കുതിച്ചു കയറി ബുക്കിങ്; അഞ്ചുമാസം കാത്തുനിൽക്കണം കിയ കാരൻസ് കൈയിൽ കിട്ടാൻ
|50,000ത്തിലധികം ബുക്കിങ്ങുകളാണ് കാരൻസ് ഇതുവരെ നേടിയത്.
കിയ കാരൻസ് ഇന്ത്യയിലെ എംപിവി മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ജനുവരി 14 ന് ലോഞ്ചായതിന് പിന്നാലെ നിരവധി ബുക്കിങുകളാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്കിങുകളുടെ ആധിക്യം മൂലം 5 മാസമായി ഉയർന്നിരിക്കുകയാണ് കാരൻസിന്റെ ചില വേരിയന്റുകളുടെ ബുക്കിങ് കാലയളവ്.
കാരൻസിന്റെ എല്ലാ ഡീസൽ വേരിയന്റുകൾക്കും കുറഞ്ഞ ബുക്കിങ് കാലയളവ് 20-21 ആഴ്ചകളാണ്. 1.4 ടി ലക്ഷ്വറി വേരിയന്റിന്റെ ബുക്കിങ് കാലയളവ് 16 ആഴ്ചകളാണ്. നിലവിൽ ഏറ്റവും കുറഞ്ഞ ബുക്കിങ് കാലയളവ് 1.4 ടർബോ പെട്രോൾ ലക്ഷ്വറി വേരിയന്റിനാണ്. ബുക്ക് ചെയ്തു 14 ആഴ്ചകൾക്കുള്ളിൽ വാഹനം ലഭിക്കും.
പ്രെസ്റ്റീജ്, ലക്ഷ്വറി പ്ലസ് ഡിസിടി വേരിയന്റുകൾക്കാണ് ഏറ്റവും കൂടിയ വെയിറ്റിങ് പിരീഡ്- അഞ്ചുമാസമെടുക്കും ഈ വേരിയന്റ് കൈയിൽ കിട്ടാൻ. 1.5 ലിറ്റർ പെട്രോൾ വേരിയന്റിനാണ് ഏറ്റവും കുറവ് ഡിമാൻഡ്. എൻട്രി ലെവൽ മോഡലായ 1.5 ലിറ്റർ പെട്രോൾ പ്രീമിയം മോഡലിന് 32 ആഴ്ചയാണ് വെയിറ്റിങ് പിരീഡ്. 1.5 ലിറ്റർ പ്രെസ്റ്റീജ് വേരിയന്റിന് 49 ആഴ്ചയാണ് വെയിറ്റിങ് പിരീഡ്.
2022 ജനുവരി 14 ന് ബുക്കിങ് ആരംഭിച്ച് ഇന്നുവരെ 50,000ത്തിലധികം ബുക്കിങ്ങുകളാണ് കാരൻസ് നേടിയത്.
ബുക്കിങുകളിൽ 42 ശതമാനവും വന്നത് വൻ നഗരങ്ങളല്ലാത്ത ടയർ-3 നഗരങ്ങളിൽ നിന്നാണെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ ബുക്കിങ് ലഭിച്ചിരിക്കുന്നത് ടോപ് എൻഡ് വേരിയന്റുകളായ ലക്ഷ്വറിക്കും ലക്ഷ്വറി പ്ലസ് വേരിയന്റിനുമാണ്.
പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് ഒരുപോലെയാണ് ബുക്കിങ് ലഭിച്ചിരിക്കുന്നത്. 30 ശതമാനം ആൾക്കാരാണ് ഓട്ടോമാറ്റിക്ക് വേരിയന്റ് ബുക്ക് ചെയ്തിരിക്കുന്നത്.
8.99 ലക്ഷത്തിൽ ആരംഭിച്ച് 16.99 ലക്ഷത്തിലാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വില. അഞ്ച് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. പ്രീമിയം, പ്രെസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിവയാണ് വിവിധ വേരിയന്റുകൾ.
ഏഴ് സീറ്റുള്ള ഈ എംപിവിക്ക് കരുത്ത് പകരുന്നത് കിയ സെൽറ്റോസിൽ ഉപയോഗിച്ച അതേ എഞ്ചിനാണ്. ഇതിനോടകം തന്നെ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന കാരൻസിന്റെ ഡിസൈനിൽ മെലിഞ്ഞ ഗ്രില്ലും, ' വൈ ' ഷേപ്പിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ഹെഡ്‌ലാമ്പുകളും നൽകിയിട്ടുണ്ട്. അകത്തേക്ക് വന്നാൽ 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റത്തിന് അകമ്പടിയായി എട്ട് ബോസ് സ്പീക്കറുകളുമുണ്ട്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും കാരൻസ് നൽകുന്നുണ്ട്. കൂടാതെ ഉയർന്ന വേരിയന്റുകളിൽ നാലു വീലുകളിലും ഡിസ്‌ക്ക് ബ്രേക്കും, ഡ്രൈവ് മോഡുകളും, ഓട്ടോമാറ്റിക്ക് വേരിയന്റുകളിൽ പാഡിൽ ഷിഫ്‌റ്റേഴ്‌സും നൽകുന്നുണ്ട്. കൂടാതെ ആംബിയന്റ് ലൈറ്റിങും സൺറൂഫും വെന്റിലേറ്റഡ് സീറ്റുകളും ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എസിയും എയർ പ്യൂരിഫയറും വിവിധ വേരിയന്റുകളിൽ കാരൻസ് നൽകുന്നുണ്ട്.
നാല് എഞ്ചിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. 133 ബിഎച്ച്പി പവറും 144 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 138 ബിഎച്ച്പി പവറും 242 എൻഎം ടോർക്കുമുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് വിവിധ എഞ്ചിൻ ഓപ്ഷനുകൾ.
6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക്, 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് എന്നിങ്ങനെ ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്.
പെട്രോൾ വേരിയന്റിന് 16.5 കിലോമീറ്ററും ഡീസലിന് 21.3 കിലോമീറ്ററുമാണ് എആർഎഐ അംഗീകരിച്ച മൈലേജ്.