അവിടെയും പെണ്ണുങ്ങൾ, ഇവിടെയും പെണ്ണുങ്ങൾ; ലോകത്തെ ഏറ്റവും വലിയ വനിതാ ഫാക്ടറിയുമായി ഒല
|വാഹന ടെക്നീഷ്യന്മാരും മെക്കാനിക്കുകളും വാഹന ഇലക്ട്രീഷ്യന്മാരുമായി ജോലി ചെയ്യുന്നവരിൽ 99 ശതമാനവും പുരുഷന്മാരാണെന്നാണ് 2020-ലെ 'വർക്കിങ് ഫ്യൂച്ചേഴ്സ്' റിപ്പോർട്ട് പറയുന്നത്.
തൊഴിൽ രംഗത്ത് വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. മാത്രവുമല്ല, പല തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അവസരം പോലും കിട്ടാറില്ല. എന്നാൽ, വനിതകൾ മാത്രമായി ഒരു ഫാക്ടറി നടത്തിയാൽ എങ്ങനെയുണ്ടാവും? അതും ഇപ്പോഴത്തെ സെൻസേഷനായ ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുന്ന ഒരു ഫാക്ടറി. അത്തരമൊരു ചിന്തക്ക് തുടക്കമിട്ടിരിക്കുകയാണ് ഇലക്ട്രിക് സ്കൂട്ടർ നിർമാണ രംഗത്ത് വലിയ വാർത്തകൾ സൃഷ്ടിച്ച ഒല.
തമിഴ്നാട്ടില്‍ പുതിയതായി തുടങ്ങാനിരിക്കുന്ന ഒലയുടെ ഫ്യൂച്ചര്‍ ഫാക്ടറി പൂര്‍ണമായി വനിതകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍ പറയുന്നു. ഇതിന്റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു. വനിതാ ഫാക്ടറിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ആദ്യ ബാച്ചിനൊപ്പമുള്ള വിഡീയോ പങ്കുവെച്ചുകൊണ്ടാണ് ഭവിഷ് അഗർവാളിന്റെ ട്വീറ്റ്.
തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒല ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണ് ഈ മുന്നേറ്റമെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
ആഗോളാടിസ്ഥാനത്തിൽ വാഹനനിർമാണ രംഗം പുരുഷന്മാരുടെ കുത്തകയാണ്. വാഹന ടെക്നീഷ്യന്മാരും മെക്കാനിക്കുകളും വാഹന ഇലക്ട്രീഷ്യന്മാരുമായി ജോലി ചെയ്യുന്നവരിൽ 99 ശതമാനവും പുരുഷന്മാരാണെന്നാണ് 2020-ലെ 'വർക്കിങ് ഫ്യൂച്ചേഴ്സ്' റിപ്പോർട്ട് പറയുന്നത്. വെൽഡിങ്, വലിയ യന്ത്രങ്ങളുടെ ഓപറേഷൻ, ഇലക്ട്രിക്കൽ - ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തുടങ്ങിയ ജോലികളിലും ഏറെക്കുറെ സമാനമായ പുരുഷ മേൽക്കോയ്മയാണുള്ളത്. ഈയർത്ഥത്തിൽ നോക്കുമ്പോൾ ഒലയുടെ 'ഫീമെയിൽ ഒൺലി' ഫാക്ടറി വലിയ വിപ്ലവമാണ് കൊണ്ടുവരാൻ പോകുന്നത്.
നിലവിൽ ലോകത്തെ ഏറ്റവും വലിയ ടൂവീലർ ഫാക്ടറി തങ്ങളുടെ ഫ്യൂച്ചർ ഫാക്ടറിയാണെന്നാണ് ഒലയുടെ അവകാശവാദം. 500 ഏക്കറിൽ പ്രതിവർഷം ഒരു കോടി യൂണിറ്റുകൾ പുറത്തിറക്കാൻ കഴിയുന്ന ജംബോ ഫാക്ടറിയിൽ 3000-ലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് സെക്കന്റിൽ ഒരു സ്കൂട്ടർ എന്ന നിലയിലാണ് ഇവിടെ ഉൽപാദനം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിർമാണം ഇക്കഴിഞ്ഞ ജൂണിലാണ് പൂർത്തിയായത്. ഇവിടെ നിന്ന് ആദ്യ സ്കൂട്ടർ ആഗസ്റ്റ് 15-ന് പുറത്തിറങ്ങുകയും ചെയ്തു.
ഈയിടെയാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ ഓണ്‍ലൈന്‍ വില്‍പ്പനക്ക് ഒല തുടക്കമിട്ടത്. നേരത്തെ 499 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്തവർക്കാണ് സ്കൂട്ടർ ലഭ്യമാക്കുന്നത്.
എസ്1 മോഡല്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ വില്‍പ്പന ത്വരിതപ്പെടുത്താനാണ് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ വെബ്സൈറ്റില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന സെപ്തംബര്‍ 15ലേക്ക് മാറ്റിവെച്ചു. ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി ഉള്ളതിനാല്‍ ഒല എസ്1ന് 85000 രൂപയാണ് വില.