Auto
വെറുതെ കൈയും കെട്ടിയിരുന്നാൽ മതി; വാഹനം സ്വയം പാർക്ക് ചെയ്‌തോളും; ഓട്ടോണമസ് ഡ്രൈവിങ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായിയും
Auto

വെറുതെ കൈയും കെട്ടിയിരുന്നാൽ മതി; വാഹനം സ്വയം പാർക്ക് ചെയ്‌തോളും; ഓട്ടോണമസ് ഡ്രൈവിങ് അവതരിപ്പിക്കാന്‍ ഹ്യുണ്ടായിയും

Web Desk
|
29 Nov 2021 4:22 PM GMT

റിവേഴ്‌സ് പോകണമെങ്കിൽ ഒരു ബട്ടൺ അമർത്തിയാൽ മതി. സ്റ്റിയറിങും ആക്‌സിലേറ്റും ബ്രേക്കും എല്ലാം വാഹനം തന്നെ നിയന്ത്രിച്ചോളും. ഇരുഭാഗത്തും 16 ഇഞ്ച് ഗ്യാപ്പുണ്ടെങ്കിൽ ഏത് വഴിയിലൂടെയും ഈ സിസ്റ്റം ഉപയോഗിച്ച് പോകാൻ സാധിക്കും.

വാഹനമേഖലയിൽ മത്സരം കടുക്കും തോറും സാങ്കേതികവിദ്യകളുടെ എണ്ണവും കൂടും. അടുത്തിടെ വാഹനമേഖലയിൽ കണക്ടഡ് ഫീച്ചേർസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അഡാസ് (ADAS) സാങ്കേതിക വിദ്യകളെ കുറിച്ചാണ്. ഓട്ടോണമസ് ഡ്രൈവിങിനെ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. അഥവാ വാഹനം സ്വയം വാഹനത്തെ നിയന്ത്രിക്കുന്ന രീതി.

അൽപ്പകാലം മുമ്പ് വരെ പ്രീമിയം കാറുകളിൽ മാത്രം കാണപ്പെടുന്ന ഫീച്ചറായിരുന്നു അത്. അടുത്തിടെ പുറത്തിറങ്ങിയ എംജിയാണ് തങ്ങളുടെ ഏറ്റവും പുതിയ വാഹനമാണ് ആസ്റ്ററിലൂടെ അത് 20 ലക്ഷത്തിന് താഴെയുള്ള വാഹനത്തിനും ലഭിക്കുമെന്ന് തെളിയിച്ചത്.

സംഭവം എംജി അങ്ങനെ ചെയ്തതോടെ മറ്റു വാഹനനിർമാണ കമ്പനികളും അത്തരത്തിലുള്ള ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യകൾ കൊണ്ടുവരാൻ നിർബന്ധിതമായിരിക്കുകയാണ്. അതിന്റെ ഭാഗമായി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി അഡാസ് സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതിനായി അവർ സ്വയം അത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ ഡെവലപ്പ് കഴിഞ്ഞിരിക്കുന്നു. മൊബിസ് പാർക്കിങ് സിസ്റ്റം (MPS ) എന്നാണ് ഈ സാങ്കേതികവിദ്യയെ അവർ വിളിക്കുന്നത്. എംപിഎസിൽ ഇടുങ്ങിയ സ്ഥലങ്ങളിലൂടെ വാഹനമോടിക്കാൻ സഹായിക്കുന്ന നാരോ സ്‌പേസ് അസിസ്റ്റൻസ് (എൻഎസ്എ-NSA), റിവേഴ്‌സ് അസിസ്റ്റൻസ് (ആർഎ-RA), റിമോട്ട് സ്മാർട്ട് പാർക്കിങ് അസിസ്റ്റൻസ് എന്നിവ ചേർന്നതാണ്.

ഹ്യുണ്ടായി തന്നെ വികസിപ്പെടുത്ത സോഫ്റ്റ്‌വെയറുകളാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം. അൾട്രാസോണിക്ക് സെൻസറുകൾ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. റഡാർ, ലിഡാർ സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്.

പ്രത്യേകതകൾ

നാറോ സ്‌പേസ് അസിസ്റ്റൻസ് അഥവാ എൻഎസ്എ ഇടുങ്ങിയ വഴികളിലൂടെ കാർ കൊണ്ടുപോകുമ്പോൾ വശങ്ങൾ ജഡ്ജ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വേണ്ടിയാണ്. ഇടുങ്ങിയ റോഡാണോ ഇനി നമ്മൾ എന്തുചെയ്യും മല്ലയ ? നിങ്ങളൊന്നും ചെയ്യണ്ട ഞാൻ ചെയ്‌തോളാം- എന്ന് മറുപടി പറയുന്ന ടെക്‌നോളജിയാണിത്‌.ഇടുങ്ങിയ വഴികളിലൂടെ തടസങ്ങൾ ഒഴിവാക്കി വാഹനം സ്വയം മുന്നോട്ട് പോകും. ആർഎ അഥവാ റിവേഴ്‌സ് അസിസ്റ്റന്റ് പ്രവർത്തിക്കുന്നത് എൻഎസ്എയുടെ സഹായത്തോടെയാണ്. നേരത്തെ പറഞ്ഞ എൻഎസ്എ വാഹനം മുന്നോട്ട് പോകുമ്പോഴാണ് സഹായിക്കുന്നതെങ്കിൽ ആർഎ ആ വഴിയും സ്പീഡും സ്റ്റിയറിങ് വീൽ റൊട്ടേഷനുമെല്ലാം റെക്കോർഡ് ചെയ്യുന്നു. അതേ വഴിയിലൂടെ റിവേഴ്‌സ് പോകണമെങ്കിൽ ഒരു ബട്ടൺ അമർത്തിയാൽ മതി. സ്റ്റിയറിങും ആക്‌സിലേറ്റും ബ്രേക്കും എല്ലാം വാഹനം തന്നെ നിയന്ത്രിച്ചോളും. ഇരുഭാഗത്തും 16 ഇഞ്ച് ഗ്യാപ്പുണ്ടെങ്കിൽ ഏത് വഴിയിലൂടെയും ഈ സിസ്റ്റം ഉപയോഗിച്ച് പോകാൻ സാധിക്കും.

റിമോട്ട് സ്മാർട്ട് പാർക്കിങ് അസിസ്റ്റൻസ് അഥവാ ആർഎസ്പിഎ കുറച്ചു കൂടി അഡ്വാൻസ്ഡായ സാങ്കേതികവിദ്യയാണ്. വാഹനത്തിൽ നിന്ന് പുറത്തിറങ്ങി വാഹനത്തിന്റെ റിമോട്ടിൽ ഒരു ബട്ടൺ അമർത്തിയാൽ വാഹനം തനിയെ മുന്നോട്ട് പോയി കൃത്യമായ പാർക്കിങ് സ്‌പേസ് കണ്ടെത്തി അവിടെ പാർക്ക് ചെയ്‌തോളും. ഇതുകൂടാതെ കാറിന്റെ 3ഡി സൊറൗണ്ട് വ്യൂ മോണിറ്റർ (SVM) വഴി വാഹനം കൃത്യമായി 360 ഡിഗ്രിയിൽ കണ്ട് പാർക്ക് ചെയ്യാനും സാധിക്കും.

കൂടാതെ മിക്ക അഡാസ് ബേസ്ഡ് കാറുകളിലുമുള്ള റിയർ-ഓട്ടോണമസ് ബ്രേക്കിങ് (ആർ-എഇബി)യും ഹ്യുണ്ടായിയുടെ ഈ പുതിയ സാങ്കേതികവിദ്യയിൽ ഉൾക്കൊളിച്ചിട്ടുണ്ട്. മുന്നില്‍ അപ്രതീക്ഷിതമായ തടസങ്ങള്‍ വന്നാല്‍ വാഹനം അതില്‍ ഇടിക്കുമെന്ന് ഉറപ്പായാല്‍ വാഹനം സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയാണിത്.

അതേസമയം ഹ്യുണ്ടായി വാഹനങ്ങളിൽ എപ്പോൾ മുതൽ ഈ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുമെന്നുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും വാഹനമേഖലയിലെ കടുത്ത മത്സരം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് തന്നെ ഹ്യുണ്ടായി ഈ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുമെന്നാണ് സൂചന.

തങ്ങളുടെ ഈ തീരുമാനം കൂടുതൽ വാഹനനിർമാതാക്കൾക്ക് പ്രചോദനമാകുമെന്നും തങ്ങളുടെ ഈ സാങ്കേതികവിദ്യ എസ്.യു.വികളിലടക്കം എല്ലാ വാഹനങ്ങളിലും അവതരിപ്പിക്കാനാണ് പദ്ധതിയെന്നും ഹ്യുണ്ടായി അറിയിച്ചു.

Summary: Hyundai develops system for driving and parking in narrow spaces

Similar Posts