ഓല എസ് വൺ; രണ്ടാം ഘട്ട ബുക്കിങ് നീട്ടി
|ആദ്യ ഘട്ടത്തിൽ ഇ സ്കൂട്ടർ ബുക്ക് ചെയ്തവർക്കു വില അടയ്ക്കാനുള്ള സമയപരിധി നവംബർ 10നു തന്നെ ആരംഭിക്കുമെന്നും ഓല ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്
വൈദ്യുത സ്കൂട്ടറായ എസ് വണ്ണും എസ് വൺ പ്രോയും സ്വന്തമാക്കാനുള്ള രണ്ടാം ഘട്ട ബുക്കിങ് ഡിസംബർ മധ്യത്തിലേക്കു മാറ്റിയതായി ഓല ഇലക്ട്രിക്. നവംബർ ഒന്നു മുതൽ ആരംഭിക്കാനിരുന്ന രണ്ടാം ഘട്ട ബുക്കിങ് നടപടികൾ ഡിസംബർ 16ലേക്കാണ് മാറ്റിയത്.
എസ് വൺ, എസ് വൺ പ്രോ ഇ സ്കൂട്ടറുകളുടെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിക്കുന്നതിലും ആദ്യ ഘട്ടത്തിൽ ബുക്ക് ചെയ്തവർക്കു വാഹനം കൈമാറുന്നതിലും നേരിട്ട കാലതാമസമാണ് ഷെഡ്യൂൾ പരിഷ്കരിക്കാൻ കാരണമെന്നാണു സൂചന. അതേസമയം, ആദ്യ ഘട്ടത്തിൽ ഇ സ്കൂട്ടർ ബുക്ക് ചെയ്തവർക്കു വില അടയ്ക്കാനുള്ള സമയപരിധി നവംബർ 10നു തന്നെ ആരംഭിക്കുമെന്നും ഓല ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യഘട്ട ബുക്കിങ്ങിൽ വെയ്റ്റ് ലിസ്റ്റിലായ ഉപയോക്താക്കൾക്കുള്ള അറിയിപ്പിലാണു കമ്പനി പരിഷ്കരിച്ച സമയക്രമം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 15നും 16നുമായി നടന്ന ബുക്കിങ് ഘട്ടത്തിൽ 20,000 രൂപ അടച്ച് ബുക്കിങ് ഉറപ്പാക്കിയവർക്ക് സമയക്രമത്തിൽ മാറ്റമില്ലെന്നും ഓല ഇലക്ട്രിക് വ്യക്തമാക്കുന്നു. ടെസ്റ്റ് ഡ്രൈവിനുള്ള സമയം നിശ്ചയിക്കാൻ ഇവർക്ക് വൈകാതെ അവസരം ലഭിക്കുമെന്നാണ് ഓലയുടെ വാഗ്ദാനം. തുടർന്ന് നവംബർ 10 മുതൽ സ്കൂട്ടറിന്റെ വിലയുടെ ബാക്കി അടയ്ക്കാനും നിർദേശമുണ്ട്.
ബുക്കിങ് പൂർത്തിയായാൽ കഴിവതും വേഗം വാഹനം കൈമാറാനാണു ശ്രമമെന്നും ഓല ഇലക്ട്രിക് വിശദീകരിച്ചു. ഷോറൂം സന്ദർശിച്ച് വാഹനം വാങ്ങുന്ന പരമ്പരാഗത രീതിയിൽ നിന്നു തീർത്തും വ്യത്യസ്തമായ ശൈലിയാണ് 'എസ് വൺ', 'എസ് വൺ പ്രോ' വിൽപ്പനയ്ക്കായി ഓല ഇലക്ട്രിക് പിന്തുടരുന്നത്. സാധാരണ ശൈലിയിലുള്ള ഡീലർഷിപ്പുകൾ ഇല്ലാത്തതിനാൽ ഓലയുടെ നടപടിക്രമങ്ങളെല്ലാം ഓൺലൈൻ വ്യവസ്ഥയിലാണ്.
കഴിഞ്ഞ ജൂലൈ 15നാണ് 499 രൂപ അടച്ച് സ്കൂട്ടർ റിസർവ് ചെയ്യാൻ ഓല അവസരം നൽകിയത്. തുടർന്ന് സ്വാതന്ത്ര്യ ദിനത്തിൽ 'എസ് വൺ', 'എസ് വൺ പ്രോ' സ്കൂട്ടറുകൾ കമ്പനി അനാവരണം ചെയ്തു. റിസർവ് ചെയ്തു കാത്തിരിക്കുന്നവർക്ക് 20,000 രൂപ കൂടി അടച്ച് സ്കൂട്ടർ ബുക്ക് ചെയ്യാനുള്ള അവസരം നൽകിയത് സെപ്റ്റംബർ 15നും 16നുമായിരുന്നു. സ്കൂട്ടർ വിലയിൽ അവശേഷിക്കുന്ന തുക, വാഹന കൈമാറ്റത്തിന് ഒരാഴ്ച മുമ്പ് അടയ്ക്കണമെന്നാണു വ്യവസ്ഥ.