'എല്ലാവരും ഹാപ്പി': 99.1 ശതമാനം പരാതികളും പരിഹരിച്ചിട്ടുണ്ടെന്ന് ഒലയുടെ വിശദീകരണം
|ഉപഭോക്താവിൻ്റെ പൂർണ്ണ സംതൃപ്തി ലഭിക്കും വിതമാണ് പരാതികള്‍ പരിഹരിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയില്‍ നിന്നും (സിസിപിഎ) ലഭിച്ച പരാതികളിൽ 99.1 ശതമാനവും പരിഹരിച്ചതായി പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്. ആകെ 10,644 പരാതികളാണ് ലഭിച്ചത്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിശദീകരണം തേടിയതിന് പിന്നാലെയാണ് ഒല മറുപടി നല്‍കിയത്.
ഉപഭോക്താവിൻ്റെ പൂർണ്ണ സംതൃപ്തി ലഭിക്കും വിതമാണ് പരാതികള്‍ പരിഹരിച്ചതെന്നും കമ്പനി വ്യക്തമാക്കുന്നു. ഉപഭോക്തൃ അവകാശ ലംഘനങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് 2024 ഒക്ടോബർ 7നാണ് സിസിപിഎ കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മറുപടി നല്‍കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചിരുന്നു.
ഒലയുടെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാളും സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ കുനാല്‍ കമ്രയും തമ്മില്‍ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പ്പനാനന്തര സേവന നിലവാരത്തെച്ചൊല്ലി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വാക്പോരുണ്ടായതിന് പിന്നാലെയായിരുന്നു നോട്ടീസ്. ഉപഭോക്താക്കളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കമ്ര ആശങ്ക ഉന്നയിച്ചിരുന്നത്. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ഭവിഷ് അഗര്‍വാള്‍ നേരിട്ടത്.
ആത്മാര്‍ഥമായണ് പരാതികളെങ്കില്‍ കമ്രക്ക് മുന്നോട്ടുപോകാം. അല്ലാത്ത പക്ഷം മിണ്ടാതിരിക്കണം. എന്താണ് ചെയ്യേണ്ടത് എന്ന് ഞങ്ങള്‍ക്കറിയാമെന്നുമായിരുന്നു ഭവിഷ് അഗര്‍വാളിന്റെ പ്രതികരണം. ഇവിടം കൊണ്ടും ഇവരുടെ വാക് പോര് തീര്‍ന്നിരുന്നില്ല.