ഒരു ലക്ഷത്തിൽ താഴെ ഒരു കാവസാക്കി ബൈക്ക്; ഇലക്ട്രിക് വിപണിയിലും കമ്പനിയുടെ അരങ്ങേറ്റം
|16 ഇഞ്ച് സൈസുള്ള ഓഫ്റോഡ് ടയറോട് കൂടിയ ഇലക്ട്രോഡിന് പിറകിൽ 160 എംഎം ഡിസ്ക് ബ്രേക്കുമുണ്ട്.
ലോകത്ത് തന്നെ ഇരുചക്രവാഹന പ്രേമികളുടെ നെഞ്ചിടിപ്പുകളിലൊന്നാണ് ജപ്പാൻ കരുത്തായ കവാസാക്കിയുടെ മോഡലുകൾ. കരുത്തിന്റെ പര്യായമായ കാവസാക്കി ഇപ്പോൾ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കുകയാണ്. പക്ഷേ ചെറിയൊരു ട്വിസ്റ്റുണ്ട്. വമ്പൻ കരുത്തുള്ള പെട്രോൾ എഞ്ചിനുള്ള ബൈക്കുകൾ പുറത്തിറക്കുന്ന കവാസാക്കി ഇലക്ട്രിക്കിലേക്ക് വന്നപ്പോൾ ആദ്യമായി പുറത്തിറക്കുന്നത് കുട്ടികൾക്ക് ഉപയോഗിക്കാനുള്ള കരുത്ത് കുറഞ്ഞ ഇലക്ട്രിക്ക് ബൈക്കുകളാണ്. നമ്മുടെ നാട്ടിൽ കുട്ടികൾക്ക് ' സൈക്കിൾ ബാലൻസ്' കിട്ടിക്കഴിഞ്ഞാൽ അടുത്ത സ്റ്റെപ്പിൽ ഉപയോഗിക്കാനുള്ള ഒരു മോഡലായാണ് കവാസാക്കിയുടെ ഇലക്ട്രോഡ് എന്ന് വിളിക്കുന്ന ഈ മോഡലിനെ കണക്കാക്കേണ്ടത്.
36 വോൾട്ട് 5.1 എഎച്ച് ബാറ്ററിയാണ് ഈ മോഡലിന്റെ പവർ ഹൗസ്. 2.5 മണിക്കൂർ വരെ ഉപയോഗിക്കാൻ ഈ ബാറ്ററികൊണ്ട് സാധിക്കും. 250 വാട്ടാണ് മോട്ടോറിന്റെ കരുത്ത്. 5A ചാർജിങ് സോക്കറ്റ് ഉപയോഗിച്ച് ചാർജ് ചെയ്താൽ രണ്ടര മണിക്കൂർ കൊണ്ട് ഈ സ്കൂട്ടർ ഫുൾ ചാർജാകും.
കുട്ടികലെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ മോഡലിന്റെ പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്ററാണ്. മൂന്ന് മോഡുകളിലൂടെ വേഗത നിയന്ത്രിക്കാനും സാധിക്കും. ലോ മോഡ്- 8 കിലോമീറ്റർ വേഗത, മീഡിയം മോഡ് 12- കിലോമീറ്റർ വേഗത, ഹൈ മോഡ്- 20 കിലോമീറ്റർ വേഗത എന്നിങ്ങനെയാണ് മോഡുകളുടെ പരമാവധി വേഗത. മോഡ് മാറ്റണമെങ്കിൽ രക്ഷിതാക്കളുടെ കൈയിലുള്ള പാസ് വേർഡ് ആവശ്യമാണ്. 45 കിലോഗ്രാം വരെ ഭാരം കയറ്റാൻ സാധ്യതയുള്ള ഈ മോഡലിന് സൈക്കിളുടേത് പോലെ സീറ്റ് ഹൈറ്റും ഹാൻഡിൽ ബാർ ഹൈറ്റും ക്രമീകരിക്കാൻ പറ്റും.
16 ഇഞ്ച് സൈസുള്ള ഓഫ്റോഡ് ടയറോട് കൂടിയ ഇലക്ട്രോഡിന് പിറകിൽ 160 എംഎം ഡിസ്ക് ബ്രേക്കുമുണ്ട്.
ആഗോളമാർക്കറ്റിൽ അവതരിപ്പിച്ചെങ്കിലും ഇന്ത്യയിലെ ഈ വാഹനം അവതരിപ്പിക്കാനുള്ള സാധ്യത വിരളമാണ്. 1,099 (85,513 ഇന്ത്യൻ രൂപ) ഡോളറാണ് വാഹനത്തിന്റെ അന്താരാഷ്ട്ര മാർക്കറ്റിലെ വില.
Summary: Kawasaki unveils first fully electric bike, the Elektrode