Auto
പാവങ്ങളുടെ ഒല; ഒകായ ഫ്രീഡം സ്കൂട്ടറിന്‍റെ പ്രത്യേകതകള്‍ അറിയാം
Auto

പാവങ്ങളുടെ ഒല; ഒകായ ഫ്രീഡം സ്കൂട്ടറിന്‍റെ പ്രത്യേകതകള്‍ അറിയാം

Web Desk
|
23 Sep 2021 5:02 AM GMT

ഇന്ത്യയുടെ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ ഒലയോട് താരതമ്യം ചെയ്യുമ്പോള്‍ വില തന്നെയാണ് ഒകായയെ വേറിട്ടു നിര്‍ത്തുന്നത്

രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുമാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്‌കൂട്ടറാണ് നിരത്തുകള്‍ കീഴടക്കാനെത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് ഫ്രീഡം എൽഐ -2, ഫ്രീഡം എൽഎ -2 എന്നിവ ഒകായ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഇന്ത്യയുടെ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ ഒലയോട് താരതമ്യം ചെയ്യുമ്പോള്‍ വില തന്നെയാണ് ഒകായയെ വേറിട്ടു നിര്‍ത്തുന്നത്. സ്‌കൂട്ടറിന്‍റെ അടിസ്ഥാന വേരിയന്‍റിന് 58,450 രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഒലയുടെ എസ്1,എസ്1 പ്രോ മോഡലുകള്‍ക്ക് യഥാക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് വില.



ഉയര്‍ന്ന വേരിയന്‍റിന് ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. 10 നിറങ്ങളില്‍ ഒല എത്തുമ്പോള്‍ 12 കളര്‍ ഓപ്ഷനുകളിലാണ് ഒകായ ഫ്രീഡം നല്‍കുന്നത്. 250 വാട്ട് ബിഎൽഡിസി ഹബ് മോട്ടോറാണ് ഒകായ ചില മോഡലുകളിൽ ഉപയോഗിക്കുന്നത്. ഇതിന് 48V 30Ah ബാറ്ററിയാണ് കരുത്ത് പകരുന്നത്. ഇതിന് പരമാവധി 25 കിലോമീറ്റർ വേഗതയും പരമാവധി 80 കിലോമീറ്റർ ദൂര പരിധിയുമാണുള്ളത്.

രണ്ടു തരം ബാറ്ററി ഓപ്ഷനുകളാണ് ഒകായ നല്‍കുന്നത്. ലിഥിയം അയൺ ബാറ്ററിയും ലെഡ്-ആസിഡ് ഓപ്ഷനും ഇതിൽ ലഭ്യമാണ്. 48 വോൾട്ട് 30 എ.എച്ച്​ ലിഥിയം അയൺ ബാറ്ററി പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും. ലെഡ് ആസിഡ് ബാറ്ററി പതിപ്പ് ചാർജ്​ ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ സമയം വേണ്ടിവരും.


ഡിജിറ്റൽ ഡിസ്പ്ലേ, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, മോണോസ്കോപ്പിക് റിയർ സസ്പെൻഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് ഒകായ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. എല്‍.ഇ.ഡി ഹെഡ് ലാമ്പ്, എല്‍.ഇ.ഡി ഡിആര്‍എല്‍ തുടങ്ങിയവ ഒകായയുടെ പ്രത്യേകതകളാണ്.

തദ്ദേശീയമായ ഒരു ഇലക്ട്രിക് സ്കൂട്ടറാണ് ഒകായ ഫ്രീഡം. ഹിമാചൽ പ്രദേശിലെ ബഡ്ഡി പ്ലാന്‍റിലാണ് കമ്പനി സ്കൂട്ടര്‍ നിർമ്മിക്കുന്നത്. 4 വേരിയന്‍റുകളിലായാണ് ഒകായ ഫ്രീഡം അവതരിപ്പിക്കുന്നത്. ഇതിൽ ലോ-സ്പീഡ് വേരിയന്‍റ് സ്കൂട്ടറുകൾ ആണ് ആദ്യം പുറത്തിറക്കുക. വരും മാസങ്ങളിൽ അതേ മോഡലിന്‍റെ കൂടുതൽ ശ്രേണിയിലുള്ള മോഡലും പുറത്തിറക്കും. ഒലയും ബജാജ് ചേതകുമാണ് ഒകായയുടെ നിരത്തിലെ എതിരാളികള്‍.




Similar Posts