ചിപ്പ് ക്ഷാമം; മാരുതിക്ക് പിന്നാലെ മഹീന്ദ്രയും ഉത്പാദനം കുറയ്ക്കുന്നു
|അതേസമയം മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച അവരുടെ ഫ്‌ളാഗ് ഷിപ്പ് മോഡലായ എക്‌സ്.യു.വി 700 ന്റെ ഉത്പാദനത്തിൽ സെമി-കണ്ടക്ടർ ക്ഷാമം കാര്യമായി ബാധിക്കാതെയിരിക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്.
ആഗോളതലത്തിൽ തന്നെ വാഹനമേഖല നേരിടുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് സെമി കണ്ടക്ടറുകളുടെ ക്ഷാമം. ഇന്ത്യൻ വാഹന നിർമാതാക്കളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
സെമി കണ്ടക്ടർ അഥവാ ചിപ്പ് ക്ഷാമം മൂലം ഉത്പാദനം വെട്ടിക്കുറച്ച ആദ്യ ഇന്ത്യൻ വാഹന നിർമാണ കമ്പനി സാക്ഷാൽ മാരുതി സുസുക്കിയായിരുന്നു. കഴിഞ്ഞ ദിവസമാണ് മാരുതി തങ്ങളുടെ ഉത്പാദനം 60 ശതമാനം കുറച്ചതായി അറിയിച്ചത്. മാരുതിക്ക് പിന്നാലെ മറ്റൊരു ഇന്ത്യൻ കമ്പനിയായ മഹീന്ദ്ര കൂടി തങ്ങളുടെ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതായി അറിയിച്ചത്.
കോവിഡ് ലോക് ഡൗൺ മൂലമാണ ആഗോളവ്യാപകമായി സെമി കണ്ടക്ടറുകൾക്ക് ക്ഷാമം നേരിട്ടു തുടങ്ങിയത്. ഇപ്പോഴുള്ള എല്ലാ വാഹനങ്ങളും ഇസിയു അധിഷ്ഠിതമായി പ്രവർത്തിക്കുന്നത് സെമി കണ്ടക്ടറുകളുടെ ഉപയോഗം വളരെയധികം വർധിച്ചിട്ടുണ്ട്. ക്ഷാമം മറിക്കടക്കാനായി സെപ്റ്റംബറിൽ ഏഴ് ദിവസം മഹീന്ദ്ര തങ്ങളുടെ എല്ലാ വാഹനങ്ങളുടെ ഉത്പാദനം രാജ്യത്തെ എല്ലാ പ്ലാന്റുകളിലും നിർത്തിവെക്കും. ഇതുവഴി 20-25 ശതമാനം ഉത്പാദനകുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളും ഉത്പാദന ചെലവ് കൂടാനും തന്മൂലം ലാഭത്തിൽ കുറവ് വരാനും സാധ്യതയുണ്ട്.
അതേസമയം മഹീന്ദ്ര കഴിഞ്ഞ ഓഗസ്റ്റ് 15 ന് അവതരിപ്പിച്ച അവരുടെ ഫ്‌ളാഗ് ഷിപ്പ് മോഡലായ എക്‌സ്.യു.വി 700 ന്റെ ഉത്പാദനത്തിൽ സെമി-കണ്ടക്ടർ ക്ഷാമം കാര്യമായി ബാധിക്കാതെയിരിക്കാൻ മഹീന്ദ്ര ശ്രമിക്കുന്നുണ്ട്. വാഹനത്തിന്റെ ബുക്കിങ് തീയതി ഉടൻ തന്നെ പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഇത്തരത്തിൽ സെമി കണ്ടകടറുകളുടെ ക്ഷാമം ഉപഭോക്താക്കളെ പ്രത്യക്ഷത്തിൽ ബാധിക്കുക വാഹനങ്ങളുടെ ബുക്കിങ് സമയത്തിലുണ്ടാകുന്ന വർധനവ് വഴിയാണ്. കൂടാതെ ചില വാഹന നിർമാതാക്കൾ വാഹനങ്ങൾക്ക് വില കൂട്ടാനും സാധ്യതയുണ്ട്.