സീറ്റ് ബെല്‍റ്റ് അലാറം നിയന്ത്രണ ക്ലിപ്: ആമസോണിന് കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടീസ്
|ആമസോണ്‍ വില്‍പ്പന നടത്തുന്ന ക്ലിപ്പുകള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്ന ഭാഗത്ത് തിരുകി വെച്ചാല്‍ ബെല്‍റ്റ് ധരിക്കാതിരുന്നാലും അലാറം മുഴങ്ങില്ല
കാറുകളിലെ സീറ്റ് ബെല്‍റ്റ് അലാറമുകള്‍ പ്രവര്‍ത്തന രഹിതമാക്കുന്ന ഉപകരണങ്ങള്‍ വില്‍ക്കുന്നതില്‍ നിന്ന് ഓണ്‍ലൈന്‍ റീട്ടെയില്‍ ഭീമനായ ആമസോണിനെ കേന്ദ്ര സര്‍ക്കാര്‍ വിലക്കി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരം ഉപകരണങ്ങളുടെ വില്‍പ്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇതില്‍ ആമസോണിന് നോട്ടീസ് അയച്ചതായും നിതിന്‍ ഗഡ്കരി പറഞ്ഞു.
ഇത്തരം മെറ്റല്‍ ക്ലിപ്പുകളുടെ വില്‍പ്പന നിയമ വിരുദ്ധമല്ലെങ്കിലും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിന്‍റെ പ്രാധാന്യം വര്‍ധിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പിന്‍സീറ്റില്‍ ഇരുന്ന മിസ്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് പരിക്ക് മാരകമായതായാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവർക്കും മുൻ സീറ്റുകൾക്കും മാത്രമല്ല പിൻസീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം നിർബന്ധമാക്കാൻ കേന്ദ്രം പദ്ധതിയിടുന്നതായും ഗഡ്കരി വ്യക്തമാക്കി.
ആമസോണ്‍ വില്‍പ്പന നടത്തുന്ന ക്ലിപ്പുകള്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്ന ഭാഗത്ത് തിരുകി വെച്ചാല്‍ ബെല്‍റ്റ് ധരിക്കാതിരുന്നാലും അലാറം മുഴങ്ങില്ല. ഇരുന്നൂറിന് മുകളിലാണ് ഇത്തരം ചിപ്പിന് ആമസോണ്‍ വില്‍പ്പന കേന്ദ്രങ്ങള്‍ ഈടാക്കുന്നത്.
2021ൽ ഇന്ത്യയിൽ വാഹനാപകടങ്ങളിൽ ഏകദേശം 150,000 പേർ മരിച്ചതായി ഗഡ്കരി പറഞ്ഞു. ഓരോ നാല് മിനിറ്റിലും ഇന്ത്യന്‍ റോഡുകളിൽ ഒരു മരണം സംഭവിക്കുന്നതായി ലോകബാങ്ക് കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.