Auto
ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ലാംബ്രട്ട സ്‌കൂട്ടറുകൾ
Auto

ഇന്ത്യയിലേക്ക് തിരിച്ചുവരാനൊരുങ്ങി ലാംബ്രട്ട സ്‌കൂട്ടറുകൾ

Web Desk
|
3 Sep 2022 12:09 PM GMT

200 സിസി, 350 സിസി എന്നിങ്ങനെ അതിഭീകര കരുത്തുള്ള സ്‌കൂട്ടറുകളാണ് തിരിച്ചുവരവിൽ ലാംബ്രട്ട ആയുധമാക്കുന്നത്.

അറുപതുകളിൽ ബോളിവുഡ് സിനിമ മുതൽ ഗ്രാമീണ റോഡുകളിൽ വരെ നിറഞ്ഞുനിന്ന സ്‌കൂട്ടറായിരുന്നു ലാംബ്രെട്ട. പലരുടേയും കുട്ടിക്കാലത്തേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് ആ പേരും സ്‌കൂട്ടറും. 1976 വരെ ഇന്ത്യയിൽ ലാംബ്രട്ട സ്‌കൂട്ടറുകൾ വിൽപ്പന അവസാനിപ്പിച്ചിരുന്നു.

ഇറ്റലിക്കാരനായ ലാംബ്രട്ട സ്‌കൂട്ടറുകൾ ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ കമ്പനിയായ ബേർഡ് ഗ്രൂപ്പുമായി ചേർന്നാണ് ലാംബ്രട്ട തിരിച്ചുവരവിന് ശ്രമിക്കുന്നത്.

200 സിസി, 350 സിസി എന്നിങ്ങനെ അതിഭീകര കരുത്തുള്ള സ്‌കൂട്ടറുകളാണ് തിരിച്ചുവരവിൽ ലാംബ്രട്ട ആയുധമാക്കുന്നത്. കൂടാതെ ഇലക്ട്രിക സ്‌കൂട്ടറും ഇതിനോട് പിന്നീട് കൂട്ടിച്ചേർക്കപ്പെടും. 2023 ൽ ആദ്യ സ്‌കൂട്ടർ പുറത്തിറങ്ങും.

അഞ്ചു വർഷം കൊണ്ട് 200 മില്യൺ യുഎസ് ഡോളർ ഇരു കമ്പനികളും ചേർന്ന് ഇന്ത്യയിൽ നിക്ഷേപിക്കാനാണ് പദ്ധതി. 2023 ൽ പൂർണമായും ഇറക്കുമതി ചെയ്താണ് സ്‌കൂട്ടറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുക. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തിൽ വില കൂടുതലായിരിക്കും. എന്നാൽ 2024 ന്റെ ആദ്യപാദത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് ഉത്പാദനം ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

നിലവിൽ 70 ഓളം രാജ്യങ്ങളിൽ ലാംബ്രട്ട സ്‌കൂട്ടറുകൾ വിൽക്കുന്നുണ്ട്. പ്രതിവർഷം ആഗോളതലത്തിൽ ഒരുലക്ഷം യൂണിറ്റ് ലാംബ്രട്ട സ്‌കൂട്ടറുകൾ വിൽക്കപ്പെടുന്നുണ്ട്. ഇന്ത്യയിൽ കൂടി സാന്നിധ്യം ഉറപ്പിക്കുന്നതോടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നതോടെ 5,000 പേർക്കെങ്കിലും ജോലി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

Similar Posts