സൗദിയിൽ നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാറുകൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യും
|ലൂസിഡ് കാറുകൾ ഗൾഫ് വിപണിയിലേക്ക്
ജിദ്ദ: സൗദി അറേബ്യയിൽ നിർമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാറുകൾ യുഎഇയിലേക്ക് കയറ്റുമതി ചെയ്യും. മിഡിലീസ്റ്റിൽ കൂടുതൽ രാജ്യങ്ങളിലേക്ക് കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗിക ഉടമസ്ഥതയിൽ ജിദ്ദയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
കഴിഞ്ഞ സെപ്തംബറിലാണ് അമേരിക്കൻ ഇലക്ട്രിക് കാർ നിർമാതാക്കളായ ലൂസിഡ് മോട്ടോഴ്സിന്റെ ആദ്യ അന്താരാഷ്ട്ര ഫാക്ടറി സൗദിയിലെ ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചത്. രണ്ടു മാസത്തിനകം തന്നെ ആദ്യ കാറുകൾ ലേലത്തിൽ വിൽപ്പന ആരംഭിച്ചു. തുടർന്ന് അൽ ഉല റോയൽ കമ്മീഷന് വേണ്ടി ലൂസിഡ് നിർമിച്ച ആദ്യ ബാച്ച് കാറുകൾ കൈമാറി. കഴിഞ്ഞ മാസം സൗദി പൊലീസിന് വേണ്ടിയും അത്യാധുനിക അതിവേഗ ഇലക്ട്രിക് കാറുകൾ ലൂസിഡ് പുറത്തിറക്കി. അതിന് പിന്നാലെയാണ് ഇപ്പോൾ യുഎഇയിലേക്ക് സൗദിയിൽ നിന്നും കാറുകൾ കയറ്റുതി ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നത്. റിയാദിൽ ലീപ് കൺവെൻഷനിൽ കമ്പനിയുടെ മിഡിൽ ഈസ്റ്റ് സിഇഒ ഫൈസൽ ബിൻ സുൽത്താനാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ യുഎഇയിലേക്കുള്ള കയറ്റുമതി ആരംഭിക്കാനാണ് പദ്ധതി. യുഎഇ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ മറ്റു ചില രാജ്യങ്ങളിലേക്ക് കൂടി കമ്പനിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനും നീക്കമുണ്ട്. തുടക്കത്തിൽ സൗദിയിൽ നിർമിച്ച കാറുകളാണ് യുഎഇ വിപണിയിലെത്തിക്കുക. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച്, കാറോടിക്കുമ്പോൾ തന്നെ മറ്റു ജോലികളും ചെയ്യാൻ സാധിക്കുന്നവിധം സ്മാർട്ട് കാറുകൾ പുറത്തിറക്കുന്നതിനെ കുറിച്ചും ലൂസിഡ് ആലോചിക്കുന്നുണ്ട്.