ഒറ്റച്ചാർജിൽ 500 കിലോമീറ്റർ; മാരുതിയില്‍ നിന്നുള്ള ആദ്യ ഇവിയുടെ ഒന്നൊന്നര വരവ്
|ഈ വർഷം ജനുവരിയിൽ നോയിഡയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി തങ്ങളുടെ ആദ്യ ഇവിയായ ഇവിഎക്‌സ് പതിപ്പ് അവതരിപ്പിച്ചത്
വാഹനവിപണി ഇവിയിലേക്ക് അതിവേഗത്തിലാണ് മാറുന്നത്. പ്രമുഖ വാഹനനിർമാതാക്കളെല്ലാം തങ്ങളുടെ ഇവികളിറക്കി കളം പിടിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന വാഹനനിർമാതാക്കളായ മാരുതി അപ്പോഴും ഇവിയുമായി രംഗത്തെത്തിയിരുന്നില്ല. ഈ വർഷം ജനുവരിയിൽ നോയിഡയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി തങ്ങളുടെ ആദ്യ ഇവിയായ ഇവിഎക്‌സ് പതിപ്പ് അവതരിപ്പിച്ചത്. മാരുതിയുടെ ആദ്യ ഇവി ആയതുകൊണ്ടുതന്നെ ഓട്ടോ എക്‌സ്‌പോയിൽ ഇവിഎക്‌സ് ശ്രദ്ധയാകർഷിച്ചു. വാഹനത്തിന്‍റെ ബാഹ്യ ഡിസൈൻ മാത്രമാണ് മാരുതി ഓട്ടോ എക്‌സ്‌പോയിൽ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ തങ്ങളുടെ ഇലക്ട്രിക് വമ്പനെ കുറിച്ച് പുതിയ അപ്‌ഡേറ്റുകൾ പുറത്തുവിട്ടിരിക്കുയാണ് മാരുതി. ചെറിയ പരിഷ്‌കാരങ്ങളോടെ ജപ്പാനിൽ നടക്കുന്ന ഓട്ടോ ഷോയിൽ വാഹനത്തിന്റെ ആഗോള പ്രദർശനം നടക്കുമെന്നാണ് റിപ്പോർട്ട്.
വരാനിരിക്കുന്ന ടോക്കിയോ മോട്ടോർ ഷോ 2023-ൽ ഇവിഎക്‌സിന്റെ ഇന്റീരിയർ ആദ്യമായി പ്രദർശിപ്പിക്കും. ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണ് ഇവിഎക്‌സ്.
ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ഫളാറ്റ്-ബോട്ടമുള്ള സ്‌പോർട്ടി സ്റ്റിയറിംഗ് വീൽ, റൗണ്ട് ഡയൽ, ടച്ച് പാനൽ എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60 kWh ലിഥിയം അയൺ ബാറ്ററി പായക്ക് ആയിരിക്കും വാഹനത്തിലുണ്ടാകുക എന്ന് കമ്പനി നേരത്തെ പറഞ്ഞതാണ്. ഇതിൽ എന്ത് മാറ്റമാണ് ഉണ്ടാവുക എന്നാണ് ഇനി അറിയേണ്ടത്. ഒറ്റ ചാർജിൽ 500 കിലോമീറ്റർ റേഞ്ച് നൽകുമെന്നുമാണ് കമ്പനിയുടെ അവകാശവാദം.
രാജ്യത്തിന് ഇലക്ട്രിക് കാറുകളല്ല ആവശ്യം മറിച്ച് എഥനോൾ, ഹൈഡ്രജൻ ഇന്ധനങ്ങളിലേക്ക് മാറുകയാണ് വേണ്ടതെന്നാണ് മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ അടുത്തിടെ പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 75 ശതമാനവും കൽക്കരിയിൽ നിന്നാണ് നിർമ്മിക്കുന്നതെന്നതാണ് അദ്ദേഹം ഇതിന് കാരണമായി പറയുന്നത്. ഇതിനിടെയിലാണ് ഇവി വിപണിയിൽ മത്സരിക്കാൻ മാരുതി കളത്തിലിറങ്ങുന്നത്. ഇലക്ട്രിക് വാഹനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം വർധിച്ചുവരുന്ന സാഹചര്യത്തിൽ മാരുതി സുസുക്കി ഇവിഎക്‌സ് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.