അരക്കോടിയും കടന്ന് ടൊയോട്ട ഫോർച്യൂണറിന്റെ വില
|9,13,930 രൂപയാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ ചാർജ്.
ടൊയോട്ട എന്ന ജപ്പാൻ കാർ നിർമാതാക്കൾക്ക് ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിൽ അവർക്ക് വലിയ പരസ്യങ്ങളോ മറ്റോ നൽകേണ്ടി വരാറില്ല. ഇത് ടൊയോട്ടയുടെ വാഹനമാണ് എന്ന് പറഞ്ഞാൽ തന്നെ ചൂടപ്പം പോലെ അവരുടെ വാഹനങ്ങൾ വിറ്റുപോകും. അത്രമേൽ വിശ്വാസ്യതയാണ് അവർ ഇന്ത്യക്കാർക്കിടയിൽ നേടിയിട്ടുള്ളത്. ക്വാളിസും ഇന്നോവയും ക്രിസ്റ്റയും എത്തിയോസുമെല്ലാം ഇന്ത്യയുടെ റോഡുകളിൽ ഇപ്പോഴും ടൊയോട്ടയുടെ ബിൽഡ് ക്വാളിറ്റി തെളിയിക്കുകയാണ്.
ടൊയോട്ടയുടെ ആ ചരിത്രത്തിന്റെ എല്ലാ പ്രത്യകതകളും ചേർന്ന വാഹനമാണ് ഫോർച്യൂണർ. ഒരു യഥാർഥ എസ്.യു.വി എങ്ങനെയായിരിക്കണം എന്നതിന്റെ കോപ്പി ബുക്ക് സ്റ്റൈലാണ് ഫോർച്യൂണർ. ഓഫ്റോഡ് കാപ്പബിലിറ്റി കൂടിയുള്ള ഈ 4X4 വാഹനം ഒരു ഫാമിലി കാറായും ഉപയോഗിക്കാറുണ്ട്. കൂടിയ സേഫ്റ്റി തന്നെയാണ് ഇതിന്റെ കാരണം. ഇറങ്ങിയ അന്നു മുതൽ കഴിഞ്ഞ വർഷം വെൽഫേർ ഇറങ്ങും വരെ ടൊയോട്ട ഇന്ത്യ നിരയിലെ ഏറ്റവും വില കൂടിയ മോഡലാണ് ഈ കരുത്തൻ.
ഇപ്പോളിതാ ഈ വാഹനത്തിന്റെ ടോപ് വേരിയന്റിന് കൊച്ചിയിലെ വില 50 ലക്ഷം കടന്നിരിക്കുകയാണ്. 53.81 ലക്ഷമാണ് ലെജൻഡർ 2.8 ഡീസൽ 4X4 ഓട്ടോമാറ്റിക്ക് മോഡലിന്റെ ഷോറൂം വില. ഓട്ടോമൊബൈൽ വെബ്സൈറ്റായ കാർവാലെയുടെ കണക്ക് പ്രകാരം. 42,33,000 രൂപയാണ് വാഹനത്തിന്റെ കൊച്ചിയിലെ എക്സ ഷോറൂം വില. 9,13,930 രൂപയാണ് വാഹനത്തിന്റെ രജിസ്ട്രേഷൻ ചാർജ്. ഇൻഷൂറൻസായി 1,90,085 രൂപ നൽകണം ഫാസ്ടാഗ് ഉൾപ്പെടെയുള്ള മറ്റു ചാർജുകളായി 44,330 രൂപയും നൽകണം.
38.91 ലക്ഷമാണ് വാഹനത്തിന്റെ ഏറ്റവും കുറഞ്ഞ മോഡലായ 2.7 ലിറ്റർ പെട്രോൾ 4X2 മാനുവൽ ട്രാൻസ്മിഷന്റെ വില. വില ഇത്രയുമുണ്ടെങ്കിലും 2,387 ഫോർച്യൂണറാണ് ഓഗസ്റ്റ് മാസത്തിൽ മാത്രം ഇന്ത്യൻ നിരത്തിലിറങ്ങിയത്.