Auto
ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല; സാൻട്രോയുടെ വിൽപ്പന ഹ്യുണ്ടായ് അവസാനിപ്പിച്ചു
Auto

ഇനിയും പിടിച്ചു നിൽക്കാൻ പറ്റില്ല; സാൻട്രോയുടെ വിൽപ്പന ഹ്യുണ്ടായ് അവസാനിപ്പിച്ചു

Web Desk
|
18 May 2022 5:45 AM GMT

സാൻട്രോ പോയതോടെ 5.39 ലക്ഷം രൂപയിൽ എക്‌സ് ഷോറൂം വില ആരംഭിക്കുന്ന ഗ്രാൻഡ് ഐ 10 നിയോസായിരിക്കും ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എൻട്രി ലെവൽ വാഹനം.

ഹ്യുണ്ടായ് സാൻട്രോ, ഒരു 15 വർഷം മുമ്പ് ഇന്ത്യൻ നിരത്തുകളിൽ മാരുതിയോട് ശക്തമായി പോരടിച്ച് നിന്നിരുന്ന ഹ്യുണ്ടായിയുടെ സ്വന്തം ഫാമിലി കാർ. മാരുതിയെ പോലെ തന്നെ സാധാരണക്കാരുടെ ഫാമിലി മാനായിരുന്നു സാന്‍ട്രോ. 2014 മുതൽ 2018 വരെ മാർക്കറ്റിൽ നിന്ന് മാറിനിന്നെങ്കിലും ഏകദേശം 20 വർഷത്തോളം സാൻട്രോ ഇന്ത്യൻ നിരത്തിൽ നിറഞ്ഞുനിന്നു.

ഇപ്പോളിതാ സാൻട്രോയുടെ ഇന്ത്യയിലെ വിൽപ്പനയ്ക്ക് ഹ്യുണ്ടായ് ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ് . തമിഴ്‌നാട്ടിലെ ഹ്യുണ്ടായ് പ്ലാന്റിലെ സാൻട്രോയുടെ ഉത്പാദനം അവസാനിപ്പിച്ചിരിക്കുകയാണ്.

1998 ലാണ് ആദ്യതലമുറ സാൻട്രോ വിപണിയിലെത്തിയത്. വൻ വിൽപ്പനയാണ് സാൻട്രോയ്ക്ക് അക്കാലത്ത് ലഭിച്ചത്. പീന്നീട് വന്ന സാൻട്രോ സിങിനും വൻ വരവേൽപ്പ് തന്നെ ഇന്ത്യ നൽകി. 2014 ൽ പുതുമുഖവുമായി തിരിച്ചുവരാൻ ആദ്യ തലമുറ സാൻട്രോ മാർക്കറ്റിൽ നിന്ന് പിൻമാറി. 2018 ൽ പുതിയ മുഖവുമായി പുത്തൻ സാൻട്രോ വിപണിയിലെത്തി. 3.9 ലക്ഷം രൂപ മുതൽ 5.5 ലക്ഷം രൂപ വരെയായിരുന്നു വാഹനത്തിന്റെ എക്‌സ് ഷോറൂം വില. 1.1 ലിറ്റർ പെട്രോൾ എഞ്ചിനുമായി പുത്തൻ സാൻട്രോയ്ക്ക് സിഎൻജി വേരിയന്റും ലഭ്യമായിരുന്നു. ബഡ്ജറ്റ് കാറുകളിൽ ഏറ്റവും മുകളിലായാണ് വിലയുടെ കാര്യത്തിൽ സാൻട്രോയെ ഹ്യുണ്ടായി പ്രതിഷ്ഠിച്ചത്. ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലെയും റിയർ എസി വെന്റുമെല്ലാം പുതിയ സാൻട്രോയിൽ ഉൾപ്പെടുത്തിയിരുന്നു.

കാര്യങ്ങൾ അങ്ങനെയാണെങ്കിലും ഫീച്ചറുകളുടെ കുറവ് വിലക്കൂടുതലുമാണ് സാൻട്രോയെ പ്രതികൂലമായി ബാധിച്ചത്. ഏറ്റവും കുറഞ്ഞ വേരിയന്റിൽ എസി പോലും സാൻട്രോയ്ക്ക് നൽകിയിരുന്നില്ല എന്നത് വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചു. ഏറ്റവും ഉയർന്ന വേരിയന്റിന് അന്ന് നിലവിലുണ്ടായിരുന്ന ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നേക്കാളും കൂടുതൽ വിലയായിരുന്നു. കൂടുതൽ ഫീച്ചറുകളും ഇന്റീരയറും സ്‌പേസും എഞ്ചിൻ കരുത്തുമുള്ള ഗ്രാൻഡ് ഐ10 നേക്കാളും വില കൊടുത്ത് സാൻട്രോ വാങ്ങാൻ ആൾക്കാർ മടിച്ചു.

ഈ പ്രശ്‌നം മനസിലാക്കി 2019 ൽ സാൻട്രോയുടെ കുറഞ്ഞ വേരിയന്റുകളുടെ വില ഹ്യുണ്ടായി കുറച്ചിരുന്നു. പക്ഷേ തൊട്ടുപിന്നാലെ നിലവിൽ വന്ന ബിഎസ് 6 എമിഷൻ നോർമ്‌സുകളുടെ ഭാഗമായി വന്ന കൂട്ടിച്ചേർക്കലുകൾ വാഹനത്തിന്റെ വില പിന്നെയും കൂട്ടി.

സാൻട്രോ എന്ന പേരിന്റെ പേരിൽ രണ്ടാം തലമുറ വാഹനം പുറത്തിറങ്ങിയ ആദ്യ നാളുകളിൽ വിൽപ്പന നേടിയിരുന്നെങ്കിലും പിന്നീട് കുറഞ്ഞുവന്നു.

നേരത്തെ പറഞ്ഞ കാരണങ്ങൾ കൂടാതെ ഇന്ത്യക്കാർക്ക് ഉയർന്ന ഡ്രൈവിങ് പൊസിഷനുള്ള വാഹനങ്ങളായ എസ്.യു.വി, കോംപാക്ട് എസ്.യു.വികളോട് ഇഷ്ടം കൂടിയതും സാൻട്രോക്ക് വെല്ലുവിളിയായി. ഉദാഹരണമായി സാൻട്രോയേക്കാളും ഫീച്ചറുകൾ കുറഞ്ഞ എസ്.യു.വി സ്റ്റാൻസുള്ള വാഹനമായ മാരുതിയുടെ എസ്പ്രസോ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റത് 67,000 യൂണിറ്റുകളാണ്. പ്രതിമാസം ശരാശരി 5,500 യൂണിറ്റുകളാണ് എസ് പ്രസോയാണ് വിൽക്കുന്നത്. സാൻട്രോയാകട്ടെ പ്രതിമാസം ശരാശരി വിൽക്കുന്നത് 2,000 യൂണിറ്റുകൾ മാത്രമാണ്.

മൂന്നാമതായി സാൻട്രോയെ നിരത്തിൽ നിന്ന് പിൻവലിക്കാൻ ഹ്യുണ്ടായിയെ പ്രേരിപ്പിച്ച അടുത്ത ഘടകം എല്ലാ വാഹനങ്ങൾക്കും ആറ് എയർ ബാഗുകൾ വേണമെന്ന പുതിയ സർക്കാർ ഉത്തരവാണ്. ഇതിനുവേണ്ടി സാൻട്രോ വീണ്ടും ഡിസൈൻ മാറ്റേണ്ടി വരും. ഇത് വാഹനത്തിന്റെ വില പിന്നെയും കൂട്ടും. പ്രതിമാസം 2,000 യൂണിറ്റുകൾ മാത്രം വിൽക്കുന്ന ഒരു മോഡലിന് ഇനിയും ഒരു വിലക്കയറ്റം കൂടി താങ്ങാൻ സാധിക്കില്ല. ഇത് കൂടാതെ അടുത്ത എമിഷൻ നോർമായ ബിഎസ് 6.2 സ്റ്റാൻഡേർഡിലേക്കെത്താൻ എഞ്ചിനിലും മാറ്റം വരുത്തേണ്ടി വരും. അതും ഹ്യുണ്ടായിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടാകും. സാന്‍ട്രോയ്ക്ക് ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് കമ്പനി ഇതുവരെ ഉത്തരം തന്നിട്ടില്ല.

സാൻട്രോ പോയതോടെ 5.39 ലക്ഷം രൂപയിൽ എക്‌സ് ഷോറൂം വില ആരംഭിക്കുന്ന ഗ്രാൻഡ് ഐ 10 നിയോസായിരിക്കും ഹ്യുണ്ടായിയുടെ ഇന്ത്യയിലെ എൻട്രി ലെവൽ വാഹനം.

Summary: Hyundai Stops Production Of Santro In India

Similar Posts