25,000 രൂപക്ക് ബുക്ക് ചെയ്യാം പുതിയ സെല്‍ട്ടോസ്; വില ഉടന്‍ പ്രഖ്യാപിക്കും
|2019 ല്‍ വിപണിയിലെത്തിയ ശേഷം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കോംപാക്ട് എസ്.യു.വികളിലൊന്നാണ് കിയ സെല്‍ട്ടോസ്
ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാഹനമാണ് കിയ സെൽട്ടോസ്. 2019ൽ വിപണിയിലെത്തിയ നാൾമുതൽ സെൽട്ടോസിന് കൃത്യമായൊരു ഫാൻബേസുണ്ട്. സ്റ്റൈലിഷ് ഡിസൈനും കണക്ടിവിറ്റി ഫീച്ചേഴ്സും വാഹനത്തിന് ആരാധകരെ കൂട്ടി. ഇപ്പോഴിതാ മുഖം മിനുക്കിയെത്തുന്ന ഏറ്റവും പുതിയ സെൽട്ടോസിന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കിയ. വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.
ഇപ്പോൾ 25000 രൂപ നൽകി വാഹനം ബുക്ക് ചെയ്യാം. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ മോഡലിലൂടെ തിരിച്ചെത്തുമെന്നാണ് ഏറ്റവുമൊടുവിലായി കമ്പനിയിൽ നിന്നും പുറത്തുവരുന്ന അപ്ഡേറ്റ്. എസ്.യു.വികളുടെ തനത് ഡിസൈൻ പാറ്റേണായ മസ്കുലർ ഗ്രിൽ, എൽഇഡി ഡേടൈം റണ്ണിങ് ലാംപുകൾ എന്നിവയാണ് പുതിയ സെൽട്ടോസിന്റെ ഹൈലൈറ്റുകളിലൊന്ന്. പനോരമിക് സൺ റൂഫും ഇൻവെർട് എൽ ആകൃതിയുള്ള ടെയ്ൽ ലാംപുകളുമാണ് വരുന്നത്.
ക്രിസ്റ്റൽ കട്ട് ഗ്ളോസി ഫിനിഷുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് പുതിയ സെൽട്ടോസിന്റെ മറ്റൊരു പ്രത്യേകത. നമ്പർ പ്ലേറ്റിനു മുകളിൽ ഒരു എൽഇഡി ലൈറ്റ് ബാറും നൽകിയിട്ടുണ്ട്. എക്സ് ലൈൻ, ജിടി ലൈൻ, ടെക് ലൈൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും എട്ട് നിറഭേദങ്ങളിലുമായിരിക്കും വാഹനം വിപണിയിലെത്തുക. ഡ്രൈവിംഗ് കൂടുതൽ അനായാസമാക്കുന്നതിനും യാത്രകൾ സുരക്ഷിതമാക്കാനും 16 സംവിധാനങ്ങളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതികവിദ്യയും പുതിയ സെൽട്ടോസിൽ കമ്പനി ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. 10.25 ഇഞ്ച് സൈസ് ഡിസ്പ്ലേകളുള്ള ഡ്യുവൽ സ്ക്രീൻ സിസ്റ്റമാണ് വാഹനത്തിന്.
ഇതിൽ ഒന്ന് ഇൻഫോർടെയ്ൻമെന്റ് സിസ്റ്റവും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ്. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, എട്ട് ഇഞ്ച് ഹെഡ്സ്-അപ് ഡിസ്പ്ലേ, പാർക്കിംഗ് ബ്രേക്ക്,ബോസ് ട്യൂൺ ചെയ്ത 8-സ്പീക്കർ സിസ്റ്റം എന്നിവയും പുതിയ സെൽട്ടോസിലുണ്ട്. കൊളിഷൻ വാണിംഗ്അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് കൊളിഷൻ വാണിംഗ്, ലെയ്ൻ കീപ് അസിസ്റ്റ്, സ്റ്റാൻഡേർഡ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇഎസ്സി, ഹിൽ അസിസ്റ്റ് കൺട്രോൾ, ആറ് എയർബാഗുകളും സേഫ്റ്റി ഫീച്ചേഴ്സായി കമ്പനി ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. 1.5 ലിറ്ററുള്ള രണ്ട് പെട്രോൾ എൻജിനുകളും 1.5 ലിറ്ററുള്ള ഒരു ഡീസൽ എൻജിനുമാണ് സെൽട്ടോസിന് കരുത്ത് പകരുന്നത്. ഇതുവരെ സെൽട്ടോസിന്റെ 500,000 യൂണിറ്റുകളാണ് വിപിണിയിൽ വിറ്റഴിഞ്ഞിത്