ഒറ്റ ചാർജിൽ 550 കിലോമീറ്റർ, ഇലക്ട്രിക് വിപ്ലവത്തിന് ജീപ്പും; 'അവഞ്ചർ' വരുന്നു
|400 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന പുതിയ 54 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന് തുടിപ്പേകുന്നത്
വാഹനവിപണി ഇക്ട്രിക്കിനെ പുണരുന്ന പുതിയ കാലത്ത് പുതിയ എസ്‌യുവിയുമായി ജീപ്പ്. ബ്രാൻഡിന്റെ ആദ്യത്തെ ഫുൾ- ഇലക്ട്രിക് എസ് യുവി എന്ന പ്രത്യേകതയാണ് അവഞ്ചർ എന്ന് പേരിട്ടിരിക്കുന്ന ഇവിക്കുള്ളത്. നോർമൽ, ഇക്കോ, സ്പോർട്ട്, സ്നോ, മഡ്, സാൻഡ് എന്നിങ്ങനെ നിരവധി ഡ്രൈവ്, ടെറൈൻ മോഡുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഓഫ്-റോഡ് ഉപയോഗത്തിനും വാഹനം പ്രാപ്തമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
154 എച്ച്പി, 260 എൻഎം പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഹൃദയത്തിന് മുതൽകൂട്ടായി 400 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയുന്ന പുതിയ 54 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് വാഹനത്തിന് തുടിപ്പേകുന്നത്. എന്നാൽ ഡ്രൈവിംഗ് സാഹചര്യങ്ങൾക്കനുസരിച്ച് ഇത് 550 കിലോമീറ്റർ വരെയാകുമെന്ന് ജീപ്പ് അവകാശപ്പെടുന്നു. 100kW കേബിൾ വഴി 24 മിനിറ്റിനുള്ളിൽ ബാറ്ററി 20-80 ശതമാനം ചാർജ് ചെയ്യാം.
ജീപ്പിന്റെ രൂപകൽപ്പനയോടെയാണ് അവഞ്ചറും എത്തുന്നത്. ഇരുവശത്തും എൽഇഡി ഹെഡ്ലൈറ്റുകളാൽ ചുറ്റപ്പെട്ട ചെറുതായി വളഞ്ഞ ഗ്രില്ല് നൽകിയിട്ടുണ്ട്. ഒരു ജീപ്പ് എസ്‌യുവി ആയതിനാൽ തന്നെ മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് ഇലക്ട്രിക് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിനുള്ളത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനലും സമാനമായ വലിപ്പത്തിലുള്ള ഡിജിറ്റൽ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.
നേരത്തെ പാരീസ് മോട്ടോർ ഷോയിലും അവഞ്ചർ ഇലക്ട്രിക് എസ്‌യുവി കമ്പനി പ്രദർശിപ്പിച്ചിരുന്നു.