456 കിലോമീറ്റർ റേഞ്ച്, 50 മിനിറ്റിൽ 80 ശതമാനം ചാർജ്; നെക്‌സോൺ ഇവിയെ വീഴ്ത്താനുറച്ച് മഹീന്ദ്ര എക്സ്.യു.വി 400
|മഹീന്ദ്രയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോഡലല്ല എക്‌സ്‌യുവി 400. എന്നാൽ മഹീന്ദ്ര ഇവിയുടെ രണ്ടാം വരവിലെ ആദ്യ അവതാരമാണ് എക്‌സ്‌യുവി 400.
ഇന്ത്യൻ ഇലക്ട്രിക് കാർ മേഖലയിൽ നിലവിൽ ടാറ്റക്ക് കടുത്ത എതിരാളികളൊന്നുമില്ല എന്ന് തന്നെ പറയാം. അവരുടെ നെക്‌സോൺ ഇവിയുടെ വിൽപ്പന കണക്കുകൾ അത് സൂചിപ്പിക്കുന്നതാണ്. ഇപ്പോൾ മഹീന്ദ്ര എക്‌സ്‌യുവി 400 (XUV 400) എന്ന ഇവി മോഡലുമായി നെക്‌സോൺ ഇവിക്ക് നേരിട്ടുള്ള എതിരാളിയായി രംഗത്ത് വന്നിരിക്കുയാണ്.
ഐസിഇ എഞ്ചിനുള്ള കോംപാക്ട് എസ്.യു.വിയായ എക്‌സ്‌യുവി 300 നെ അടിസ്ഥാനമാക്കിയാണ് എക്‌സ്‌യുവി 400 എന്ന ഇവി മോഡൽ നിർമിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ മഹീന്ദ്രയുടെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോഡലല്ല എക്‌സ്‌യുവി 400. എന്നാൽ മഹീന്ദ്ര ഇവിയുടെ രണ്ടാം വരവിലെ ആദ്യ അവതാരമാണ് എക്‌സ്‌യുവി 400. അടുത്ത വർഷമാണ് അടുത്ത ഇവി വാഹനം മഹീന്ദ്ര പുറത്തിറക്കുക.
39.4KWh ആണ് എക്‌സ്‌യുവി 400 ന്റെ ബാറ്ററി കരുത്ത്. ഫ്രണ്ട് ആക്‌സിലിൽ ഉറപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോർ 150 എച്ച്പി പവറും 310 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. 8.3 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ഈ മോട്ടോർ കൊണ്ട് സാധിക്കും. മണിക്കൂറിൽ 150 കിലോമീറ്ററാണ് പരമാവധി വേഗത.
456 കിലോമീറ്ററാണ് ഫുൾ ചാർജിൽ കമ്പനി അവകാശപ്പെടുന്ന റേഞ്ച്. 50Kw ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 50 മിനിറ്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. 7.2kW/32A ചാർജർ ഉപയോഗിച്ചാൽ 100 ശതമാനം ചാർജാകാൻ 6 മണിക്കൂറും 30 മിനിറ്റും വേണം. വീടുകളിലെ സാധാരണ 3.3kW/16A ചാർജർ ഉപയോഗിച്ചാൽ 13 മണിക്കൂറെടുക്കും ഫുൾ ചാർജാകാൻ.
മൂന്ന് ഡ്രൈവിങ് മോഡുകളിൽ വാഹനം ലഭ്യമാകും. ഫൺ,ഫാസ്റ്റ്, ഫിയർലെസ് ഓരോന്നിലും മോട്ടോറിന്റെ പ്രകടനം കൂടാതെ റീജനറേറ്റീവ് ബ്രേക്കിങും സ്റ്റിയറിങ് റെസ്‌പോൺസും മാറ്റം വരും. വേണമെങ്കിൽ ആക്‌സിലേറ്റർ മാത്രം ഉപയോഗിച്ച് വാഹനം ഡ്രൈവ് ചെയ്യാമെന്നും ബ്രേക്കിങ് റീജനറേറ്റീവ് ബ്രേക്കിങ് സാങ്കേതികവിദ്യ ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.