പോക്കറ്റ് ചോരാതെ കാർ വാങ്ങാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
|2022ൽ മാത്രം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, ടൊയോട്ട, എംജി മോട്ടോർ തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഓരോ വർഷവും കാറുകളുടെ വില പലമടങ്ങ് വർദ്ധിക്കുകയാണ്. 2022ൽ മാത്രം, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, ടൊയോട്ട, എംജി മോട്ടോർ തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വില വർദ്ധന പ്രഖ്യാപിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വാഹന വിലയ്ക്ക് പുറമേ, വർദ്ധിച്ചുവരുന്ന പലിശനിരക്ക്, ഉയർന്ന ഇന്ധന വില തുടങ്ങിയ തടസ്സങ്ങളും ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്നു.
സ്വന്തമായി ഒരു കാർ വാങ്ങുക എന്നത് സാധാരണക്കാരെ സമ്പന്ധിച്ച് വലിയ ടാസ്‌ക് ആണ്. പോക്കറ്റ് ചോരാതെ കാർ വാങ്ങണമെങ്കിൽ ഒന്നിലധികം ഘടകങ്ങൾ ശരിയായി ആസൂത്രണം ചെയ്യുകയും വിലയിരുത്തുകയും വേണം. വലിയ ഭാരമാകാതെ കാർ വാങ്ങാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സുരക്ഷിതമായ ലോൺ തെരഞ്ഞെടുക്കുക
ഒരു കാർ വാങ്ങുന്നതിന് മുമ്പുള്ള ആദ്യ പടി വാഹന ലോൺ തുകയും ഉപഭോക്താവിന് എത്രത്തോളം താങ്ങാനാവുമെന്ന് കണക്കാക്കുകയാണ്. പ്രതിമാസ ഇഎംഐ തുക വാങ്ങുന്നയാളുടെ ടേക്ക് ഹോം ശമ്പളത്തിന്റെ 10 ശതമാനത്തിൽ കൂടാൻ പാടില്ലെന്നാണ് നിർദ്ദേശം. കൂടാതെ, വായ്പ തിരിച്ചടവ് കാലാവധി 60 മാസത്തിനുള്ളിൽ ആയിരിക്കണം. സെക്കന്റ് ഹാന്റ് കാര്യത്തിൽ, ലോൺ തിരിച്ചടവ് കാലാവധി 36 മാസത്തിൽ കൂടരുത്. ഇത് മനസ്സിലാക്കി താങ്ങാനാവുന്ന പലിശ നിരക്കിൽ കാർ ലോൺ വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് കണ്ടെത്തുക.
വാങ്ങുന്ന തുക കൊണ്ട് മാത്രം തീർന്നില്ല
വാഹനത്തിന് ആദ്യം ചെലവാകുന്ന തുക കൊണ്ട് തീർന്നില്ല, വാഹനം തിരഞ്ഞെടുക്കുമ്പോൾ, അറ്റകുറ്റപ്പണികൾ, ഇന്ധനം, ഇൻഷുറൻസ്, രജിസ്‌ട്രേഷൻ, നികുതികൾ എന്നിങ്ങനെയുള്ള ചിലവ് ഘടകങ്ങൾ ഉടമസ്ഥാവകാശത്തിന്റെ വില വർദ്ധിപ്പിക്കും. ലോൺ തിരിച്ചടവ് ഉൾപ്പെടെ കാറിന്റെ ഉടമസ്ഥാവകാശത്തിന്റെ പ്രതിമാസ ചെലവ് വാങ്ങുന്നയാളുടെ ശമ്പളത്തിന്റെ 20 ശതമാനത്തിൽ കൂടരുത്.
ആഡംബരമല്ല, ആവശ്യമാണ് പ്രധാനം
ആവശ്യകത അടിസ്ഥാനമാക്കിയാണ് കാർ തിരഞ്ഞെടുക്കേണ്ടത്. പലരും ഇത് വിലയിരുത്താതെ ആഡംബര കാർ വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത് കാണാം. ദൈനംദിന ആവശ്യവും പ്രായോഗികതയും അനുസരിച്ച് കാർ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. ട്രാൻസ്മിഷൻ, ഫ്യുവൽ ഓപ്ഷൻ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക. കൂടാതെ, ഓരോരുത്തർക്കും വ്യത്യസ്ത മുൻഗണനകൾ ഉള്ളതിനാൽ മറ്റൊരാളെ അനുകരിക്കാൻ ശ്രമിക്കരുത്.
വാങ്ങുന്നതിന് മുമ്പ് ടെസ്റ്റ് ഡ്രൈവ്
ഇഷ്ടപ്പെട്ട കാർ തിരഞ്ഞെടുത്ത ശേഷം, വാഹനത്തിന്റെ ഒരു ടെസ്റ്റ് ഡ്രൈവ് നടത്തുക. വാഹനത്തെ നന്നായി മനസ്സിലാക്കാൻ ഒരു ടെസ്റ്റ് ഡ്രൈവ് സഹായിക്കണമെന്നില്ല. അങ്ങനെയെങ്കിൽ, ഒന്നിലധികം ടെസ്റ്റ് ഡ്രൈവുകൾ എടുക്കുക. ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ കാറിന്റെ എല്ലാ വശങ്ങളും പരിശോധിക്കുക. കുടുംബത്തെയും കൊണ്ടുപോകാൻ ശ്രമിക്കുക, അവരുടെ അഭിപ്രായവും പ്രധാനമാണ്. ടെസ്റ്റ് ഡ്രൈവിൽ സംതൃപ്തി തോന്നിയ ശേഷം മാത്രം വാഹനം വാങ്ങുക.