കുതിച്ചു കയറി ബലേനോയും ബ്രസയും; മാരുതി ഡെലിവർ ചെയ്യാൻ ബാക്കിയുള്ളത് നാല് ലക്ഷത്തിനടുത്ത് യൂണിറ്റുകൾ
|ഈ പട്ടികയിൽ 33 ശതമാനവും സിഎൻജി വേരിയന്റുകളാണ് എന്നത് കൗതുകരമായ വസ്തുതയാണ്.
മാരുതി സുസുക്കിയെ സംബന്ധിച്ച് ഫേസ് ലിഫ്റ്റുകളുടെയും പുതിയ മോഡലുകളുടെയും ഒരു നിരതന്നെ പുറത്തിറക്കിയ ഒരു വർഷമാണ് കടന്നുപോകുന്നത്. പുതിയ സെലേറിയോ മുതൽ എസ്.യു.വിയായ ഗ്രാൻഡ് വിറ്റാരയും പുതിയ ആൾട്ടോ കെ10 വരെ നീളുന്നു ഈ നിര. ഈ മോഡലുകൾക്കെല്ലാം മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭിച്ചത്.
നിലവിലെ മോഡലുകളും പുതിയ മോഡലുകളും മികച്ച വിജയമായതോടെ മാരുതി വാഹനങ്ങളുടെ ഡിമാൻഡും വർധിച്ചു. ഇതോടെ ബുക്കിങുകളുടെ എണ്ണവും വർധിച്ചു. മാരുതി നിലവിൽ ഡെലിവറി ചെയ്യാൻ ബാക്കിയുള്ള വാഹനങ്ങളുടെ ഇതോടെ 3,87,000 യൂണിറ്റായി വളർന്നു. ഏപ്രിലിൽ ഇത് 2,80,000 യൂണിറ്റുകൾ മാത്രമായിരുന്നു.
ഈ വർഷം പുതിയ മുഖം നൽകിയ ബലേനോയാണ് പട്ടികയിലെ പ്രമുഖൻ. 38,000 ബലേനോ ബുക്കിങുകളാണ് നിലവിൽ മാരുതി ഡെലിവർ ചെയ്യാൻ ബാക്കിയുള്ളത്. 30,000 യൂണിറ്റുകളുമായി പുതിയ ബ്രസയാണ് രണ്ടാമതുള്ളത്. പക്ഷേ പട്ടികയിൽ ഒന്നാമതുള്ളത് ഇതുവരെ ഡെലിവറി ആരംഭിക്കാത്ത ഗ്രാൻഡ് വിറ്റാര എന്ന എസ്.യു.വിയാണ്. അടുത്ത മാസം മാത്രമേ ഗ്രാൻഡ് വിറ്റാരയുടെ ഡെലിവറി ആരംഭിക്കൂവെങ്കിലും നിലവിൽ തന്നെ 40,000 ബുക്കിങുകൾ മോഡലിന് ലഭിച്ചുകഴിഞ്ഞു.
ഈ പട്ടികയിൽ 33 ശതമാനവും സിഎൻജി വേരിയന്റുകളാണ് എന്നത് കൗതുകരമായ വസ്തുതയാണ്. ആൾട്ടോ, എസ് പ്രസോ, വാഗൺ ആർ, സെലേറിയോ, ഡിസയർ, എർട്ടിഗ, ഈകോ, സൂപ്പർ ക്യാരി, ടൂർ എസ് എന്നീ മോഡലുകൾക്കാണ് നിലവിൽ മാരുതി സിഎൻജി ഓപ്ഷൻ നൽകുന്നത്. ഇവയെല്ലാം കൂടി 1,26,000 സിഎൻജി യൂണിറ്റുകളാണ് മാരുതി നിലവിൽ ഡെലിവറി പൂർത്തിയാക്കാനുള്ളത്.
അതേസമയം പ്രതിവർഷം 2.3 മില്യൺ (20,30000) യൂണിറ്റ് വാഹനങ്ങൾ നിർമിക്കാനുള്ള ശേഷിയാണ് ഇന്ത്യയിലെ നാല് പ്ലാന്റുകളിലായി മാരുതി സുസുക്കിക്ക് ഉള്ളത്.