ്ട നവി വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും നവിയുടെ ചെറിയ രൂപം ഇന്ത്യക്കാർ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്നുവേണം കരുതാൻ.
ഓർമയില്ലേ ഇന്ത്യക്കാർക്കിടയിലേക്ക് ഹോണ്ട ഇറക്കിയ ആ കുഞ്ഞൻ പരീക്ഷണം- നവി എന്ന മിനി സ്‌കൂട്ടർ. ഇന്ത്യയിൽ നവി ഒരു പരാജയമായിരുന്നെങ്കിലും അമേരിക്കയിൽ ഒരു അങ്കത്തിന് കൂടെ ബാല്യമുണ്ടോ എന്ന് പരിശോധിക്കുകയാണ് ഹോണ്ട ഇപ്പോൾ. ആദ്യമായാണ് ഇന്ത്യയിൽ നിർമിച്ച ഒരു ഹോണ്ട വാഹനം അമേരിക്കയിൽ വിൽക്കുന്നത്.
നിലവിൽ ഹോണ്ടയുടെ ഗ്രോം, മങ്കി എന്നീ മിനി സ്‌കൂട്ടറുകൾ അമേരിക്കൻ വിപണിയിൽ മികച്ച രീതിയിൽ വിറ്റുപോകുന്നുണ്ട്. അത് നൽകിയ ആത്മവിശ്വാസമാണ് ഹോണ്ടയെ നവിയെ അമേരിക്കൻ വിപണിയിലിറക്കാൻ പ്രേരിപ്പിച്ച ഘടകം. 1,807 ഡോളറാണ് ( ഏകദേശം 1.34 ലക്ഷം ഇന്ത്യൻ രൂപ ) നവിയുടെ അമേരിക്കയിലെ വിപണി വില. ഗ്രോം (2.52 ലക്ഷം രൂപ), മങ്കി ( 3.12 ലക്ഷം രൂപ) എന്നീ മോഡലുകൾക്ക് താഴെയാണ് നവിയുടെ വില. വാഹനത്തിന്റെ എഞ്ചിനെ കുറിച്ച് ഹോണ്ടയുടെ അമേരിക്കൻ വെബ്‌സൈറ്റിൽ പ്രതിപാദിക്കുന്നില്ല. എന്നിരുന്നാലും ഇന്ത്യയിലെ അതേ എഞ്ചിൻ തന്നെയായിരിക്കും അമേരിക്കയിലെ നവിക്കും കരുത്ത് പകരുക എന്നാണ് സൂചന. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെയും ഇൻഡിക്കേറ്റർ യൂണിറ്റിലെയും ചെറിയ മാറ്റം ഒഴിച്ചുനിർത്തിയാൽ ഇന്ത്യൻ വേർഷനിൽ നിന്ന് അമേരിക്കൻ നവിക്ക് വലിയ മാറ്റമൊന്നുമില്ല.
2016 ലാണ് അന്നുവരെയുണ്ടായിരുന്ന ഇന്ത്യൻ സ്‌കൂട്ടർ രൂപഭാവങ്ങളെ ചോദ്യം ചെയ്ത് ഹോണ്ട നവി വിപണിയിലെത്തിയത്. ആദ്യഘട്ടത്തിൽ മികച്ച പ്രതികരണം ലഭിച്ചെങ്കിലും നവിയുടെ ചെറിയ രൂപം ഇന്ത്യക്കാർ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്നുവേണം കരുതാൻ. അതുകൊണ്ട് തന്നെ വിൽപ്പന തുടങ്ങി രണ്ടാം വർഷം 2018 ൽ നവി ഇന്ത്യയിലെ വിൽപ്പന നിർത്തി. എന്നിരുന്നാലും ഹോണ്ട നവിയുടെ ഇന്ത്യയിലെ ഉത്പാദനം നിർത്തിയിരുന്നില്ല. കയറ്റുമതിക്കായി ഹോണ്ടയുടെ രാജസ്ഥാനിലെ പ്ലാന്റിലാണ് നവി നിർമിക്കുന്നത്.
Summary: Made-in-India Honda Navi goes on sale in the US