കാത്തിരിപ്പ് മതിയാക്കാം; ടൊയോട്ട-മാരുതി എസ്.യു.വി ഉടൻ
|വാഹനത്തിന്റെ ഫീച്ചറുകളും എഞ്ചിനും വികസിപ്പിച്ചിരിക്കുന്നത് ഇരു കമ്പനികളും സംയുക്തമായിട്ടാണ്.
പരസ്പര ധാരണയുടെ ഭാഗമായി മാരുതി സുസുക്കിയുടെ വാഹനങ്ങൾ ജപ്പാൻ കരുത്തായ ടൊയോട്ട റീ ബാഡ്ജ് ചെയ്തു പുറത്തിറങ്ങുന്ന കാലം മുതൽ കേൾക്കുന്ന കാര്യമാണ്- ഇരു ബ്രാൻഡുകളും ചേർന്ന് പുതിയൊരു വാഹനം പുറത്തിറക്കും എന്നത്. കുറേ കാലമായി ഇതിന്റെ ചർച്ചകളും മറ്റും ഇരു കമ്പനികളും നടത്തുന്നുണ്ട്. പ്രധാനമായും ഹ്യുണ്ടായി ക്രെറ്റയോടും കിയ സെൽറ്റോസിനോടും മത്സരിക്കുന്നതിനായി ഒരു മിഡ് സൈസ് എസ്.യു.വിയാണ് ഇരു കമ്പനികളും ചേർന്ന് പുറത്തിറക്കുന്നത്.
വാഹനത്തിന്റെ ഫീച്ചറുകളും എഞ്ചിനും വികസിപ്പിച്ചിരിക്കുന്നത് ഇരു കമ്പനികളും സംയുക്തമായിട്ടാണ്. വാഹനത്തിന്റെ പ്ലാറ്റ് ഫോം ടൊയോട്ടയുടെ TNGA-B (DNGA) ഇന്ത്യൻ വേർഷനാണ്. വാഹനം നിർമിക്കുന്നത് ടൊയോട്ടയുടെ ബംഗ്ലരൂവിലെ ബിഡായിലെ പ്ലാന്റിലാണ്. മാരുതിയുടേയും ടൊയോട്ടയും പാർട്‌സുകൾ വാഹനത്തിൽ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം ടൊയോട്ടയുടേത് തന്നെയായിരിക്കുമെന്നാണ് സൂചന.
ഇതുവരെ പുറത്തുവന്ന സൂചന അനുസരിച്ച് വാഹനത്തിന് രണ്ട് എഞ്ചിനുകളായിരിക്കും ഉണ്ടാകുക. രണ്ടും പെട്രോൾ എഞ്ചിനായിരിക്കും. ഒന്ന് മിൽഡ് ഹൈബ്രിഡും ഒന്ന് കൂടുതൽ കൂടുതൽ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമാണ്. ഇതിന് കൂടുതൽ ഇന്ധനക്ഷമതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്ത ഡിസൈനുകളിൽ രണ്ട് പേരുകളിലായിരിക്കും രണ്ട് ബ്രാൻഡുകളും വാഹനം പുറത്തിറക്കുക. ഈ മിഡ് സൈസ് എസ്.യു.വിക്ക് വേണ്ടി ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന. നിലവില്‍ പ്രൊഡക്ഷന്‍ ട്രയല്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഈ വർഷം ജൂണിലോ ജൂലൈയിലോ വാഹനത്തിന്റെ സോഫ്റ്റ് ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊട്ടടുത്ത മാസം തന്നെ വിപണിയിലെത്തും. വാഹനത്തിന്റെ വില സംബന്ധിച്ച സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
Summary: Maruti Suzuki and Toyota's SUV coming soon; trial production begin