'നെക്‌സോൺ ഒന്നു പേടിക്കണം'; മഹീന്ദ്ര എക്‌സ്‌യുവി 400 അടുത്ത മാസം എത്തിയേക്കും
|2025ഓടെ ഇന്ത്യൻ നിരത്തുകളിൽ അഞ്ച് ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്
നിലവിൽ ഇന്ത്യൻ ഇവി വിപണിയിലെ രാജാവ് ടാറ്റ നെക്‌സോൺ തന്നെയാണ്. ഇതിന് വെല്ലുവിളി ഉയർത്താനുള്ള ശ്രമത്തിലാണ് മറ്റു വാഹന നിർമാതാക്കൾ. ഇപ്പോഴിതാ മഹീന്ദ്ര, എക്‌സ്‌യുവി 300ന്റെ ഇലക്ട്രിക് പതിപ്പായ എക്‌സ്‌യുവി 400 സെപ്റ്റംബർ 6ന് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. 2020 ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഇ എക്‌സ്‌യുവി 300യുടെ പ്രൊഡക്ഷൻ പതിപ്പായിരിക്കും പുതിയ വാഹനം.
ഇലക്ട്രിക് മോട്ടറിനെപ്പറ്റിയോ റേഞ്ചിനെപ്പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 150 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും വാഹനത്തിൽ. വലിയ ടച്ച്‌സ്‌ക്രീൻ, എക്‌സ്‌യുവി 700 ക്ക് സമാനമായ ഡ്രൈവർ അസിസ്റ്റ് ഫീച്ചറുകൾ എന്നിവയുമുണ്ടാകും. രണ്ട് ബാറ്ററി ഓപ്ഷനുകളോടെ വാഹനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു തവണ ചാർജ്ജ് ചെയ്താൽ 350 മുതൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇന്ത്യൻ ഇലക്ട്രിക് വാഹന മേഖലയക്ക് പുത്തൻ പ്രതീക്ഷകൾ ഉയർത്തി മഹീന്ദ്രയും ഫോക്‌സ്‌വാഗണും കൈകോർക്കുന്നു. മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് പ്ലാറ്റ്ഫോമിലുള്ള ഇലക്ട്രിക് കാർ പാർട്സുകൾ ഫോക്‌സ്‌വാഗൺ മഹീന്ദ്രക്ക് വിതരണം ചെയ്യും. ഇതിനായി ഇരു കമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
പാർട്‌സ് വിതരണത്തിനപ്പുറം ബാറ്ററി സെല്ലുകളുടെ പ്രാദേശിക നിർമ്മാണം, പുതിയ വാഹന പദ്ധതികൾ, ചാർജിംഗ്, എനർജി ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവയാണ് മഹീന്ദ്രയും ഫോക്‌സ്‌വാഗൺ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. വാണിജ്യ, സാങ്കേതിക നിബന്ധനകൾക്കൊപ്പം പ്രാദേശിക ബാറ്ററി നിർമ്മാണത്തിനുള്ള സാധ്യതയും ധാരണാപത്രത്തിൽ ഉൾക്കൊള്ളുന്നു. 10 ലക്ഷം മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ഭാഗങ്ങൾ ഫോക്‌സ്‌വാഗൺ നൽകുമന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ മഹീന്ദ്ര ഇതിനകം സാന്നിധ്യമാറിയിച്ചിട്ടുണ്ടെങ്കിലും ഫോക്‌സ്‌വാഗൺ ഇതുവരെ ഇവിടെ ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിട്ടില്ല. എന്നാൽ ആഗോളതത്തിൽ ഇലക്ട്രിക് വാഹന രംഗത്ത് വലിയ പോരാട്ടമാണ് ജർമൻ ബ്രാൻഡ് കാഴ്ചവെക്കുന്നത്. 2025ഓടെ ഇന്ത്യൻ നിരത്തുകളിൽ അഞ്ച് ഇലക്ട്രിക് വാഹനങ്ങൾ എന്ന ലക്ഷ്യവുമായി 3000 കോടി നിക്ഷേപിക്കുമെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.