Auto
ഫോർഡിന് പിന്നാലെ ഡാറ്റ്‌സണും ഇന്ത്യ വിടുന്നു
Auto

ഫോർഡിന് പിന്നാലെ ഡാറ്റ്‌സണും ഇന്ത്യ വിടുന്നു

Web Desk
|
20 April 2022 11:59 AM GMT

2013ലാണ് നിസാൻ ഇന്ത്യയിൽ ഡാറ്റ്‌സൺ എന്ന ബഡ്ജറ്റ് ബ്രാൻഡ് അവതരിപ്പിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഡാറ്റ്‌സൺ ബ്രാൻഡിനെ കമ്പനി വീണ്ടും അവതരിപ്പിച്ചത്.

കഴിഞ്ഞ രണ്ടു വർഷം ഇന്ത്യൻ വാഹനവിപണി വൻ വീഴ്ചകൾക്ക് സാക്ഷ്യംവഹിച്ച കാലമാണ്. ഫോർഡ് ഇന്ത്യ വിട്ടതും ഒടുവിൽ വോക്‌സ് വാഗൺ പോളോ ഉത്പാദനം നിർത്തിയതും കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിലാണ്. ആ പട്ടികയിൽ പുതിയൊരു പേര് കൂടി എഴുതിച്ചേർക്കുകയാണ് ഇപ്പോൾ.

ജപ്പാൻ കരുത്തായ നിസാന്റെ കീഴിലുള്ള ബഡ്ജറ്റ് ബ്രാൻഡായ ഡാറ്റ്‌സണാണ് ഇന്ത്യ വിടുന്ന എറ്റവും പുതിയ ബ്രാൻഡ്. മൂന്ന് മോഡലുകളാണ് ഡാറ്റ്‌സൺ ഇന്ത്യയിൽ വിൽക്കുന്നത്. ഡാറ്റ്‌സൺ ഗോ, ഡാറ്റസൺ ഗോ പ്ലസ്, ഡാറ്റ്‌സൺ റെഡിഗോ. ഇതിൽ അഞ്ച് സീറ്റ് മോഡലായ ഗോയുടെയും 7 സീറ്റ് മോഡലായ ഗോ പ്ലസിന്റെയും ഉ്ത്പാദനം നേരത്തെ നിർത്തിയിരുന്നു. ഇപ്പോൾ ഹാച്ച് ബാക്ക് മോഡലായ റെഡിഗോയുടെയും ഉത്പാദനം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി കമ്പനി ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ചെന്നൈയിലാണ് ഡാറ്റ്സണിന്‍റെ ഇന്ത്യയിലെ പ്ലാന്‍റ്.

2013ലാണ് നിസാൻ ഇന്ത്യയിൽ ഡാറ്റ്‌സൺ എന്ന ബഡ്ജറ്റ് ബ്രാൻഡ് അവതരിപ്പിച്ചത്. ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചായിരുന്നു ഡാറ്റ്‌സൺ ബ്രാൻഡിനെ കമ്പനി വീണ്ടും അവതരിപ്പിച്ചത്. എൻട്രി ലെവൽ ബഡ്ജറ്റ് കാറുകൾ മാത്രമാണ് ബ്രാൻഡ് വഴി വിറ്റത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ എഴ് സീറ്റർ വാഹനമായിരുന്നു ഡാറ്റ്‌സൺ ഗോ പ്ലസ്.

ആഗോളവ്യാപകമായി തന്നെ ഡാറ്റ്‌സൺ എന്ന ബ്രാൻഡ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മാതൃ കമ്പനിയായ നിസാൻ അറിയിച്ചു. നിസാൻ എന്ന ബ്രാൻഡിന് കീഴിൽ തന്നെ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അവർ അറിയിച്ചു.

2021 ജനുവരി മുതൽ ഡിസംബർ വരെയുള്ള ഒരുവർഷ കാലയളവിൽ ഡാറ്റ്‌സണ് ഇന്ത്യയിൽ ആകെ വിൽക്കാൻ സാധിച്ചത് 4,296 യൂണിറ്റുകൾ മാത്രമാണ്. 0.09 ശതമാനം മാത്രമായിരുന്നു പ്രസ്തുത കാലയളവിൽ കമ്പനിയുടെ വിപണി വിഹിതം.

വാഹന നിർമാണ കമ്പനികൾ പ്രവർത്തനം നിർത്തുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിലവിലെ ഉപഭോക്തക്കളെയാണ്. വാഹനത്തിന്റെ സർവീസ്, സ്‌പെയർപാർട്‌സുകളുടെ ലഭ്യത, വാറന്റി, റീസെയിൽ വാല്യു എന്നിവയെല്ലാം ഇത് പ്രതികൂലമായി ബാധിക്കും.

എന്നാൽ ഡാറ്റ്‌സണിന്റെ കാര്യത്തിൽ അത്തരത്തിലുള്ള പ്രശ്‌നങ്ങൾ നിലവിലില്ല. കാരണം നിസാന്റെ ശക്തമായ സർവീസ് ശൃംഖലയിലൂടെ എല്ലാ ഡാറ്റ്‌സൺ ഉപഭോക്തകൾക്കും എല്ലാവിധ വിൽപ്പനാന്തര സേവനങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാൽ നിലവിൽ നിസാൻ മൂന്ന് മോഡലുകൾ മാത്രമാണ് ഇന്ത്യയിൽ വിൽക്കുന്നത്. മാഗ്നൈറ്റ്, കിക്ക്‌സ്, ജി.ടി ആർ. ഇതിൽ മാഗ്മെറ്റ് മാത്രമാണ് കാര്യമായി വിറ്റുപോകുന്നത്.

Summary: Nissan Stops Datsun brand in India

Similar Posts