അൽകാസറിനെ നേരിടാൻ പുതിയ 7 സീറ്റർ എസ്.യു.വിയുമായി മാരുതി
|നിലവിലുള്ള എക്‌സ്.എൽ സിക്‌സ് എന്ന പ്രീമിയം ക്രോസ് ഓവറിനെ പിൻവലിച്ച് എർട്ടിഗയുടെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനമെത്തുക.
ഇന്ത്യൻ കാർനിർമാണ മേഖലയിൽ ഏറ്റവും ജനപ്രിയമായ ബ്രാൻഡ് എന്ന ചോദ്യത്തിന് കുറച്ച് പതിറ്റാണ്ടുകളായി ഒരുത്തരം മാത്രമേയുള്ളൂ അത് മാരുതി സുസുക്കിയാണ്. അങ്ങനെയാണ് അവർ രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായി മാറിയതും.
പക്ഷേ കാര്യങ്ങൾ ഇപ്പോൾ പഴയ പോലെയല്ല വിപണിയിൽ മാരുതി നേരിടുന്നത് കടുത്ത മത്സരമാണ്. ഓരോ മാസവും പുതിയ സാങ്കേതികവിദ്യകളാണ് വാഹന മേഖലയിലുണ്ടാകുന്നത്. മാരുതിയും ഈ ആരോഗ്യകരമായ മത്സരത്തിന്റെ ഭാഗമാണ്.
അതേസമയം 2021 മാരുതിയെ സംബന്ധിച്ച് അത്ര സുഖമുള്ള വർഷമായിരുന്നില്ല. പലപ്പോഴും പല കാരണങ്ങളാൽ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് വന്നു. ചിപ്പ് ക്ഷാമവും, കോവിഡുമെല്ലാം ആ സാഹചര്യത്തിന് പിന്നിൽ പ്രവർത്തിച്ചു.
പക്ഷേ ആ പിന്നോട്ടടി പരിഹരിക്കാൻ വലിയ പദ്ധതികളാണ് മാരുതിയുടെ പ്ലാനിലുള്ളത്. അതിൽ പ്രധാനപ്പെട്ടതാണ് പുതിയൊരു മൂന്ന് റോ, 6/7 സീറ്റുള്ള എസ്.യു.വി പുറത്തിറക്കുക എന്നത്. വരുന്ന മൂന്ന് വർഷത്തെ മാരുതിയുടെ പ്രൊഡക്ട് പ്ലാനിന്റെ ഭാഗമാണിത്.
ഹ്യുണ്ടായി അലകസാറിനോട് നേരിട്ട് മത്സരിക്കാനാണ് ഈ വാഹനം പുറത്തിറങ്ങുന്നത്. നിലവിൽ മാരുതി ഇ്ന്ത്യയിൽ പുറത്തിറക്കുന്ന മൂന്ന് റോയുള്ള ഏക വാഹനം എർട്ടിഗയാണ്. നിലവിലുള്ള എക്‌സ്.എൽ സിക്‌സ് എന്ന പ്രീമിയം ക്രോസ് ഓവറിനെ പിൻവലിച്ച് എർട്ടിഗയുടെ പ്ലാറ്റഫോമിലായിരിക്കും പുതിയ വാഹനമെത്തുക.
6 അല്ലെങ്കിൽ 7 സീറ്റ് വേരിയന്റുകൾ പ്രതീക്ഷിക്കുന്ന ഈ വാഹനത്തിന്റെ ഇന്റീരിയർ എക്‌സ.എൽ സിക്‌സിന്റെ ടോപ് വേരിയന്റിൽ നിന്ന് കടം കൊള്ളാനാണ് സാധ്യത. ആപ്പിൾ കാർ പ്ലേ, 7 ഇഞ്ച് ടച്ച് സ്‌ക്രീൻ, ടഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയെല്ലാം പ്രതീക്ഷിക്കാം.
മാരുതി ഈ വാഹനത്തെ ആഭ്യന്തരമായി വിളിക്കുന്നത് Y17 എന്നാണ്.
അതേസമയം ബ്രെസക്ക് കരുത്ത് പകരുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ വാഹനത്തിനും നൽകുക. ഇന്ധനക്ഷമത കൂട്ടാനായി മിൽഡ് ഹൈബ്രിഡ് ടെക്‌നോളജിയും ഇതിൽ ഉപയോഗിക്കും. അതേസമയം വാഹനം എന്ന് പുറത്തുവരും എന്നതിനെ കുറിച്ച് യാതൊരു സൂചനകളും പുറത്തുവന്നിട്ടില്ല.