Auto
ബലേനോയ്ക്ക് പിന്നാലെ ഫീച്ചറുകളിൽ നിറഞ്ഞ് പുതിയ വാഗൺ ആറും; ഞെട്ടിക്കാനുറച്ച് മാരുതി
Auto

ബലേനോയ്ക്ക് പിന്നാലെ ഫീച്ചറുകളിൽ നിറഞ്ഞ് പുതിയ വാഗൺ ആറും; ഞെട്ടിക്കാനുറച്ച് മാരുതി

Web Desk
|
25 Feb 2022 12:21 PM GMT

എഞ്ചിൻ സാങ്കേതികവിദ്യ മാറിയതോടെ വാഹനത്തിന്റെ ഇന്ധനക്ഷമത 25.19 കിലോമീറ്ററാകുമെന്നാണ് കരുതുന്നത്.

പുതിയ ബലേനോയ്ക്ക് പിന്നാലെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. അവരുടെ എക്കാലത്തെയും മികച്ച ഫാമിലി ഹാച്ച്ബാക്കുകളിലൊന്നായ വാഗൺ ആറിന് പുതിയ ഫീച്ചറുകളും എഞ്ചിനും നൽകി അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നേരത്തെ തന്നെ ഈ വർഷം പുതിയ വാഗൺ ആർ അവതരിപ്പിക്കുമെന്ന് മാരുതി അറിയിച്ചിരുന്നു. ഇപ്പോൾ പുതിയ വാഗൺ ആറിന്റെ പുതിയ ഫീച്ചറുകളും പുറത്തുവന്നിരിക്കുകയാണ്.

പുതിയ വാഗൺ ആറിലെ പ്രകടമായ മാറ്റം അതിന്റെ എഞ്ചിനിലെ മാറ്റം തന്നെയാണ്. നിലവിലെ രണ്ട് എഞ്ചിനുകളും മാറ്റി തീർത്തും നവീകരിച്ച എഞ്ചിനുകൾ പുതിയ വാഗൺ ആറിൽ വരും. നിലവിലെ 1.0 ലിറ്റർ K10B എഞ്ചിന് പകരം K10C ഡ്യൂവൽ ജെറ്റ് എഞ്ചിൻ വരും. ഇതിന് 67 എച്ച്പി പവറും 89 എൻഎം ടോർക്കും നൽകാനാകും. അടുത്ത് തന്നെ എസ്പ്രസോയിലും ഇതേ എഞ്ചിൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പവർ കൂടിയ 1.2 ലിറ്റർ എഞ്ചിനും മാറും. പുതിയ സ്വിഫ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിനായിരിക്കും ഇനി മുതൽ വാഗൺ ആറിനും കരുത്ത് പകരുക. ഇതിന് 90 എച്ച്പി പവർ ഉത്പാദിപ്പിക്കാൻ സാധിക്കും. അതേസമയം ട്രാൻസ്മിഷനിൽ വലിയ വിപ്ലവങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല. മാനുവലും എഎംടിയുമായി തുടരും.

എഞ്ചിൻ സാങ്കേതികവിദ്യ മാറിയതോടെ വാഹനത്തിന്റെ ഇന്ധനക്ഷമത 25.19 കിലോമീറ്ററാകുമെന്നാണ് കരുതുന്നത്.

അതേസമയം വാഹനത്തിന്റെ രൂപത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും വാഹനം കൂടുതൽ പ്രീമിയം ലുക്കിലേക്ക് മാറാൻ സാധ്യതയുണ്ട്. ഡ്യുവൽ ടോൺ എക്സ്റ്റീരിയർ പെയിന്റ്, പുതിയ ഇന്റീരിയർ അപ്പ്‌ഹോൾസ്റ്ററി, പുതിയ അലോയ് വീലുകൾ ഇവയൊക്കെ ഉൾപ്പെടുമെന്ന് ഉറപ്പായിട്ടുണ്ട്.

വാഗൺ ആറിന്റെ 7.0 ടച്ച് സ്‌ക്രീൻ സ്മാർട്ട് പ്ലേ സിസ്റ്റത്തിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. അതേസമയം സുരക്ഷ ഫീച്ചറുകൾ കൂടുതലായി ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിൽ ഡ്യുവൽ എയർ ബാഗുകളും ഹിൽ ഹോൾഡ് അസിസ്റ്റും, സ്പീഡ് സെൻസിങ് ഡോർ ലോക്കും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കും.

ഉയർന്ന വേരിയന്റുകളിൽ കൂടുതൽ മികച്ച സുരക്ഷാ സംവിധാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ 5.18 ലക്ഷം മുതൽ 6.58 ലക്ഷം വരെയാണ് വാഗൺ ആറിന്റെ വില. അതിൽ നിന്ന് ചെറിയ മാറ്റം മാത്രമേ പുതിയ മോഡലിനുണ്ടാകൂ എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമായിട്ടില്ല.

Related Tags :
Similar Posts