ആ ആഗ്രഹം മനസ്സിൽ വെച്ചാൽ മതി; രണ്ട് മോഡലുകൾ ടൊയോട്ടക്ക് നൽകില്ലെന്ന് മാരുതി
|മോഡലുകളും പ്ലാറ്റ് ഫോമുകളും പങ്കുവെക്കുന്നതിലൂടെ ഇരുകമ്പനികൾക്കും സാമ്പത്തികമായി വൻ നേട്ടമാണ് ലഭിക്കുന്നത്
ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ടയും മാരുതി സുസുക്കിയും തങ്ങളുടെ വാഹനങ്ങൾ പരസ്പരം പങ്കുവെച്ചാണ് വിപണിയിൽ മുന്നോറുന്നത്. 2019ൽ മാരുതി സുസുക്കിയുടെ ബലേനോയെ പേര് മാറ്റി ഗ്ലാൻസയാക്കി ഇറക്കിയാണ് ഈ കൂട്ടുകെട്ട് ഇന്ത്യയിൽ ആരംഭിച്ചത്.
പിന്നീട് വിറ്റാര ബ്രസയെ അർബൺ ക്രൂയിസറെന്ന പേരിൽ ടൊയോട്ട വിപണിയിലെത്തിച്ചു. അതിനുശേഷം എർട്ടിഗ റൂമിയോൺ ആയും ഗ്രാൻഡ് വിറ്റാര അർബൺ ക്രൂയിസർ ഹൈറൈഡറായും ടൊയോട്ട ഷോറൂമുകളിലെത്തി. കൂടാതെ ഇന്നോവ ഹൈക്രോസിനെ ഇൻവിക്റ്റോ എന്ന പേരിൽ മാരുതിയും അവതരിപ്പിച്ചു.
എന്നാൽ, മാരുതിയുടെ രണ്ട് വാഹനങ്ങൾ കൂടി ടൊയോട്ട ഇത്തരത്തിൽ റീബാഡ്ജ് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ജിംനി, സ്വിഫ്റ്റ് എന്നിവയാണ് ടൊയോട്ട ആവശ്യപ്പെട്ടത്. എന്നാൽ, ഈ ആവശ്യം മാരുതി വിസമ്മതിക്കുകയായിരുന്നു.
രണ്ട് മോഡലുകളും തങ്ങളുടെ ബ്രാൻഡിന്റെ മുഖമുദ്രയാണെന്ന നിലപാടിലാണ് മാരുതി. ലാൻഡ് ക്രൂയിസറിനെ മാരുതിയുടെ ബാഡ്ജിങ്ങിൽ പുറത്തിറക്കാൻ ആവശ്യപ്പെടുന്നത് പോലെയാണിത്.
ഞങ്ങളുടെ ബ്രാൻഡിന്റെ ഹൃദയഭാഗത്തുള്ള മോഡലുകൾ പങ്കിടാൻ ഉദ്ദേശിക്കുന്നില്ല. രണ്ട് കമ്പനികളും അതിനെ മാനിക്കുകയാണ്’-മാരുതി അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ കാര്യമായ മോഡലുകളില്ലാതെ ഉലയുകയായിരുന്ന ടൊയോട്ടക്ക് റീബാഡ്ജിങ് വലിയ അനുഗ്രഹമാണ് നൽകിയത്. പകരം ടൊയോട്ടയുടെ വിഖ്യാത ഹൈബ്രിഡ് ടെക്നോളജി ഉൾപ്പെടെ മാരുതി സുസുക്കിക്കും ഉപയോഗിക്കാൻ സാധിച്ചു.
അതേസമയം, മാരുതി പ്രതീക്ഷിച്ചത്ര വിൽപന ജിംനിക്ക് നേടാനായിട്ടില്ല. ജൂൺ മുതൽ നവംബർ വരെ 15,476 യൂനിറ്റുകൾ മാത്രമാണ് വിൽക്കാനായത്. നവംബറിലെ ആകെ വിൽപന 1020 യൂനിറ്റാണ്. ടൊയോട്ടയുമായി ജിംനി പങ്കുവെക്കുന്നത് വിൽപന കൂട്ടാൻ സഹായിക്കുമെങ്കിലും എസ്യുവി രംഗത്തെ തങ്ങളുടെ മുഖമുദ്രയായ വാഹനം നൽകേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി.
കമ്പനിയുടെ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് സ്വിഫ്റ്റ്. ഓരോ മാസവും ശരാശരി 17,100 യൂനിറ്റുകൾ മാരുതിക്ക് വിൽക്കാനാകുന്നുണ്ട്. നിലവിൽ മാരുതി നൽകുന്ന ഗ്ലാൻസയും റൂമിയോണുമാണ് ടൊയോട്ടയുടെ വിൽപനയുടെ 25 ശതമാനവും. സ്വിഫ്റ്റ് കൂടി എത്തുകയാണെങ്കിൽ ഇത് പതിൻമടങ്ങായി വർധിക്കുമെന്നായിരുന്നു ടൊയോട്ടയുടെ കണക്കുകൂട്ടൽ.
മോഡലുകളും പ്ലാറ്റ് ഫോമുകളും പങ്കുവെക്കുന്നതിലൂടെ ഇരുകമ്പനികൾക്കും സാമ്പത്തികമായി വൻ നേട്ടമാണ് ലഭിക്കുന്നത്. അടുത്തതായി മാരുതി നിർമിക്കുന്ന ഇലക്ട്രിക് വാഹനവും ടൊയോട്ടയുടെ ബാഡ്ജിൽ വിപണിയിലെത്തുമെന്നാണ് വിവരം.