ബെൻസിനും ഇന്ത്യൻ മേധാവി; മൂന്ന് ജർമൻ ആഡംബര കാർ നിർമാണ കമ്പനികളുടെ തലപ്പത്ത് ഇന്ത്യക്കാർ
|2021-22 സാമ്പത്തിക വർഷത്തിൽ മെഴ്‌സിഡസ് ബെൻസ് 12,071 കാറുകൾ വിറ്റപ്പോൾ ബിഎംഡബ്യുവിന് 8,771 യൂണിറ്റുകളും ഓഡി 3,500 യൂണിറ്റുകളുമാണ് വിൽക്കാനായത്.
ന്യൂഡൽഹി: ലോകത്തെ പല പ്രമുഖ കമ്പനികളുടെയും താക്കോൽ സ്ഥാനത്ത് ഇന്ത്യക്കാരുണ്ട്. ആ നിരയിലേക്ക് ഇപ്പോൾ പുതിയ ഒരു പേര് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച ആഡംബര കാർ നിർമാതാക്കളായ ജർമൻ കമ്പനിയായ മെഴ്‌സ്‌സിഡസ് ബെൻസിന്റെ ഇന്ത്യയിലെ എംഡിയായി (മാനേജിങ് ഡയറക്ടർ) പൂനെ സ്വദേശിയായ സന്തോഷ് അയ്യർ ഉടൻ സ്ഥാനമേറ്റെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇ.ടി ഓട്ടോയാണ് ഈ വാർത്ത പുറത്തുവിട്ടത്.
നിലവിൽ മെഴ്‌സിഡഡ് ബെൻസിന്റെ കസ്റ്റർമർ സർവീസ് ആൻഡ് കോർപറേറ്റ് അഫേഴ്‌സിന്റെ വൈസ് പ്രസിഡന്റാണ് സന്തോഷ് അയ്യർ. 2023 ജനുവരി ഒന്നിന് നിലവിലെ എംഡി മാർട്ടിൻ ഷാവെങ്കിൽ നിന്ന് സന്തോഷ് അയ്യർ സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചനകൾ. ആദ്യമായാണ് ഈ പദവിയില്‍ ഒരു ഇന്ത്യക്കാരന്‍ വരുന്നത്.
നേരത്തെ മെഴ്‌സിഡസ് ബെൻസിന്റെ മാർക്കറ്റിങ് ഹെഡായിരുന്ന സന്തോഷ് അയ്യർ. കമ്പനിയുടെ വിൽപ്പന തുടർച്ചയായ ഏഴ് വർഷം ഒന്നാം സ്ഥാനത്ത് നിലനിർത്തിയിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ മെഴ്‌സിഡസ് ബെൻസ് 12,071 കാറുകൾ വിറ്റപ്പോൾ ബിഎംഡബ്യുവിന് 8,771 യൂണിറ്റുകളും ഓഡി 3,500 യൂണിറ്റുകളുമാണ് വിൽക്കാനായത്.
2009 ൽ ബെൻസിനൊപ്പം ചേർന്ന സന്തോഷ് അയ്യർ ടൊയോട്ട കിർലോസ്‌കർ, ഫോർഡ് എന്നീ കമ്പനികളിലും ജോലി ചെയ്തിരുന്നു.
സന്തോഷ് അയ്യർ സ്ഥാനമേറ്റെടുക്കുന്നതോടെ ജർമനി ആസ്ഥാനമായ മൂന്ന് ആഡംബര കാർ നിർമാതാക്കളുടെയും ഇന്ത്യയിലെ ബിസിനസ് നിയന്ത്രിക്കുന്നത് ഇന്ത്യക്കാരാകും. മറ്റു രണ്ട് ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ലൂ ഇന്ത്യയുടെ സിഇഒ ആൻഡ് പ്രസിഡന്റ് സ്ഥാനത്തുള്ളത് ഇന്ത്യക്കാരനായ വിക്രം പവാഹാണ്. ഓഡി ഇന്ത്യയുടെ തലപ്പത്ത് ഇന്ത്യക്കാരനായ ബാൽബിർ സിങ് ദിലോണാണ്.