ഇന്റീരിയർ വീഡിയോ പുറത്തുവിട്ടു; ആൾട്ടോ കെ 10 ബുക്കിങ് ആരംഭിച്ചു
|ആഗസ്റ്റ് 18 ന് പുതിയ മോഡൽ ആൾട്ടോ K10 പുറത്തിറങ്ങും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള കാർ മോഡൽ ഏതാണെന്ന് ചോദിച്ചാൽ വർഷങ്ങളായുള്ള ഉത്തരമാണ് ആൾട്ടോ. ഇന്ത്യൻ നിരത്തുകളിൽ ഏറ്റവും കൂടുതലുള്ള പാസഞ്ചർ കാറും ആൾട്ടോയാണ്. ആൾട്ടോയുടെ പവർ കൂടിയ മോഡലായ ആൾട്ടോ K10 ന്റെ 2022 മോഡലിന്റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. 11,000 രൂപ കൊടുത്ത് മാരുതി സുസുക്കി അരീന ഷോറൂംകളിൽ നിന്ന് ബുക്ക് ചെയ്യാൻ സാധിക്കും.
ആഗസ്റ്റ് 18 ന് പുതിയ മോഡൽ ആൾട്ടോ K10 പുറത്തിറങ്ങും.
നിലവിൽ വിറ്റുകൊണ്ടിരിക്കുന്ന 800 സിസി കരുത്തുള്ള ആൾട്ടോ നിലനിർത്തി തന്നെയായിരിക്കും പുതിയ ആൾട്ടോ K10 പുറത്തിറങ്ങുക.
പുതിയ സെലേറിയോയിലും എസ് പ്രസോയിലും അവതരിപ്പിച്ച പുതിയ K10C 1.0 ലിറ്റർ ഡ്യൂവൽ ജെറ്റ് പെട്രോൾ എഞ്ചിൻ ഇനി ആൾട്ടോയുടെയും ഹൃദയമായി മാറും. 67 എച്ച്പി പവറും 89 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. നിലവിലെ എഞ്ചിനേക്കാളും യഥാക്രമം 79 എച്ച്പി 20 എൻഎം എന്നിവ അധികമാണ് ഈ മോഡലിന്. എന്നാൽ 796 എഞ്ചിൻ ഓപ്ഷനും വാഹനത്തിന് നൽകുമെന്നാണ് ഒരു സൂചന. കരുത്തും മൈലേജും കൂടിയ എഞ്ചിൻ വന്നത് ആൾട്ടോയുടെ വിൽപ്പന ഇനിയും കൂട്ടുമെന്നാണ് മാരുതി കണക്കുകൂട്ടുന്നത്. സിഎൻജി വേർഷൻ ആൾട്ടോ K10 ഉം ഉടൻ പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2000 ൽ പുറത്തിറങ്ങിയ ശേഷം ഇതുവരെ 41 ലക്ഷം ആൾട്ടോകളാണ് ഇന്ത്യൻ നിരത്തിലിറങ്ങിയിട്ടുള്ളത്. ഇന്ത്യക്കാർക്ക് അത്രയും പരിചിതമായ ആൾട്ടോയുടെ രൂപത്തിൽ ഏറ്റവും വലിയ മാറ്റത്തിനാണ് മാരുതി ഇപ്പോൾ തയാറെടുക്കുന്നത്. 2012 ലാണ് ഇതിന് മുമ്പ് ആൾട്ടോ 800 എന്ന പേരിൽ വലിയ രൂപമാറ്റത്തിന് മാരുതി തയാറായത്. 2019 ൽ ചെറിയ അപ്‌ഡേറ്റും നൽകിയിരുന്നു.
ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് ഇതുവരെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഡിസൈനിലാണ് പുതിയ ആൾട്ടോ K10 പുറത്തിറങ്ങുക. കൂടുതൽ ഷാർപ്പർ ആയ ഡിസൈനാണ് പുതിയ ആൾട്ടോയ്ക്കുണ്ടാകുക. ഗ്രില്ലും ഹെഡ് ലൈറ്റും എല്ലാത്തിനും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. വീൽ സൈസ് 13 ഇഞ്ചാണ് പ്രതീക്ഷിക്കുന്നത്. ഡോറിന്റെ വലിപ്പവും വർധിച്ചിട്ടുണ്ട്. ഇന്റീരിയറിലേക്ക് വന്നാൽ ഉയർന്ന വേരിയന്റുകളിൽ മാരുതി സുസുക്കിയുടെ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഉൾപ്പെടുത്തിയ ടച്ച് സ്‌ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും പ്രതീക്ഷിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മിററുകൾ, എല്ലാ ഡോറിലും പവർ വിൻഡോകൾ ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ റിയർ വൈപ്പർ പോലെയുള്ള ഫീച്ചറുകളിലേക്ക് കടക്കാൻ സാധ്യതയില്ല. സുരക്ഷാ നിയമങ്ങൾ കർശനമാക്കിയതോടെ സുരക്ഷാ ഫീച്ചറുകളിലും വർധനവുണ്ടാകും.