ഒറ്റ ചാർജിൽ 240 കി.മീ; സിംപിൾ വൺ ബുക്കിങ് 55,000 കടന്നു
|ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്
ഇലക്ട്രിക് ഇരുചക്ര വാഹന നിർമാണ രംഗത്തേക്ക് ഒലയ്‌ക്കൊപ്പം കടന്നുവന്നവരാണ് സിംപിൾ എനർജി എന്ന ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി. ഇതുവരെ വാഹനത്തിന്റെ വിതരണം ആരംഭിച്ചിട്ടില്ലെങ്കിലും കമ്പനി അവതരിപ്പിച്ച ട1, ട1 പ്രോ മോഡലുകളുടെ 55,000 ബുക്കിങ്ങുകൾ മറികടന്നതായി ബ്രാൻഡ് അവകാശപ്പെടുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ സിംപിൾ വൺ ഇലക്ട്രിക് സ്‌കൂട്ടറിനായി 55,000 ബുക്കിംഗുകൾ ലഭിച്ചുവെന്നാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സുഹാഷ് രാജ്കുമാർ അവകാശപ്പെടുന്നത്. രണ്ട് വേരിയന്റുകളിലായി അവതരിപ്പിച്ചിരിക്കുന്ന വൺ ഇവിയുടെ സ്റ്റാൻഡേർഡ് പതിപ്പിന് നിലവിൽ 1,09,999 രൂപയും വിപുലമായ അധിക ബാറ്ററിക്കൊപ്പം എത്തുന്ന ടോപ്പ് വേരിയന്റിന് 1,44,999 രൂപ വരെയുമാണ് വില.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് വൺ ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യൻ വിപണിയിൽ സിമ്പിൾ എനർജി അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിനെ കൂടുതൽ ശക്തമായ മോട്ടോർ ഉപയോഗിച്ച് നവീകരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. 72 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള നവീകരിച്ച 8.5 kW മോട്ടോറുമായി സ്‌കൂട്ടർ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച ബാറ്ററി പായ്ക്കാവും സ്കൂട്ടറിന്റെ പ്രധാന ആകർഷണം. സ്കൂട്ടറിനു കരുത്തേകുന്നത് 4.8 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയേൺ ബാറ്ററിയാണ്. ഒറ്റ ചാർജിൽ (ഇകോ മോഡിൽ) 240 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കാവുമെന്നാണു സിംപിൾ എനർജിയുടെ അവകാശവാദം. മണിക്കൂറിൽ 100 കിലോമീറ്ററാണു സ്കൂട്ടറിന്റെ പരമാവധി വേഗം. നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.6 സെക്കൻഡിൽ സ്കൂട്ടർ മണിക്കൂറിൽ 50 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു.
ആകർഷകമായ രൂപകൽപ്പനയുടെ പിൻബലത്തോടെയെത്തുന്ന സ്കൂട്ടറിലെ ബാറ്ററി എളുപ്പത്തിൽ അഴിച്ചുമാറ്റാനാവും; മിഡ്ഡ്രൈവ് മോട്ടോർ സഹിതമെത്തുന്ന സിംപിൾ വണ്ണിൽ ടച് സ്ക്രീൻ, ഓൺ ബോർഡ് നാവിഗേഷൻ, ബ്ലൂടൂത്ത് സൗകര്യങ്ങളും ലഭ്യമാവും. സ്കൂട്ടറിലെ ബാറ്ററി ചാർജ് ചെയ്യാനുള്ള സിംപിൾ ലൂപ് എന്ന ചാർജർ കമ്പനി അടുത്തയിടെ അവതരിപ്പിച്ചിരുന്നു. വെറും 60 സെക്കൻഡിൽ 2.5 കിലോമീറ്റർ ഓടാനുള്ള ചാർജ് നേടാൻ സിംപിൾ ലൂപ് സഹായിക്കുമെന്നാണു കമ്പനിയുടെ വാദം. തമിഴ്നാട്ടിലെ ഹൊസൂരിൽ രണ്ടു ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള നിർമാണശാലയും സിംപിൾ എനർജിയുടെ പരിഗണനയിലുണ്ട്.