രണ്ടുലക്ഷത്തിലധികം കാറുകൾ; കയറ്റുമതിയിൽ സർവകാല റെക്കോർഡുമായി മാരുതി
|സെലേറിയോ, ബലേനോ, ഡിസയർ, എസ്പ്രസോ, ബ്രസ എന്നിങ്ങനെ 15 മോഡലുകളാണ് നിലവിൽ മാരുതി കയറ്റുമതി ചെയ്യുന്നള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്ക് വിദേശരാജ്യങ്ങളിലും പ്രിയമേറുന്നു. കാർ കയറ്റുമതിയിൽ സർവകാല റെക്കോർഡ് നേടിയിരിക്കുകയാണ് മാരുതി സുസുക്കി ഇപ്പോൾ. 2,05,450 കാറുകളാണ് 2021 ൽ മാരുതി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ചിപ്പ് ക്ഷാമവും കോവിഡ് പ്രതിസന്ധിയും നിലനിൽക്കേ തന്നെയാണ് മാരുതി ഈ നേട്ടം കൈവരിച്ചത്.
1982 ൽ 800 എന്ന (SS80) ഐതിഹാസികമായ മോഡലുമായി ഇന്ത്യയിൽ അവതരിച്ച മാരുതി 1986-87 കാലളവിലാണ് കയറ്റുമതി ആരംഭിച്ചത്. അന്നു മുതൽ ഇന്നുവരെ 21.85 ലക്ഷം കാറുകളാണ് മാരുതി കയറ്റുമതി ചെയ്തിട്ടുള്ളത്. സെലേറിയോ, ബലേനോ, ഡിസയർ, എസ്പ്രസോ, ബ്രസ എന്നിങ്ങനെ 15 മോഡലുകളാണ് നിലവിൽ മാരുതി കയറ്റുമതി ചെയ്യുന്നള്ളത്. ഇന്ത്യൻ നിരത്തിലിറങ്ങാത്ത ജിംമ്നിയും അതിൽപ്പെടും.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ആസിയാൻ രാജ്യങ്ങൾ, പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങൾ, ഇന്ത്യയുടെ മറ്റു അയൽരാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും മാരുതി വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നത്.