ഇനി കളിമാറും; കളം പിടിക്കാന്‍ പുതിയ ക്രെറ്റ ജനുവരി 16നെത്തും
|ക്രെറ്റയുടെ മൂന്നാം തലമുറ പതിപ്പാണ് വിപണിയിലെത്താനൊരുങ്ങുന്നത്
ഇന്ത്യൻ വാഹനവിപണിയിലെ കോംപാക്ട് എസ്.യു.യി സെഗ്മെന്റിൽ തരംഗം സൃഷ്ടിച്ച വാഹനമായിരുന്നു ക്രെറ്റ. 2015ൽ വിപണിയിലെത്തിയ കാലംമുതൽ സെഗ്മെന്റിലെ തന്നെ എണ്ണംപറഞ്ഞ വാഹനങ്ങളിലൊന്നായി മാറാൻ ക്രെറ്റക്കായി. പിന്നീട് രണ്ടാം തലമുറ വിപണിയിലെത്തിയപ്പോഴും വാഹത്തിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞില്ല. ഇപ്പോഴിതാ കമ്പനി മൂന്നാം തലമുറ ക്രെറ്റയെ വിപണിയിലിറക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 2024 ജനുവരി 16 -ന് ഷെഡ്യൂൾ ചെയ്യു ഒരു ഇവന്റിനായി ഹ്യുണ്ടായി മോേട്ടാർ ഇന്ത്യ 'ടോക്ക് യുവർ ഡേറ്റ്' ഇൻവിറ്റേഷൻ നൽകിയിരിക്കുകയാണ് എന്നതാണ് ഏറ്റവും പുതിയ അപ്‌ഡേറ്റ്.
ഇവന്റിനെയും, അതിൽ ഫീച്ചർ ചെയ്യു മോഡലിനേയും കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രെറ്റ ഫെയ്സ്ലിഫ്റ്റ് എന്ന പുതിയ മോഡലിനെ അവതരിപ്പിക്കാനായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പരീക്ഷണയോട്ടത്തിനിടയിൽ സ്‌പോർട്ട് ചെയ്ത എസ്.യു.വിയുടെ അപ്ഡേറ്റ് ചെയ്ത മോഡലാണ് ഊഹാപോഹപോഹങ്ങൾക്ക് കാരണം. കാര്യമായ മാറ്റങ്ങളോടുകൂടിയായിരിക്കും വരാനിരിക്കുന്ന മോഡലൊണ് പ്രതീക്ഷിക്കുന്നത്. എന്നാൽ എഞ്ചിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ലെന്നാണ് അറിയുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് അഡാസ് ആയിരിക്കും ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന്.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ഹൈ ബീം അസിസ്റ്റ്, കൊളീഷൻ മിറ്റിഗേഷൻ, ലെയിൻ കീപ്പ് അസിസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വരാനിരിക്കുന്ന ഏറ്റവും പുതിയ ക്രെറ്റയിൽ കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കിയ സെൽറ്റോസ് ഫെയ്സ്ലിഫ്റ്റിൽ അവതരിപ്പിച്ചതിന് സമാനമായി 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിലുണ്ടാകുമെന്നാണ് സൂചന.
ബോസ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, യുഎസ്ബി ടൈപ്പ് സി ടൈപ്പ് ചാർജറുകൾ, ആറ് എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം ടി.പി.എം.എസ് തുടങ്ങി ഫീച്ചറുകളുടെ നീണ്ട നിര തന്നെ വാഹനത്തിലുണ്ടാകും. പാലിസേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഫ്രണ്ട് ഗ്രില്ലും പരിഷ്‌കരിച്ച ബമ്പറും വെർട്ടിക്കലായി ക്രമീകരിച്ച സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് യൂണിറ്റുകളുമായിരിക്കും വാഹത്തിന്റെ മുൻവശത്തിന് നൽകുക. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമുണ്ടാകും. പുതുതായി രൂപകൽപന ചെയ്ത അലോയി വീലുകളായിരിക്കും ഏറ്റവും പുതിയ വാഹനത്തിന് നൽകുക. നിലവിലുള്ള 115 bhp പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 115 bhp പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ തന്നെയായിരിക്കും പുതിയ വാഹനത്തിനും നൽകുക.