ബ്രിട്ടനിൽനിന്ന് മോഷ്ടിച്ച ആഡംബര കാറുകൾ 10,000 കിലോമീറ്റർ അകലെ; കണ്ടെത്തിയത് എട്ട് വർഷത്തിനുശേഷം
|മോഷ്ടിക്കപ്പെട്ട കാറുകളുടെ വില ഏകദേശം 70 കോടി രൂപ വരും
ഇതൊരു അസാധാരണ മോഷണത്തിന്റെ കഥയാണ്. ഒരേസമയം കൗതുകവും ആശങ്കയും തീർക്കുന്ന മോഷണം. ഇവിടെ മോഷ്ടിക്കപ്പെട്ടിരിക്കുന്നത് ഏതൊരു വാഹന പ്രേമിയും കൊതിച്ചുപോകുന്ന കാറുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബരം നിറഞ്ഞ സൂപ്പർ കാറുകളും സ്പോർട്സ് കാറുകളും. ഒന്നും രണ്ടും കാറുകളല്ല, 35 എണ്ണം. അവ കടത്തിക്കൊണ്ടുപോയത് രാജ്യാതിർത്തികളും കടലുകളും കടന്ന് 10,000 കിലോമീറ്റർ അകലെ ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക്. ഒടുവിൽ ആ വാഹനങ്ങൾ കണ്ടെടുക്കാൻ പൊലീസിന് വേണ്ടി വന്നത് എട്ട് വർഷം.
ഈ മോഷണങ്ങൾ നടക്കുന്നത് അങ്ങ് ബ്രിട്ടനിലാണ്. 2016, 2017 വർഷങ്ങളിലായാണ് ഈ കാറുകൾ കടൽ കടക്കുന്നത്. മോഷ്ടിക്കപ്പെട്ട കാറുകളുടെ വില ഏകദേശം 70 കോടി രൂപ വരും. ലംബോർഗിനി ഹുറാകാൻ സ്പൈഡർ, മൂന്ന് ബിഎംഡബ്ല്യു എം4, മൂന്ന് നിസാൻ ജിടിആർ, രണ്ട് പോർഷെ 718 ബോക്സ്റ്റേഴ്സ്, ഒരു പോർഷെ കെയ്മാൻ, റേഞ്ച് റോവർ സ്പോർട്, മെഴ്സിഡസ് എഎംജി ജി63, ഫോർഡ് മസ്താങ് കൺവെർട്ടിബിൾ... ഇങ്ങനെ പോകുന്നു മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ നിര. രാജ്യത്ത് ലക്ഷ്വറി കാർ വടകയ്ക്ക് നൽകുന്നയിടങ്ങളിൽനിന്നും ഡീലർഷിപ്പുകളിൽനിന്നുമെല്ലാമാണ് മോഷ്ടാക്കൾ കാറുകൾ അതിവിദഗ്ധമായി കടത്തിക്കൊണ്ടുപോയത്.
ഇനിയാണ് കഥയിലെ യഥാർഥ ട്വിസ്റ്റ് വരുന്നത്. ഈ വാഹനങ്ങൾ എല്ലാം കൊണ്ടുപോയത് ബ്രിട്ടനിൽനിന്ന് 10,000 കിലോമീറ്റർ അകലെയുള്ള തായ്‍ലൻഡിലേക്കാണെന്ന് കേൾക്കുമ്പോൾ ആരും ഒന്ന് ഞെട്ടും. മോഷ്ടിക്കാനായി ബ്രിട്ടനിലെ വാഹനങ്ങൾ തന്നെ തെരഞ്ഞെടുക്കാനും കാരണമുണ്ട്. തായ്‍ലൻഡിന് സമാനമായി ബ്രിട്ടനിലും റൈറ്റ് ഹാൻഡ് ഡ്രൈവാണ്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ദിവസങ്ങൾക്ക് മുമ്പാണ് ഈ കാറുകൾ പൊലീസ് കണ്ടെത്തുന്നത്.
സാമ്പത്തിക തട്ടിപ്പിലൂടെയാണ് കാറുകൾ മോഷ്ടാക്കൾ സ്വന്തമാക്കുന്നത്. തുടർന്ന് കപ്പലിലും വിമാനത്തിലുമായി ഇവ തായ്‍ലൻഡിലെത്തിച്ചു. ഷോറൂമുകൾ വഴിയായിരുന്നു ഇവയുടെ വിൽപന. തായ്‍ലൻഡിൽ വാഹനം വാങ്ങിയവർക്ക് ഇത് ബ്രിട്ടനിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണെന്ന വിവരം അറിയില്ലായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
വഴിത്തിരിവായത് ആ സംഭവം
ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് സതാംപ്ടൺ. ഓരോ വർഷവും ഈ തുറമുഖം വഴി 8.2 ലക്ഷം കാറുകളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി നിയമവിധേയമായി അയക്കുന്നത്. മോഷ്ടിക്കപ്പെട്ട നാല് മെഴ്സിഡസ് ബെൻസ് കാറുകൾ ഈ തുറമുഖത്തെ കണ്ടെയ്നറിൽനിന്ന് പൊലീസ് കണ്ടെടുത്തതോടെയാണ് വലിയരീതിയിലുള്ള അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടത്. സിംഗപ്പൂർ വഴി തായ്‍ലാൻഡിലേക്കാണ് ഈ വാഹനങ്ങൾ അയക്കുന്നതെന്ന് മനസ്സിലാക്കി. തുടർന്ന് ഓപറേഷൻ ടൈറ്റാനിയം എന്ന പേരിൽ പൊലീസ് ദൗത്യമാരംഭിച്ചു.
ഇതിന്റെ തുമ്പ് പിടിച്ചുപോയ പൊലീസിന് പല വാഹനങ്ങളും തായ്‍ലൻഡിലേക്ക് കടത്തിയതായി മനസ്സിലായി. കപ്പൽ കൂടാതെ ഹീത്രു വിമാനത്താവളം വഴിയും നിരവധി കാറുകൾ കടത്തിയിട്ടുണ്ട്. തുടർന്ന് തായ് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഓരോ വാഹനങ്ങളും കണ്ടെടുക്കുകയും ബ്രിട്ടനിലേക്ക് തിരികെയെത്തിക്കുകയുമായിരുന്നു. 30 കാറുകളാണ് കഴിഞ്ഞയാഴ്ച തിരികെ എത്തിച്ചത്. തായ്ലാൻഡിലേക്ക് കടത്തിയ അഞ്ച് കാറുകൾ കൂടി കണ്ടെത്താനുണ്ട്.
ബ്രിട്ടനിൽ നടക്കുന്ന കാർ മോഷണങ്ങളിൽ അഞ്ചിൽ നാലിന് പിന്നിലും സംഘടിത കുറ്റവാളികളാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇവ ഉപയോഗിക്കുന്നത്. മോഷ്ടിക്കപ്പെടുന്ന കാറുകളിൽ വളരെ കുറച്ചു മാത്രമാണ് പൊലീസിന് കണ്ടെത്താൻ സാധിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഈ വാഹനങ്ങൾ വിദേശത്തേക്ക് കടത്തുന്നു എന്നതിനാലാണ്.
2024ന്റെ രണ്ടാം പകുതിയിൽ ബ്രിട്ടനിലെ തുറമുഖങ്ങൾ വഴി മോഷണ കാറുകൾ കയറ്റി അയക്കുന്നതിൽ 29 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ ആഴ്ചയും 10 മുതൽ 15 കാറുകൾ വരെ അധികൃതർ പിടികൂടുന്നുണ്ട്. എന്നാൽ, ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. സെപ്റ്റംബറിൽ മാത്രം 325 വാഹനങ്ങളാണ് പിടികൂടിയത്. 196 പേർ ഈ കേസുകളിലായി അറസ്റ്റിലാവുകയും ചെയ്തു.
മുന്നിൽ കോംഗോ
മോഷ്ടിക്കപ്പെടുന്ന കാറുകൾ കൂടുതലും തായ്‍ലൻഡിലേക്കാണ് പോകുന്നതെന്ന് കരുതിയാൽ തെറ്റി. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിലേക്കാണ് ഏറ്റവും കൂടുതൽ കാറുകൾ കടത്തുന്നതെന്ന് പൊലീസിന്റെ കണക്കുകൾ പറയുന്നു. രണ്ടാമതുള്ളത് യുഎഇയാണ്. വിദേശത്തേക്ക് ചരക്കുകൾ കയറ്റി അയക്കുമ്പോൾ വലിയരീതിയിലുള്ള പരിശോധനയില്ല എന്നതാണ് കുറ്റവാളികൾക്ക് സഹായകരമാകുന്നത്. ഏകദേശം 2000 യൂറോ, അതായത് രണ്ട് ലക്ഷം രൂപയുണ്ടെങ്കിൽ കണ്ടെയ്നർ വഴി എന്തും കയറ്റി അയക്കാമെന്നതാണ് സ്ഥിതി. വലിയൊരു കപ്പലിൽ 20,000 വരെ കണ്ടെയ്നറുകൾ കൊള്ളും. ഇത്തരത്തിൽ പതിനായിരക്കണക്കിന് കണ്ടെയ്നറുകളാണ് ഓരോ ദിവസവും ബ്രിട്ടനിലെ തുറമുഖങ്ങളിൽനിന്ന് പോകുന്നത്. ഇവ പൂർണമായും പരിശോധിക്കുക എന്നത് അസാധ്യമാണെന്ന് അധികൃതർ തന്നെ സമ്മതിക്കുന്നു. ഇത് തന്നെയാണ് മോഷ്ടാക്കൾക്ക് സഹായകരമാകുന്നതും.
ഒരു തവണ കണ്ടെയ്നർ തുറന്നുനോക്കിയപ്പോൾ ആദ്യം പൊലീസ് കണ്ടത് സോഫകളും കിടക്കകളുമാണ്. ഇവ മാറ്റി നോക്കിയപ്പോഴാണ് യാഥാർഥ്യം മനസ്സിലാകുന്നത്. മൂന്ന് കാറുകളാണ് അവക്കിടയിൽ ഒളിപ്പിച്ചുവെച്ചിരുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടാത്ത കണ്ടെയ്നറുകളിൽ ദിവസവും നിരവധി കാറുകളാണ് ബ്രിട്ടനിൽനിന്ന് കപ്പൽ കയറുന്നത്.