Auto
നടുറോഡിൽ കടലിരമ്പം കേൾക്കാം; പുതിയ ഹ്യുണ്ടായ് വെന്യു ഫേസ് ലിഫ്റ്റ് പുറത്തിറങ്ങി
Auto

നടുറോഡിൽ കടലിരമ്പം കേൾക്കാം; പുതിയ ഹ്യുണ്ടായ് വെന്യു ഫേസ് ലിഫ്റ്റ് പുറത്തിറങ്ങി

Web Desk
|
16 Jun 2022 1:55 PM GMT

നിലവിലെ ഹ്യുണ്ടായ് വെന്യുവിനെക്കുറിച്ചുള്ള പ്രധാന പരാതി ഇന്റീരിയറിനെ കുറിച്ചായിരുന്നു. ആ പരാതി സഹോദര സ്ഥാപനമായ കിയയെ നോക്കിപഠിച്ച് ഹ്യുണ്ടായ് പരിഹരിച്ചിട്ടുണ്ട്.

ഇന്ത്യൻ കാർ വിപണിയിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന സെക്ടറാണ് കോംപാക്ട് എസ്.യു.വി. ഹ്യുണ്ടായിയുടെ ഈ വിഭാഗത്തിലെ താരങ്ങളാണ് വെന്യൂവും ക്രെറ്റയും. ക്രെറ്റ കുറേക്കൂടി പ്രീമിയമാണെങ്കിൽ വെന്യു ബജറ്റ് കൂടി കണക്കിലെടുത്ത് പുറത്തിറക്കിയ മോഡലാണ്. വെന്യുവും ക്രെറ്റയും ഹ്യുണ്ടായി നല്ലരീതിയിൽ വിൽക്കുന്ന മോഡലുകളാണ്. എന്നിരുന്നാലും രണ്ട് വാഹനങ്ങൾക്കും കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് കമ്പനി നേരത്തെ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഇരുവാഹനങ്ങൾക്കും ഫേസ് ലിഫ്റ്റും കമ്പനി പ്രഖ്യാപിച്ചിരുന്നു. അതിൽ വെന്യുവിന്റെ 2022 ഫേസ് ലിഫ്റ്റ് മോഡൽ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

മുൻ മോഡലിൽ നിന്ന് മെക്കാനിക്കലായി മാറ്റങ്ങളൊന്നും പുതിയ മോഡലിനില്ല. നേരത്തെയുണ്ടായിരുന്ന 83 എച്ച്പി കരുത്തുള്ള 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും 120 എച്ച്പി കരുത്തുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും അതേപടി തുടരും. കൂടാതെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുമുണ്ട്. ഇതിന് 100 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കും.

ഉയർന്ന വേരിയന്റുകളിൽ 7 സ്പീഡ് ഡിസിറ്റി ഗിയര്ഡ ബോക്‌സും ഐഎംടി ഗിയർ ബോക്‌സും ലഭിക്കും. കൂടാതെ ഡീസൽ വേരിയന്റിന് 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സുമുണ്ട്. ഉയർന്ന വേരിയന്റുകളിൽ ഡ്രൈവ് മോഡുകളും ലഭ്യമാണ്.

മുന്നിലെ ഗ്രില്ലിലാണ് മുൻവശത്തെ കാര്യമായ മാറ്റം. പുതിയ ഡാർക്ക് ക്രോം ഡിസൈനാണ് ഗ്രില്ലിന് നൽകിയിരിക്കുന്നത്. പക്ഷേ വെന്യുവിന്റെ മുഖമുദ്രയായ ഹെഡ്‌ലാമ്പ് യൂണിറ്റിൽ ഹ്യുണ്ടായ് കൈവെച്ചിട്ടില്ല. അതുപഴയ പോലെ തന്നെ തുടരും. പക്ഷേ ഉയർന്ന വേരിയന്റിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്നിലെ എയർ ഇൻടേക്കിന്റെ വലിപ്പവും കൂട്ടിയിട്ടുണ്ട്.

വശങ്ങളിലെ മാറ്റം അലോയ് ഡിസൈനിൽ മാത്രമാണ്. പിറകിലെ ടെയിൽ ലാമ്പ് ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.

നിലവിലെ ഹ്യുണ്ടായ് വെന്യുവിനെക്കുറിച്ചുള്ള പ്രധാന പരാതി ഇന്റീരിയറിനെ കുറിച്ചായിരുന്നു. ആ പരാതി സഹോദര സ്ഥാപനമായ കിയയെ നോക്കിപഠിച്ച് ഹ്യുണ്ടായ് പരിഹരിച്ചിട്ടുണ്ട്. പുതിയ ഡ്യുവൽ ടോൺ ഇന്റീരിയർ, പിറകിലെ സീറ്റിലും റിക്ലൈനർ സംവിധാനം, എയർ പ്യൂരിഫയർ, പിറകിലെ എസി വെന്റിന് താഴെ രണ്ട് യുഎസ്ബി ചാർജിങ് സോക്കറ്റുകൾ, വയർലെസ് ഫോൺ ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, നാല് രീതിയിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാൻ പറ്റുന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെ അകത്തെ പ്രധാന മാറ്റങ്ങൾ.

കൂടാതെ പുതിയ പൂർണമായും ഡിജിറ്റലായ തീം മാറ്റാൻ കഴിയുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നെയുള്ള വലിയ മാറ്റം 8 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റത്തിലാണ്. 60 ഓളം കണക്ടിവിറ്റി ഫീച്ചറുള്ള ഈ സിസ്റ്റത്തിൽ അലക്‌സ, ഗൂഗിൾ വോയിസ് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള സംവിധാനങ്ങളുമുണ്ട്.

സുരക്ഷയിലേക്ക് വന്നാൽ ആറ് എയർ ബാഗുകൾ, ഇഎസ്‌സി, വിഎസ്എം, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 360 ക്യാമറ പോലെയുള്ളവ ഉൾപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായ് ആദ്യമായി വെന്യുവിന് മറ്റൊരു സവിശേഷത കൂടി നൽകിയിട്ടുണ്ട്. സൗണ്ട്‌സ് ഓഫ് നാച്വർ ( Sounds Of Nature ) എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ വാഹനം തനിയെ തിരമാലയുള്ള ശബ്ദം മുതൽ മൈക്രോ ശബ്ദങ്ങളായ തീ കത്തുന്ന ശബ്ദം പോലും പ്ലേ ചെയ്യും.

വിലയിലേക്ക് വന്നാൽ 7.53 ലക്ഷത്തിൽ ആരംഭിച്ച് 12.57 ലക്ഷത്തിൽ അവസാനിക്കുന്നതാണ് എക്‌സ് ഷോറൂം വില.

Similar Posts