Auto
24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ്; ഓല സ്‌കൂട്ടർ സൂപ്പർഹിറ്റ്
Auto

24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ബുക്കിങ്; ഓല സ്‌കൂട്ടർ സൂപ്പർഹിറ്റ്

Web Desk
|
20 July 2021 7:24 AM GMT

499 രൂപയാണ് ബുക്കിംഗ് തുക

ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ബുക്കിംഗ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി ഓല സ്‌കൂട്ടര്‍. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ ബുക്കിംഗ് ലഭിക്കുന്ന സ്‌കൂട്ടറായും ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്ന് ഒല ഇലക്ട്രിക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.499 രൂപയാണ് ബുക്കിംഗ് തുക. വാഹനം വാങ്ങിയില്ലെങ്കില്‍ ബുക്കിങ്ങ് തുക പൂർണമായും തിരിച്ചു നൽകുമെന്നും അറിയിച്ചിരുന്നു. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 18 മിനിറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ചാർജ് കയറുമെന്നും അതിൽ 75 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നുമാണ് ഓല പറയുന്നത്. പൂർണമായും ചാർജ് ചെയ്താൽ വാഹനം 150 കിലോമീറ്റർ വരെ ഓടും എന്നാണ് പ്രതീക്ഷ.

വൈദ്യുത സ്കൂട്ടർ നിർമാണത്തിനായി തമിഴ്നാട്ടിൽ 2,400 കോടി രൂപ ചെലവിൽ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം ഓല ഇലക്ട്രിക് പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു.നിലവിൽ രാജ്യത്തെ വൈദ്യുത വാഹന ചാർജിങ്ങിനു ലഭ്യമായ സൗകര്യം തികച്ചും അപര്യാപ്തമാണ്. അതിനാൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ചാർജിങ് ശൃംഖല(ഹൈപ്പർ ചാർജർ നെറ്റ്വർക്ക്) അവതരിപ്പിക്കാനും ഓല ഇലക്ട്രിക് തയാറെടുക്കുന്നുണ്ട്. നാനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലുമായി ഘട്ടം ഘട്ടമായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്.

Similar Posts