ഒരു മുഴം മുന്നേയെറിഞ്ഞ് മാരുതി സുസുക്കി; സ്വന്തം വാഹന പൊളിക്കൽ കേന്ദ്രം ആരംഭിച്ചു
|മാരുതി ഡീലർഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ പൊളിക്കേണ്ട വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് കമ്പനിയെ അറിയിക്കാനാകും.
രാജ്യത്തെ വാഹനനിർമാണ മേഖല ചർച്ച ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങളിലൊന്ന് സ്‌ക്രാപ്പ് പോളിസിയാണ് (പൊളിക്കൽ നയം). 15 വർഷത്തിന് മുകളിലുള്ള വാണിജ്യ വാഹനങ്ങളും 20 വർഷത്തിന് മുകളിലുമുള്ള സ്വകാര്യവാഹനങ്ങളും ഫിറ്റ്‌നെസ് ടെസ്റ്റ് പാസായില്ലെങ്കിൽ പൊളിച്ചുകളയുന്ന നയമാണിത്. അടുത്തവർഷം ഏപ്രിലിലാണ് ഈ നിയമം നിലവിൽ വരിക.
പൊളിക്കൽ നയം പ്രാബല്യത്തിലാകുന്നതോടെ രാജ്യത്ത് വാഹന പൊളിക്കൽ കേന്ദ്രങ്ങളുടെ ആവശ്യകതയും ഉയരും. അത് മുൻകൂട്ടി ഒരുമുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് മാരുതി സുസുക്കി. ' എൻഡ് ഓഫ് ലൈഫ് വെഹിക്കൾസ്' എന്ന പേരിൽ വാഹന പൊളിക്കാനുള്ള അഥവാ റീസൈക്ലിൾ ചെയ്യാനുള്ള കേന്ദ്രം ആരംഭിച്ചിരിക്കുകയാണ് കമ്പനി.
ടൊയൊട്‌സു ഇന്ത്യയുമായി ചേർന്ന് മാരുതി സുസുക്കി ടൊയോട്‌സു ഇന്ത്യ (എംഎസ്ടിഐ-MSTI) എന്ന കമ്പനിക്ക് കീഴിലാണ് കമ്പനി. ഡൽഹിയിലെ നോയിഡയിലെ സ്ഥാപിച്ചിരിക്കുന്ന യൂണിറ്റ് കഴിഞ്ഞ ദിവസം കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്തത്. 44 കോടി മുതൽ മുടക്കിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രത്തിൽ പ്രതിവർഷം 24,000 ത്തിലേറെ വാഹനങ്ങൾ പൊളിക്കാൻ കഴിയും.
മാരുതി ഡീലർഷിപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ പൊളിക്കേണ്ട വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കൾക്ക് കമ്പനിയെ അറിയിക്കാനാകും. ഈ വാഹനം കമ്പനി വന്ന് ഏറ്റെടുക്കും. അത് പൊളിക്കൽ കേന്ദ്രത്തിൽ എത്തിച്ചശേഷം വാഹനത്തിന്റെ ഡോക്യുമെന്റേഷൻ നടപടികൾ പൂർത്തിയാക്കും.
അതിനുശേഷം വാഹനം പൊളിക്കാൻ ആരംഭിക്കും. അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും പൊളിക്കൽ പ്രക്രിയ. അതിലൂടെ ലഭിക്കുന്ന സ്റ്റീൽ-സ്റ്റീൽ പ്ലാന്റുകൾക്കും മറ്റും നൽകുകയും ചെയ്യും. വാഹന പാർട്ട്‌സുകൾ തരംതിരിച്ച് എടുക്കുകയും ചെയ്യും. ഇങ്ങനെയടുക്കുന്ന വാഹനത്തിന് കൃത്യമായ വിലയും കമ്പനി നൽകും. നിലവില്‍ ടാറ്റ മോട്ടോര്‍സും ഇത്തരത്തില്‍ പൊളിക്കല്‍ കേന്ദ്രം നിര്‍മിക്കുന്നുണ്ട്. അഹമ്മദാബാദിലാണ് കേന്ദ്രം.
Summary: Maruti Suzuki Toyotsu starts vehicle scrapping unit