Auto
ഇന്ത്യയിൽ കഴിഞ്ഞ വർഷം വിറ്റ ആദ്യ പത്ത് കാർ മോഡലുകളിൽ എട്ടും മാരുതിയുടേത്‌
Auto

ഇന്ത്യയിൽ കഴിഞ്ഞ വർഷം വിറ്റ ആദ്യ പത്ത് കാർ മോഡലുകളിൽ എട്ടും മാരുതിയുടേത്‌

Web Desk
|
4 Jan 2022 4:50 PM GMT

ഇന്ത്യൻ വാഹന വിപണിയിൽ മത്സരം കടുക്കുന്നതിനുസരിച്ച് ഓരോ വർഷവും കൂടുതൽ മോഡലുകളും ഫീച്ചറുകളും വരുമ്പോഴും വർഷങ്ങളായി മാരുതി സുസുക്കി തുടരുന്ന ആധിപത്യത്തെ സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.

ഇന്ത്യൻ വാഹനമേഖലയെ സംബന്ധിച്ച് പ്രതിസന്ധികളുടെ വർഷമാണ് കടന്നുപോയത്. ചിപ്പ് ക്ഷാമവും കോവിഡ് പ്രതിസന്ധിയും ജനങ്ങൾക്കിടയിലുള്ള സാമ്പത്തികപ്രതിസന്ധിയുമെല്ലാം തരണം ചെയ്താണ് കഴിഞ്ഞ വർഷം എല്ലാ വാഹന കമ്പനികളും ഇന്ത്യയിൽ വാഹനങ്ങൾ വിറ്റത്. എന്നിരുന്നാലും ഉയർച്ച തന്നെയാണ് ഇന്ത്യൻ വാഹനമേഖല കാണിക്കുന്നത്. 27 ശതമാനം വളർച്ചയാണ് കാർ വിപണിയിലുണ്ടായത്. 30 ലക്ഷം കാറുകളാണ് കഴിഞ്ഞ വർഷം ഇന്ത്യയിൽ വിറ്റത് ബുക്കിങ് ലഭിച്ച് ഡെലിവറി നൽകാൻ ബാക്കിയുള്ള കാറുകളുടെ കണക്ക് കൂടി കൂട്ടിയാൽ ഇത് 30.82 ലക്ഷമാകുമെന്നാണ് കണക്കാക്കുന്നത്. 2020 ൽ ഇത് 24.33 ലക്ഷമായിരുന്നു.

ഈ 30 ലക്ഷം കാറുകളിൽ ഏറ്റവും കൂടുതലും വിറ്റത് ആദ്യ പത്തു മോഡലുകളിൽ എട്ടും ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടേതാണ്.

183,851 യൂണിറ്റുകൾ വിറ്റ മാരുതിയുടെ ടോൾബോയ് ഡിസൈനിലുള്ള വാഗൺ ആറാണ് ഏറ്റവും കൂടുതൽ വിറ്റ മോഡൽ. രണ്ടാം സ്ഥാനത്ത് 175,052 യൂണിറ്റുകൾ വിറ്റ മാരുതിയുടേത് തന്നെയായ സ്വിഫ്റ്റാണ്. മൂന്നാം സ്ഥാനത്ത് മാരുതി നെക്‌സ ഔട്ട്‌ലെറ്റ് വഴി വിൽക്കുന്ന ബലേനോയാണ്, 172,241 ബലേനോകളാണ് കഴിഞ്ഞ വർഷം നിരത്തിലിറങ്ങിയത്. നാലാമത് നിൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫാമിലി കാറായ ആൾട്ടോയാണ്- 1,66,233 പേരാണ് കഴിഞ്ഞ വർഷം ആൾട്ടോ സ്വന്തമാക്കിയത്.

മാരുതിയോട് മത്സരിച്ച് അഞ്ചാം സ്ഥാനത്ത് എത്തിയത് ഹ്യൂണ്ടായിയുടെ കോംപാക്ട് എസ്.യു.വിയായ ക്രെറ്റയാണ്. 125,437 ക്രെറ്റയാണ് കഴിഞ്ഞവർഷം നിരത്ത് തൊട്ടത്. ആറാം സ്ഥാനത്ത് നോക്കിയാൽ വീണ്ടും മാരുതിയുടെ തന്നെ സെഡാൻ മോഡലായ ഡിസയർ സ്ഥാനം പിടിക്കുന്നു. 1,16,222 ഡിസയറുകൾ കഴിഞ്ഞ വർഷം ഇന്ത്യൻ നിരത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു. ഏഴാമത് നിൽക്കുന്നത് 1,15,962 യൂണിറ്റുകളുമായി മാരുതിയുടെ കോംപാക്ട് എസ്.യു.വിയായ വിറ്റാര ബ്രസയാണ്. എട്ടാമത് ലിസ്റ്റിൽ നിൽക്കുന്നത് അപ്രതീക്ഷിതമായി ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വാഹനമാണ്. കൂടുതലും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മാരുതി ഇക്കോയാണ്-1,14,524 യൂണിറ്റുകൾ. ലിസ്റ്റിൽ ഒമ്പതാമതുള്ളതും മാരുതി തന്നെയാണ്- മാരുതിയുടെ എംപിവിയായ എർട്ടിഗ. 1,14,408 എർട്ടിഗ 2021 ൽ നിരത്തിലിറങ്ങി. പട്ടികയിലുള്ള ഏക എംപിവിയും ഇതാണ്. പട്ടികയിൽ അവസാനസ്ഥാനത്ത്-പത്താമത് നിൽക്കുന്നത് ടാറ്റയുടെ കോംപാക്ട് എസ്.യു.വിയായ നെക്‌സോണാണ്.

ഇന്ത്യൻ വാഹന വിപണിയിൽ മത്സരം കടുക്കുന്നതിനുസരിച്ച് ഓരോ വർഷവും കൂടുതൽ മോഡലുകളും ഫീച്ചറുകളും വരുമ്പോഴും വർഷങ്ങളായി മാരുതി സുസുക്കി തുടരുന്ന ആധിപത്യത്തെ സൂചിപ്പിക്കുന്നതാണ് ഈ കണക്കുകൾ.

Similar Posts