325 കിലോമീറ്റർ വേഗത, 100 കിലോമീറ്റർ വേഗതയെത്താൻ 3 സെക്കൻഡുകൾ മാത്രം; നിരത്തിൽ ഹുങ്കാരമാകാൻ ലംബോർഗിനി ഹുറാകാൻ ടെക്‌നിക
|5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എന്ന ഈ വി10 എഞ്ചിന് 640 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കും.
ലോകത്തെ സൂപ്പർ കാർ നിർമാതാക്കളിൽ വമ്പൻമാരായ ലംബോർഗിനി അവരുടെ ഏറ്റവും പുതിയ മോഡലായ ഹുറാകാൻ ടെക്‌നിക ഇന്ത്യയിലും അവതരിപ്പിക്കുന്നു. ഏപ്രിലിൽ ആഗോള മാർക്കറ്റിൽ അവതരിപ്പിച്ച ഈ പവർ ഹൗസ് ആഗസ്റ്റ് 25 ന് ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഗ്ലോബൽ ലോഞ്ചിന് പിന്നാലെ തന്നെ വാഹനത്തിന് ഇന്ത്യയിൽ നിന്ന് ബുക്കിങ് ലഭിക്കുന്നുണ്ടെന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഹുറാകാൻ ഇവോയ്ക്കും ട്രാക്ക് ബേസ്ഡ് വാഹനമായ ഹുറാകാൻ എസ്.ടി.ഒയ്ക്കും ഇടയിലാണ് ഹുറാകാൻ ടെക്‌നികയെ ലംബോർഗിനി പ്ലേസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പവറിന്റെയും യൂസബിലിറ്റിയും ഒരുപോലെ ചേർത്തായിരിക്കും വാഹനമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ട്രാക്ക് ബേസ്ഡ് വാഹനമായ എസ്.ടി.ഒയിലെ അതേ എഞ്ചിൻ തന്നെയാണ് ടെക്‌നികയുടെ കരുത്ത്. 5.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എന്ന ഈ വി10 എഞ്ചിന് 640 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കും. 7 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സ് കുതിപ്പിന്റെ വേഗം വീണ്ടും വർധിപ്പിക്കും.
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 3.2 സെക്കൻഡുകളും പൂജ്യത്തിൽ നിന്ന് 200 കിലോമീറ്റർ വേഗതയിലെത്താൻ 9.1 സെക്കൻഡുകളും മതി ഈ കരുത്തന്. മണിക്കൂറിൽ പരമാവധി 325 കിലോമീറ്റർ വേഗതയിൽ കുതിക്കാനും ടെക്‌നികയ്ക്ക് കഴിയും. കുതിപ്പിന് ഇണങ്ങിയ ബ്രേക്കിങ് സാങ്കേതികവിദ്യയും വാഹനത്തിന് നൽകിയിട്ടുണ്ട്. കാർബൺ സെറാമിക്ക് ബ്രേക്കുകളാണ് ടെക്‌നികയെ പിടിച്ചു നിർത്തുക.
1,379 കിലോഗ്രാം ഭാരമുള്ള ടെക്‌നികയ്ക്ക് 20 ഇഞ്ച് ടയറുകളാണ് നൽകിയിരിക്കുന്നത്.
വാഹനത്തിന്റെ ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ല. 5 കോടിക്ക് മുകളിലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.