ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടര്‍ അവതരിപ്പിച്ച് കൊമാക്കി
|ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനം അന്വേഷിക്കുന്നവര്‍ക്കായി സ്കൂട്ടര്‍ അവതരിപ്പിച്ച് കൊമാക്കി. കെമാക്കി എക്സ്ജിടി എന്ന പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 2020 ജൂണില്‍ പുറത്തിറക്കിയ മോഡലാണെങ്കിലും പുതിയ പരിഷ്ക്കാരങ്ങളോടെയാണ് മോഡലിന്റെ പുതിയ രംഗപ്രവേശനം. ജെല്‍ ബാറ്ററി പതിപ്പിനായി 45000 രൂപ മാത്രമാണ് മുടക്കേണ്ടത്. അതേസമയം ലിഥിയം അയണ്‍ ബാറ്ററിയുള്ള വേരിയന്റിന് 60000 രൂപ മുടക്കണം. കൊമാകി, എക്സ്ജിടി മോഡലിന്റെ 25000 യൂണിറ്റുകള്‍ ഇതുവരെ വിറ്റതായി കമ്പനി അവകാശപ്പെടുന്നു.
100 കടന്ന് പെട്രോള്‍ വില കുതിക്കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആളുകള്‍ മാറിചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കാനായതുകൊണ്ടാണ് വിപണിയില്‍ ഈ നേട്ടം കൈവരിക്കാനായതെന്ന് ബ്രാന്റ് പറയുന്നു. ഒറ്റ ചാര്‍ജില്‍ 120 കിലോമീറ്റര്‍ വരെ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ സമന്വയിപ്പിച്ച ബ്രേക്കിങ് സിസ്റ്റവും വലുപ്പമുള്ള ബിഐഎസ് വീലുകളും സ്കൂട്ടറിന്റെ പ്രത്യേകതയാണ്. വലിയ സീറ്റ് രണ്ടു പേര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ലിഥിയം അയണ്‍ ബാറ്ററികളില്‍ ഒരു വര്‍ഷത്തെ സര്‍വീസ് വാറണ്ടി ഉള്‍പ്പെടെ മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് കമ്പനി നല്‍കുന്നത്.
ഡല്‍ഹി ആസ്ഥാനമായ കൊമാകി ഇലക്ട്രിക് സെഗ്മെന്റില്‍ സ്മാര്‍ട് സ്കൂട്ടര്‍, ഹൈ-സ്പീഡ് സ്കൂട്ടര്‍, ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.