റോൾസ് റോയ്സിന്റെ ഇലക്ട്രിക് വാഹനം എത്തുന്നു; വിപണിയിലെത്തുന്നത് ലോകത്തിലെ ആദ്യത്തെ ആഡംബര ഇലക്ട്രിക് കാർ
|2023 ന്റെ അവസാനത്തോടെ കാർ വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്
ഇലക്ട്രിക് വാഹന വിപണി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകത്തിലെ ആഡംബര വാഹനങ്ങളുടെ അതികായനായ റോൾസ് റോയ്സും തങ്ങളുടെ ഇലക്ട്രിക് വാഹനം പുറത്തിറക്കുെമന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. റോൾസ് റോയ്സിന്റെ വാഹന ഡിസൈനർമാരുടെയും എഞ്ചിനിയർമാരുടെയും കഴിവിന്റെ പരമാവധി ഉപയോഗിച്ചുള്ള വാഹനമായിരിക്കും തങ്ങൾ പുറത്തിറക്കുകയെന്ന് കമ്പനി മേധാവി നേരത്തെ അറിയിച്ചിരുന്നു.
ആരാധകർ പ്രതീക്ഷിക്കുന്നതിനേക്കാൾ ഫീച്ചറുകളും സൗന്ദര്യവും കാറിനുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. റോൾസ് റോയ്സ് പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് വാഹനം പൂർണമായും ബാറ്ററിയിലായിരിക്കും പ്രവർത്തിക്കുക. എന്നാൽ കാറിന്റെ മറ്റു വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
2023 ന്റെ അവസാനത്തോടെ കാർ വിപണിയിലെത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. ലോകത്തിലെ വാഹന മേഖലയുടെ ഭാവി ഇലക്ട്രിക്കിലാണെന്ന് 120 വർഷങ്ങൾക്കു മുൻപ് റോൾസ് റോയ്സിന്റെ സ്ഥാപകരിൽ ഒരാളായ ചാൾസ് റോൾസ് അഭിപ്രായപ്പെട്ടിരുന്നുവെന്ന് കമ്പനി സി.ഇ.ഒ ടോർസ്റ്റൺ മുള്ളർ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവചനം ശരിയാകുന്ന കാഴ്ചയാണ് ഇപ്പോൾ വിപണിയിൽ കാണുന്നതെന്നും മുള്ളർ കൂട്ടിച്ചേർത്തു. ആഡംബര വാഹന നിർമാതാക്കൾ എന്ന പേര് നേടുന്നതിനു മുൻപ് കമ്പനി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാനാണ് ശ്രമിച്ചതെന്നും പിന്നീട് ശ്രമം പിൻവലിക്കുകയുമായിരുന്നു.
ഒരു തവണ ചാർജിംഗിലൂടെ 500 കിലോ മീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയുന്ന കാറാണ് റോൾസ് റോയ്സ് പുറത്തിറക്കുന്നത്. 100 കിലോ വാട്ട് അവർ ബാക്കപ്പുള്ള മികച്ച ബാറ്ററിയായിരിക്കും കാറിനുണ്ടാവുക. എന്നാൽ റോൾസ് റോയ്സ് തങ്ങളുടെ രണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകൾ മുമ്പ് പുറത്തിറക്കിയിരുന്നു. 2011 ൽ 102 EX എന്ന കോഡ് നാമത്തിൽ നിർമിച്ച ഫാന്റം എക്‌സ്പിരിമെന്റൽ ഇലക്ട്രിക് ആയിരുന്നു ആദ്യത്തെ മോഡൽ. 2016 ൽ 103 EX എന്ന കോഡിൽ വിഷൻ നെക്‌സ്റ്റ് 100 എന്ന മോഡലും കമ്പനി പുറത്തിറക്കിയിരുന്നെങ്കിലും അവയുടെ ഉത്പാദനത്തിലേക്കു കടന്നിരുന്നില്ല.