ഇനിമുതല്‍ വാഹനങ്ങളില്‍ എഥനോളും; ഫ്ലക്സ് എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
|ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകൾ
ഗതാഗത മേഖലയിലെ പരമ്പരാഗത ഇന്ധനങ്ങൾക്ക് പകരം എഥനോളിനെയും അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തെ വാഹന നിർമ്മാതാക്കൾ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമിക്കണമെന്ന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 'ബ്രസീലിലെ പോലെ, ഉപഭോക്താക്കൾക്ക് ഇന്ധനം തെരഞ്ഞെടുക്കാൻ ഫ്ലെക്സ് എഞ്ചിനുകൾകൂടി നിർമാതാക്കൾ ഉത്പ്പാദിപ്പിക്കണം. സാങ്കേതികവിദ്യ ലഭ്യമായതിനാൽ പുതിയ കുതിപ്പിനുള്ള സമയമാണിത്. വാഹന കമ്പനികള്‍ ബയോ-എഥനോൾ അനുയോജ്യ വാഹനങ്ങൾ വേഗത്തിൽ പുറത്തിറക്കാൻ ശ്രമിക്കണം' മന്ത്രി പറഞ്ഞു.
ആറ് മാസത്തിനകം രാജ്യത്ത് എഥനോൾ പമ്പുകളുടെ ശൃംഖല സ്ഥാപിക്കുമെന്ന് നേരത്തേ ഗതാഗത മന്ത്രാലയം പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ എഥനോൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയും പിന്നീട് പമ്പുകൾ സ്ഥാപിക്കുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. 2022 മുതൽ ഇന്ത്യയിലുടനീളം 10 ശതമാനം എഥനോൾ ചേർത്ത ഇന്ധനം കൊണ്ടുവരാനും ഇത് ഘട്ടംഘട്ടമായി 20 ശതമാനംവരെ വർധിപ്പിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.
എന്താണീ ഫ്ലെക്സ് എഞ്ചിൻ?
ഫ്ലക്സ് എഞ്ചിനുകൾ എന്നത് പുതിയൊരു ആശയമല്ല. വിവിധ രാജ്യങ്ങളിൽ ഇപ്പോൾതന്നെ ഇവ ഉപയോഗിക്കുന്നുണ്ട്. ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകൾ. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.